ലിവര്‍ ട്യൂമര്‍

1. എന്താണ് കുട്ടികളിലെ ലിവര്‍ കാന്‍സര്‍ ?

കുട്ടികളില്‍ കണ്ടുവരുന്ന കരളിനെ ബാധിക്കുന്ന ഒരു തരം കാന്‍സറാണിത്.  ഈ കാന്‍സര്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു. പ്രധാനമായും രണ്ടുതരം ലിവര്‍ കാന്‍സറുകളാണുള്ളത്. 

(1)ഹെപ്പാറ്റോബ്ലാസ്റ്റോമ (Hepatoblastoma)

ഇത് സാധാരണയായി അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് ബാധിക്കുന്നത്.

(2)ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ (Hepato Cellular Canceroma-HCC)

ഇത് വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒന്നാണ്. സാധാരണയായി മുതിര്‍ന്ന കുട്ടികളില്‍ കണ്ടുവരുന്നു. 

2. എന്താണ് കരള്‍? ശരീരത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളെന്തെല്ലാമാണ് ? 

ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ് കരള്‍. ഉദരത്തിന്റെ മുകള്‍ ഭാഗത്തായി ഇത് സ്ഥിതിചെയ്യുന്നു. ഇത് വാരിയെല്ലുകളാല്‍ (ribs) വലയം ചെയ്യപ്പെട്ട് പരുക്കേല്‍ക്കാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കരള്‍ പിത്തനാളി (bile duct) എന്നറിയപ്പെടുന്ന ഒരു ട്യൂബിനാല്‍ ഇത് ചെറുകുടലുമായി (duodenum) ബന്ധിപ്പിച്ചിരിക്കുന്നു. ഈ നാളി കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന പിത്തരസത്തെ കുടലിലേക്ക് കൈമാറുന്നു. കരളിന് സ്വയം തകരാര്‍ പരിഹരിക്കുന്നതിനുള്ള അത്ഭുതകരമായ കഴിവുണ്ട്. ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രം ജോലിചെയ്താല്‍പോലും സാധാരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഭംഗിയായി നടക്കും.

കരളിന് പല ജോലികളും നിര്‍വ്വഹിക്കാനുണ്ട്. 

(1)ഇത് പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുകയും രക്തത്തിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ചിലതരം പ്രോട്ടീനുകള്‍ രക്തം കട്ടിയാവുന്നതിനും അധിക രക്തസ്രാവത്തെ തടയുന്നതിനും സഹായിക്കുന്നു. മറ്റുള്ളവ ശരീരത്തിലെ ദ്രാവകനില (fluid balance) പരിപാലനത്തിന് വളരെ അത്യാവശ്യമാണ്. 

(2)കരള്‍ ശരീരത്തിന് ദോഷകരമാകുന്ന വസ്തുക്കളെ നശിപ്പിക്കുന്നു. ഇത് ശരീരത്തിന് ഉപയോഗമില്ലാത്ത അവശിഷ്ട ഉല്‍പ്പന്നങ്ങളെ നശിപ്പിക്കുകയും മലത്തിലൂടെയോ മൂത്രത്തിലൂടെയോ പുറന്തള്ളുകയും ചെയ്യുന്നു.

(3)കാര്‍ബോഹൈഡ്രേറ്റ്‌സും (sugars) കൊഴുപ്പും അടങ്ങിയ ഭക്ഷണത്തെ വിഘടിപ്പിച്ച്  ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ലഭ്യമാക്കുന്നത് കരളിന്റെ ധര്‍മ്മമാണ്. ഗ്ലൂക്കോസ്, വിറ്റാമിന്‍ തുടങ്ങിയവ കരള്‍ ശേഖരിച്ചുവയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

(4)കരള്‍ പിത്തരസവും (bile) ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് ഭക്ഷണത്തിലെ കൊഴുപ്പിനെ വിഘടിപ്പിച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. 

3. കരളിലുണ്ടാകുന്ന കാന്‍സറിന്റെ (liver tumor) കാരണങ്ങള്‍ എന്തെല്ലാമാണ് ? 

കുട്ടികളിലുണ്ടാകുന്ന ഹെപ്പാറ്റോബ്ലാസ്റ്റോമയുടെ കാരണം അജ്ഞാതമാണ്. കുട്ടിക്കാലത്ത് ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ എന്ന രോഗം ഹെപ്പാറ്റിറ്റിസ് ബി (Hepatitis B) ബാധിതരായ കുട്ടികളില്‍ ഉണ്ടാകാനുള്ള സാധ്യത ഇത് ബാധിച്ചിട്ടില്ലാത്ത കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 

4. ലിവര്‍ ട്യൂമറിന്റെ ലക്ഷണങ്ങളും അടയാളങ്ങളും എന്തൊക്കെയാണ് ?

ഉദരത്തിലുണ്ടാകുന്ന വേദനയോടുകൂടിയ ഒരു മുഴയോ വീക്കമോ സാധാരണയായി കണ്ടുവരുന്ന ലക്ഷണം. ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ഓക്കാനം വരിക, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. 

5. ലിവര്‍ ട്യൂമര്‍ എങ്ങനെയാണ് നിര്‍ണ്ണയിക്കപ്പെടുന്നത് ? 

ലിവര്‍ ട്യൂമര്‍ നിര്‍ണ്ണയിക്കുന്നതിന് പലതരം ടെസ്റ്റുകളും പരീക്ഷണങ്ങളും ആവശ്യമായി വരും. ലിവര്‍ കാന്‍സര്‍ അടക്കം ഉദരത്തിലുണ്ടാകുന്ന എല്ലാ ട്യൂമറുകള്‍ക്കും ഏറ്റവും എളുപ്പവും ഉപയോഗപ്രദവുമായുള്ള പരീക്ഷണമായി നിര്‍ദ്ദേശിക്കുവാനുള്ളത് ഉദരത്തിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ലിവര്‍ ക്യാന്‍സര്‍ രോഗനിര്‍ണ്ണയം ഉറപ്പാക്കുന്നതിന് ട്യൂമറിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് അതിലെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിനടിയില്‍ വച്ച് നിരീക്ഷിക്കുന്ന പ്രക്രിയയാണ് ബയോപ്‌സി. സാധാരണ അനസ്‌തേഷ്യ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു ചെറിയ ശസ്ത്രക്രിയ മാത്രമാണിത്. ലിവര്‍ കാന്‍സര്‍ ഒരിക്കല്‍ ഉറപ്പാക്കപ്പെട്ടാലോ അല്ലെങ്കില്‍ ഉറച്ച സംശയമുണ്ടെങ്കിലോ രോഗത്തിന്റെ യഥാര്‍ഥ സ്ഥാനം കണ്ടെത്തുന്നതിനും കരളിനുള്ളിലും കരളിന് പുറത്തും എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിനും കൂടുതല്‍ ടെസ്റ്റുകള്‍ ആവശ്യമായിവരും. രക്തപരിശോധനകള്‍, എക്‌സ്‌റെ, സി.ടി സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ എന്നിവ ഈ ടെസ്റ്റുകളില്‍പ്പെടും. ഈ ടെസ്റ്റുകള്‍ സ്റ്റേജിംഗ് ഇന്‍വെസ്റ്റിഗേഷന്‍സ് എന്നറിയപ്പെടുന്നു.

6. കാന്‍സറിന്റെ സ്റ്റേജ് (stage) എന്നാല്‍ എന്താണര്‍ഥമാക്കുന്നത് ? ലിവര്‍ ട്യൂമറിന്റെ കാര്യത്തില്‍ അതെങ്ങനെ നിര്‍ണ്ണയിക്കപ്പെടും ? 

കാന്‍സറിന്റെ സ്റ്റേജ് എന്നത് കാന്‍സറിന്റെ വലുപ്പം, യഥാര്‍ഥ സ്ഥാനത്തുനിന്ന് അത് എത്രത്തോളം പടര്‍ന്നിട്ടുണ്ട് എന്നെല്ലാം വിശദമാക്കുന്നതിനുള്ള ഒരു സംവിധാനമാണ്.  കാന്‍സറിന്റെ സ്റ്റേജ് അറിയുന്നത് ഡോക്ടര്‍ക്ക് ഏറ്റവും ഉചിതമായി ചികിത്സ തീരുമാനിക്കുവാന്‍  സഹായിക്കും. ഇങ്ങനെ നടത്തുന്ന ടെസ്റ്റുകളെ സ്റ്റേജിംഗ് ടെസ്റ്റുകള്‍  എന്നുപറയുന്നു. എക്‌സ്‌റെ, രക്തപരിശോധന, സി.ടി., എം.ആര്‍.ഐ. സ്‌കാനുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. 

കാന്‍സര്‍ ചികിത്സ ആരംഭിക്കുന്നതിനു മുമ്പുതന്നെ കാന്‍സര്‍ എത്രത്തോളം വളര്‍ന്നിട്ടുണ്ട് എന്ന് കണക്കാക്കുന്നതിനുള്ള സംവിധാനമാണ് ജഞഋഠഋതഠ (ചികിത്സയ്ക്ക് മുമ്പുള്ള രോഗാവസ്ഥ). രോഗനിര്‍ണ്ണയവേളയില്‍ ചികിത്സയ്ക്ക് മുമ്പുള്ള അവസ്ഥ അളക്കുന്നതിനായി ലിവറിന്റെ എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യുന്നു. കുട്ടികളില്‍ ഏറ്റവും മെച്ചപ്പെട്ട ചികിത്സ തീരുമാനിക്കുന്നതിനും ഇത് സഹായിക്കുന്നു. ഈ സംവിധാനം കരളിലെ കാന്‍സറിന് മാത്രമായുള്ള പ്രത്യേകതയാണ്. കൂടാതെ ലോകത്തുള്ള കാന്‍സര്‍ ചികിത്സിക്കുന്ന പ്രധാനപ്പെട്ട ഹോസ്പിറ്റലുകളില്‍ ഈ രീതി വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ഈ ഗ്രൂപ്പിംഗ് സംവിധാനത്തിലൂടെ ലിവറിനെ ട്യൂമര്‍ ബാധിച്ചിട്ടുള്ള പ്രദേശത്തിനുസരിച്ച് പ്രീടെക്‌സ്‌ററ് (PRETEXT) – 1, 2, 3, 4 എന്നിങ്ങനെ നാല് മേഖലകളായി (sectors) വിഭജിക്കുന്നു. ഇത് ട്യൂമര്‍ നീക്കം ചെയ്യാനായി ഏതുതരം ശസ്ത്രക്രിയ ആണ് ആവശ്യമായി വരുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നു. ഈ ഗ്രൂപ്പിംഗ് സംവിധാനം കരള്‍ മാറ്റ ശസ്ത്രക്രിയ ചികിത്സയുടെ ആരംഭത്തിലേ ആവശ്യമായി വരുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും ഡോക്ടറെ സഹായിക്കുന്നു. ചില സാഹചര്യങ്ങളില്‍ ട്യൂമര്‍ ലിവറില്‍നിന്ന് രക്തക്കുഴലുകളിലേക്ക് വ്യാപിക്കുന്നു. ചിലപ്പോള്‍ ഉദരത്തിനുള്ളില്‍ കരളിന് പുറത്ത് ആമാശയത്തിലേക്ക് ട്യൂമര്‍ വ്യാപിച്ചേക്കാം. ഈ അവസ്ഥയില്‍ ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാനാവില്ല. രക്തത്തിലൂടെ ട്യൂമര്‍ കരളിന് പുറത്തേക്കും വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഇത് സ്വാഭാവികമായി ശ്വാസകോശത്തിലേക്കും പോകുന്നു. രോഗനിര്‍ണ്ണയവേളയില്‍ അഞ്ചില്‍ ഒന്ന് കുട്ടികളിലും ട്യൂമര്‍ ശ്വാസകോശങ്ങളെ ബാധിച്ചിട്ടുള്ളതായി കണ്ടുവരുന്നു. എക്‌സ്‌റെയും സി.റ്റി. സ്‌കാനുമാണ് ട്യൂമര്‍ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ ഉപയോഗിച്ചുവരുന്നത്. 

7. ലിവര്‍ ട്യൂമറിന്റെ കാര്യത്തില്‍ എന്തെല്ലാം സ്‌പെഷ്യല്‍ ടെസ്റ്റുകളാണ് ആവശ്യമായി വരുന്നത് ?

ഭൂരിഭാഗം ഹെപ്പാറ്റോബ്ലാസ്റ്റോമയും ഹെപ്പാറ്റോസെല്ലുലാര്‍ കാര്‍സിനോമകളും (Hepatoblastoma and hepatocellular carcinomas) ഒരു പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുകയും രക്തത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നു. ഈ പ്രോട്ടീന്‍ ആല്‍ഫാ-ഫിറ്റോ പ്രോട്ടീന്‍ (AFP – Alfa-feto protein) എന്നറിയപ്പെടുന്നു. രക്തത്തിലെ ആല്‍ഫാ-ഫിറ്റോ പ്രോട്ടീനിന്റെ അളവ് നമുക്ക് അളക്കുവാന്‍ കഴിയും. ഇത് ലിവര്‍ ട്യൂമര്‍ രോഗനിര്‍ണ്ണയത്തില്‍ വളരെ ഉപകാരപ്രദമാണ്. ലിവര്‍ ട്യൂമര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നും ചികിത്സയ്ക്ക് ശേഷം കാന്‍സര്‍ തിരികെ വരുന്നുണ്ടോയെന്നും മനസ്സിലാക്കാനും ഇതിലൂടെ കഴിയും. അതുകൊണ്ട് എ.എഫ്.പി. യെ ഒരു ട്യൂമര്‍ മാര്‍ക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

8. ലിവര്‍ കാന്‍സറിനുള്ള ചികിത്സകള്‍ എന്തെല്ലാമാണ് ?

ഹെപ്പാറ്റോബ്ലാസ്റ്റോമയുടെയും (Hepatoblastoma) ഹെപ്പാറ്റോസെല്ലുലാര്‍ കാര്‍സിനോമയുടെയും (Hepatocellular carcinomas) ചികിത്സകള്‍ വ്യത്യസ്തമാണ്. 

ഹെപ്പാറ്റോബ്ലാസ്റ്റോമ (Hepatoblastoma)

കീമോതെറാപ്പി

എങ്ങനെയുള്ള ചികിത്സയാണ് വേണ്ടത്  എന്നത് പ്രീടെക്സ്റ്റ് (PRETEXT) സ്റ്റേജിംഗ് അനുസരിച്ചും കാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നതിനെയൊക്കെ അടിസ്ഥാനമാക്കിയുമാണ് തീരുമാനിക്കുന്നത്. 

കീമോതെറാപ്പി (anti-cancer drugs) ആണ് ആദ്യമായി നല്‍കുന്നത്. കരളില്‍ ട്യൂമര്‍ ചുരുക്കുകയും മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ള ട്യൂമര്‍ ഇല്ലായ്മ ചെയ്യുക എന്നതുമാണ് കീമോതെറാപ്പിയുടെ ലക്ഷ്യം. ബാക്കിവരുന്ന ട്യൂമറുകള്‍ നീക്കം ചെയ്യുന്നതിന് സര്‍ജറി ആവശ്യമായിവരും. ആഴ്ചകളോളമെടുക്കുന്ന കീമോതെറാപ്പിക്കുശേഷമാണ് ഇത് ചെയ്യുക. ചിലപ്പോള്‍ സര്‍ജറിക്ക് ശേഷവും കീമോതെറാപ്പി ചെയ്യേണ്ടിവരും. ചികിത്സയെക്കുറിച്ചും അതിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ ഡോക്ടര്‍ നിങ്ങള്‍ക്ക് നല്‍കും. 

ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ (Hepatocellular carcinoma)

ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമയ്ക്കുള്ള ചികിത്സ അല്‍പ്പം വ്യത്യസ്തമാണ്. ഇതില്‍ കീമോതെറാപ്പിയുടെ പങ്ക് കുറവാണ്. സര്‍ജറിയാണ് പ്രധാന ചികിത്സ. നിങ്ങളുടെ കുട്ടിയുടെ ഡോക്ടര്‍ ചികിത്സകളെക്കുറിച്ചും അതിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചും നിങ്ങള്‍ക്ക് വിവരിച്ചുനല്‍കും. 

ലിവര്‍ ട്യൂമറിനുള്ള ശസ്ത്രക്രിയാ നടപടികള്‍

സാധ്യമെങ്കില്‍ എല്ലാ കുട്ടികളിലും കീമോതെറാപ്പിയെത്തുടര്‍ന്ന് സര്‍ജറിയുണ്ടാകും. ശ്വാസകോശത്തില്‍ കാന്‍സറുണ്ടെങ്കില്‍, കീമോതെറാപ്പിക്ക് ശേഷവും കാന്‍സര്‍ മാറിയിട്ടില്ലെങ്കില്‍ സര്‍ജറി ചെയ്യേണ്ടിവരും. ലിവറിലെ നാല് ഭാഗങ്ങളിലും (PRETEXT-4) കാന്‍സര്‍ ബാധിതമാണെങ്കില്‍ സാധാരണയായി കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്നു. കരള്‍ മാറ്റിവയ്ക്കുമ്പോള്‍ മുഴുവന്‍ കരളും നീക്കം ചെയ്യുകയും മറ്റൊരു വ്യക്തിയില്‍നിന്നുള്ള കരള്‍ വയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിയുടെ ഡോക്ടര്‍ ചികിത്സകളെക്കുറിച്ചും അതിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചും നിങ്ങള്‍ക്ക് വിവരിച്ചുനല്‍കും. 

9. കാന്‍സര്‍ തിരിച്ചുവരികയാണെങ്കില്‍ എന്തെല്ലാം ചികിത്സകളാണുള്ളത് ?

ഹെപ്പാറ്റോബ്ലാസ്റ്റോമ ബാധിതരായ കുട്ടികളില്‍ 75% പേരും സുഖപ്പെടുന്നുണ്ട്. എന്നാല്‍ ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ ബാധിതരുടെ കാര്യത്തില്‍ ചികിത്സ അത്ര ഫലപ്രദമായി കാണുന്നില്ല. ആദ്യ ചികിത്സയ്ക്കുശേഷവും കാന്‍സര്‍ തിരിച്ചുവരുകയാണെങ്കില്‍ ഇതിനെ ൃലരൗൃൃലിരല എന്നുപറയുന്നു. കരളിലോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ ഇത് തിരിച്ചുവരാം. കാന്‍സര്‍ തിരിച്ചുവരുകയാണെങ്കില്‍ സാധാരണയായി (സ്‌കാനിങ്ങില്‍ എന്തെങ്കിലും കാണുന്നതിനു മുമ്പ്) ആല്‍ഫാ-ഫെറ്റോപ്രോട്ടീനിന്റെ (AFP) അളവ് വീണ്ടും കൂടുവാന്‍ തുടങ്ങും.  കാന്‍സര്‍ വിദഗ്ധനായ നിങ്ങളുടെ ഡോക്ടര്‍ ലഭ്യമായ ചികിത്സകളെക്കുറിച്ച് നിങ്ങളോട് വിശദീകരിക്കും.

10. ചികിത്സയ്ക്ക് ശേഷം എന്തെല്ലാം തുടര്‍നടപടികളാണ് (follow up) ആവശ്യമായി വരുന്നത് ?

ചികിത്സ പൂര്‍ണ്ണമായാലും രക്തത്തിലെ AFP ലെവല്‍ മനസ്സിലാക്കുന്നതിന് നിങ്ങളുടെ കുട്ടിക്ക് തുടര്‍ന്നും ബ്ലഡ് ടെസ്റ്റുകളും (ഉചിതമാണെങ്കില്‍) സ്‌കാനിങ്ങുകളും നെഞ്ചിന്റെ എക്‌സ്‌റെയും ആവശ്യമായി വരും. ഹെപ്പാറ്റോബ്ലാസ്റ്റോമ ബാധിതരായ കുട്ടികളില്‍ 75% പേരും സുഖപ്പെടുന്നുണ്ട്. എന്നാല്‍ ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ ബാധിതരുടെ കാര്യത്തില്‍ ചികിത്സ അത്ര ഫലപ്രദമായി കാണുന്നില്ല. നിങ്ങളുടെ കുട്ടിയുടെ ഡോക്ടര്‍ നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

11. ലിവര്‍ കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ ചികിത്സയുടെ അനന്തരഫലങ്ങള്‍ എന്തെല്ലാമാണ് ?

ലിവര്‍ കാന്‍സറിന്റെ രോഗശമനസാധ്യത വളരെ ഉയര്‍ന്നതാണ്. എന്നിരുന്നാലും ചില കുട്ടികളില്‍ ചികിത്സയ്ക്ക് ശേഷം ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ കാണപ്പെടാം.  എവിടെയാണ് ട്യൂമര്‍ ബാധിച്ചത്, എത്രത്തോളം വ്യാപിച്ചിരുന്നു, ഏതുതരം ചികിത്സയാണ് കുട്ടിക്ക് ലഭിച്ചത് എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കുമിത്.  നിങ്ങളുടെ കുട്ടിയുടെ ചികിത്സ പൂര്‍ണ്ണമായാലും തുടര്‍ന്നും ആശുപത്രിയില്‍ ഇതിന്റെ ഫോളോഅപ്പ് ചെയ്തിരിക്കണം. ഇടയ്ക്കിടെയുള്ള സ്‌കാനിംഗ്, എക്‌സ്‌റെ, രക്തപരിശോധന എന്നിവ ചികിത്സയ്ക്ക് ശേഷവും വര്‍ഷങ്ങളോളം തുടരേണ്ടി വരും.

നിങ്ങളുടെ നിർദ്ദേശങ്ങൾ

    കൂടുതൽ വിവരങ്ങൾക്ക്

    ഡോ.സൈനുൽ ആബിദിനെ ബന്ധപ്പെടുകPhone: +97156 826 7564Mail: childhoodcancerkerala@gmail.com

    Copyright © 2020 : Made with & by Webcoffee Online Solutions