1. എന്താണ് വില്‍മ്‌സ് ട്യൂമര്‍ ? (Wilm’s Tumour)
കുട്ടികളില്‍ കണ്ടുവരുന്ന ഒരുതരം കിഡ്‌നി കാന്‍സറാണിത്. ഉദരത്തിനുള്ളിലുള്ള ഒരു ജോഡി അവയവങ്ങളാണ് കിഡ്‌നികള്‍. ഇവ ശരീരത്തില്‍ അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളെ നീക്കംചെയ്യുന്നു. ഇവ പിന്നീട് മൂത്രമായി മാറ്റപ്പെടുന്നു. ഈ രോഗം കൂടുതലായും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. ഈ കാന്‍സര്‍ ആദ്യമായി കണ്ടുപിടിച്ചത് ഡോ. മാക്‌സ് വില്‍മ്‌സ് ആണ്.
2. എന്തൊക്കെയാണ് വില്‍മ്‌സ് ട്യൂമറിന് കാരണമാകുന്നത് ?
ഭൂരിഭാഗം കുട്ടികളിലെയും വില്‍മ്‌സ് ട്യൂമറിനുള്ള കാരണം അജ്ഞാതമാണ്. വളരെ അപൂര്‍വ്വമായി, വില്‍മ്‌സ് ട്യൂമര്‍ ജനന സമയത്തെ പ്രത്യേക സാഹചര്യത്തില്‍ രൂപപ്പെടുകയും അത് ജന്മനാ ചില അപൂര്‍വ്വ വൈകല്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. നേത്രപടലത്തിലെ തകരാറ് (അനിറിഡിയ), ജനനേന്ദ്രിയത്തിലെ അസാധാരണതകള്‍, ശരീരത്തിൻ്റെ ഒരു വശം മറുവശത്തെ അപേക്ഷിച്ച് അല്പം വലുപ്പം കൂടുതലായി കാണുക (ഹെമിഹൈപ്പര്‍ട്രോഫി) എന്നിവ ഈ വൈകല്യങ്ങളില്‍പ്പെടുന്നു. വില്‍മ്‌സ് രോഗബാധിതരായ നൂറുപേരില്‍ ഒരാളുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും വില്‍മ്‌സ് ട്യൂമര്‍ ബാധിതനായി കണ്ടുവരുന്നു.
3. വില്‍മ്‌സ് ട്യൂമറിൻ്റെ അടയാളങ്ങളും ലക്ഷണങ്ങളും എന്തെല്ലാമാണ് ?
കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളാല്‍ ഉണ്ടാകുന്ന അടയാളങ്ങള്‍ പോലെതന്നെയാണ് വില്‍മ്‌സ് ട്യൂമറിൻ്റെ ഭൂരിഭാഗം അടയാളങ്ങളും ലക്ഷണങ്ങളും. കുട്ടികളില്‍ വില്‍മ്‌സ് ട്യൂമര്‍ ബാധിക്കുന്നത് വളരെ അപൂര്‍വ്വമാണ്. അതുകൊണ്ട് നിങ്ങളുടെ കുട്ടികളില്‍ ഇങ്ങനെയുള്ള ലക്ഷണങ്ങളും അടയാളങ്ങളും കണ്ടാല്‍ വില്‍മസ് ട്യൂമര്‍ ആണെന്ന് ആലോചിച്ച് അധികം വിഷമിക്കേണ്ട കാര്യമില്ല. ഇതെല്ലാം കുട്ടികളില്‍ കാണപ്പെടുന്ന സാധാരണ പ്രശ്‌നങ്ങളാകാം. എന്നിരുന്നാലും, നിങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ ഒരു ശിശുരോഗവിദഗ്ധനെ (പീഡിയാട്രീഷ്യന്‍) കാണുന്നത് നല്ലതാണ്. വീര്‍ത്ത വയറാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ലക്ഷണം. പൊതുവെ ഇത് വേദനയില്ലാത്തതായിരിക്കും. ചിലപ്പോള്‍ ഉദരത്തില്‍ ഒരു മുഴയുള്ളതായി മാതാപിതാക്കള്‍ക്ക് തോന്നിയേക്കാം. അപൂര്‍വ്വമായി ഇത് അടിവയറ്റില്‍ വേദന അനുഭവപ്പെടുന്നതിന് കാരണമാകുന്നതായും കണ്ടുവരുന്നു. ചിലപ്പോള്‍ നിങ്ങളുടെ കുട്ടിയുടെ മൂത്രത്തിലൂടെ രക്തം വരുന്നതായോ അവരുടെ ബ്ലഡ് പ്രഷര്‍ ഉയരുന്നതായോ കണ്ടേക്കാം. നിങ്ങളുടെ കുട്ടിക്ക് വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയും അനുഭവപ്പെടാം.
4. വില്‍മ്‌സ് ട്യൂമര്‍ എങ്ങനെ നിര്‍ണ്ണയിക്കപ്പെടും ?
വില്‍മ്‌സ് ട്യൂമര്‍ നിര്‍ണ്ണയിക്കപ്പെടാന്‍ പലതരം ടെസ്റ്റുകള്‍ ആവശ്യമായിവരും. അടിവയറ്റിലുള്ള അള്‍ട്രാ സൗണ്ട് സ്‌കാന്‍ ആണ് വില്‍മ്‌സ് ട്യൂമര്‍ അടക്കമുള്ള അടിവയറ്റിലെ എല്ലാ ട്യൂമറുകളും കണ്ടെത്തുന്നതിന് നിര്‍ദ്ദേശിക്കാവുന്ന ഏറ്റവും എളുപ്പവും ഉപയോഗപ്രദവുമായ മാര്‍ഗ്ഗം. എന്തെങ്കിലും സംശയങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ നെഞ്ചിൻ്റെ സി. ടി.(CT) സ്കാനും അടിവയറിൻ്റെ എം. ർ. ഐ.(MRI) സ്കാൻ അല്ലെങ്കിൽ സി. ടി.(CT) സ്കാൻ ചെയ്യേണ്ടതായി വരും. ഈ സ്‌കാനുകള്‍ ട്യൂമര്‍ എവിടെയാണെന്നും വൃക്കയ്ക്ക് പുറത്ത് ഇത് പടര്‍ന്നിട്ടുണ്ടോയെന്നും കൃത്യമായി കണ്ടെത്താന്‍ ഡോക്ടറെ സഹായിക്കും. ഈ ടെസ്റ്റുകള്‍ സ്റ്റേജിംഗ് ഇന്‍വെസ്റ്റിഗേഷന്‍സ് എന്നറിയപ്പെടുന്നു. വില്‍മ്‌സ് ട്യൂമര്‍ രോഗനിര്‍ണ്ണയം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും പ്രധാന ടെസ്റ്റ് ബയോപ്‌സി ചെയ്യുക എന്നതാണ്. ട്യൂമറിൻ്റെ ഒരു സാംപിള്‍ എടുത്തതിന് ശേഷം അതിലെ കോശങ്ങള്‍ (സെല്‍സ്) ഒരു മൈക്രോസ്‌കോപ്പിലൂടെ നോക്കി രോഗനിര്‍ണ്ണയം നടത്തുന്ന പ്രക്രിയയാണ് ബയോപ്‌സി. ഇത് സാധാരണ അനസ്‌തേഷ്യ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു ചെറിയ ശസ്ത്രക്രിയ മാത്രമാണിത്.
നിങ്ങളുടെ കുട്ടിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനവും ആരോഗ്യവും വിലയിരുത്തുന്നതിന് മൂത്രവും രക്തസാമ്പിളും പരിശോധിക്കേണ്ടിയും വരും.
5. കാന്‍സറിന്റെ ഘട്ടം (Stage) എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? വില്‍മ്‌സ് ട്യൂമറിൻ്റെ കാര്യത്തില്‍ നിങ്ങളിതെങ്ങനെ നിര്‍ണ്ണയിക്കും?
കാന്‍സറിൻ്റെ ഘട്ടം (സ്റ്റേജ്) എന്നത് കാന്‍സറിൻ്റെ വലിപ്പവും യഥാര്‍ഥ സ്ഥലത്തുനിന്ന് അതെത്രത്തോളം ശരീരത്തിൻ്റെ മറ്റു ഭാഗത്തേക്ക് പടര്‍ന്നിട്ടുണ്ട് എന്നതുമെല്ലാം വ്യക്തമാക്കുന്നു. കാന്‍സറിൻ്റെ ഘട്ടം മനസ്സിലാക്കാന്‍ സാധിക്കുന്നത് ഏറ്റവും അനുയോജ്യമായ ചികിത്സ തീരുമാനിക്കുന്നതിന് ഡോക്ടറെ സഹായിക്കുന്നു. ഇങ്ങനെ നടപ്പാക്കുന്ന ടെസ്റ്റുകളെ സ്റ്റേജിംഗ് ടെസ്റ്റുകള്‍ എന്നുപറയുന്നു. എക്‌സ്‌റെ, ബ്ലഡ് ടെസ്റ്റ്, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ എന്നിവ ഈ ടെസ്റ്റുകളിലുള്‍പ്പെടുന്നു. വില്‍മ്‌സ് ട്യൂമറിന്റെ കാര്യത്തില്‍ സര്‍ജറി ചെയ്ത് ട്യൂമര്‍ നീക്കം ചെയ്തതിന് ശേഷമാണ് സ്റ്റേജിന്റെ കാര്യം അന്തിമമായി തീരുമാനിക്കുന്നത്.
6. വില്‍മ്‌സ് ട്യൂമറിനുള്ള ചികിത്സകള്‍ എന്തെല്ലാമാണ് ?
ചികിത്സയില്‍ കീമോ തെറാപ്പി, റേഡിയോ തെറാപ്പി, സര്‍ജറി എന്നിവ ഉള്‍പ്പെടാം. മൈക്രോസ്‌കോപ്പിലൂടെ കോശങ്ങള്‍ എങ്ങനെയാണ് കാണുന്നത്, ട്യൂമറിന്റെ സ്റ്റേജ് എന്താണ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്.
സര്‍ജറി
വില്‍മ്‌സ് ട്യൂമര്‍ ബാധിതരായ കുട്ടികള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരും. ആദ്യം ഇത് രോഗനിര്‍ണ്ണയം ഉറപ്പാക്കുന്നതിനായി ട്യൂമറില്‍നിന്നും അല്‍പ്പം കോശങ്ങള്‍ എടുക്കുന്നതിനുള്ള ശസ്ത്രക്രിയ മാത്രമായിരിക്കും. ഇതിനെ ബയോപ്‌സി എന്നുപറയുന്നു. പലപ്പോഴും തൊലിയിലൂടെ ഒരു സൂചി ഇറക്കിയുള്ള ഒരു സാധാരണ അനസ്‌തേഷ്യയുടെ സഹായത്തോടെ ചെയ്യുന്നതാണിത്. ചില സാഹചര്യത്തില്‍ ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്യും. ചിലപ്പോള്‍ ട്യൂമറിനൊപ്പം കിഡ്‌നി മുഴുവനായും നീക്കം ചെയ്യേണ്ടതായും വരും. ഭൂരിഭാഗം കുട്ടികള്‍ക്കും അവശേഷിക്കുന്ന ഒരു കിഡ്‌നിയുടെ സഹായത്തോടെ സാധാരണ ജീവിതം നയിക്കാനും സാധിക്കുന്നു. ചിലപ്പോള്‍ ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള വലിയ ശസ്ത്രക്രിയയ്ക്ക് ശേഷവും രോഗികള്‍ക്ക് കീമോതെറാപ്പി നല്‍കേണ്ടിവരും.
കീമോതെറാപ്പി
കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കാന്‍സര്‍ വിരുദ്ധ മരുന്നുകള്‍ (സൈറ്റോടോക്‌സിക്) ഉപയോഗിക്കുന്നതിനെയാണ് കീമോ തെറാപ്പി എന്നുപറയുന്നത്. ഇത് സാധാരണയായി ഞരമ്പുകളിലേക്ക് കുത്തിവയ്ക്കുകയോ, ഡ്രിപ്പായിട്ടോ ആണ് നല്‍കുന്നത്.ട്യൂമറിൻ്റെ ഘട്ടത്തിനനുസരിച്ച് (സൈറ്റോടോക്‌സിക്) കീമോതെറാപ്പി നല്‍കുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പായി നല്‍കുന്ന കീമോതെറാപ്പിയെ നിയോഅഡ്ജുവൻറ് (Neoadjuvant) അല്ലെങ്കില്‍ പ്രീ-ഓപ്പറേറ്റീവ് കീമോതെറാപ്പി എന്നുപറയുന്നു. ഇത് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്നതിനും ട്യൂമറിൻ്റെ വലുപ്പം കുറയ്ക്കുന്നതിനും വേണ്ടിയുള്ളതാണ്.
ട്യൂമറിൻ്റെ തരവും ഘട്ടവും അനുസരിച്ച് അധികമായി കീമോതെറാപ്പി (നിയോഅഡ്ജുവൻറ് ) നല്‍കേണ്ടതായിവരും. ഇത് കാന്‍സര്‍ വീണ്ടും വരുന്നതിനുള്ള സാധ്യത കുറയ്ക്കുവാന്‍ സഹായിക്കുന്നു.
റേഡിയോതെറാപ്പി
ഉയര്‍ന്ന ഊര്‍ജ്ജത്തിലുള്ള രശ്മികള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സയാണ് റേഡിയോതെറാപ്പി. ഇതു ചെയ്യുമ്പോള്‍ രോഗം ബാധിക്കാത്ത സെല്ലുകള്‍ക്കും ചെറിയ ദോഷങ്ങളുണ്ടാകാം. വില്‍മ്‌സ് ട്യൂമര്‍ ബാധിതരായ എല്ലാ കുട്ടികള്‍ക്കും റേഡിയോതെറാപ്പി ആവശ്യമായി വരുന്നില്ല. ട്യൂമര്‍ രോഗനിര്‍ണ്ണയം നടത്തുന്ന സമയത്തുള്ള അവസ്ഥയ്ക്കനുസരിച്ചായിരിക്കും ഇത് ചെയ്യുന്നത്. നെഞ്ചിലോ മറ്റെവിടെയെങ്കിലുമോ ട്യൂമര്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ റേഡിയോതെറാപ്പി ഉപയോഗിക്കേണ്ടതായി വരും.
7. രണ്ട് കിഡ്‌നികളെയും വില്‍മ്‌സ് ട്യൂമര്‍ ബാധിച്ചാല്‍ എന്തെല്ലാം ചികിത്സകളാണ് ലഭ്യമായിട്ടുള്ളത്?
ഏകദേശം ഇരുപത് കേസുകളില്‍ ഒന്ന് എന്ന കണക്കിന് വില്‍മ്‌സ് ട്യൂമര്‍ രണ്ട് കിഡ്‌നികളെയും ബാധിക്കുന്നതായി കണ്ടുവരുന്നു. സാധാരണയായി രണ്ട് കിഡ്‌നികള്‍ക്കും ശസ്ത്രക്രിയ ആവശ്യമായി വരുന്നു. ആരോഗ്യമുള്ള കിഡ്‌നിയെ പരമാവധി ഒഴിവാക്കി ആവുന്നത്ര കാന്‍സര്‍ ഭാഗങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഒപ്പം കീമോതെറാപ്പിയും നല്‍കുന്നു. ചില സാഹചര്യങ്ങളില്‍ റേഡിയോതെറാപ്പിയും ആവശ്യമായിവരുന്നു.
8. കിഡ്‌നി ട്യൂമര്‍ ബാധിതരായ കുട്ടികളില്‍ രോഗം മാറിയതിന് ശേഷം പ്രത്യക്ഷപ്പെടുന്നതായി കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ്?
വില്‍മ്‌സ് ട്യൂമറിൻ്റെ രോഗചികിത്സാ ഫലം വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ച കുട്ടികള്‍ ചികിത്സയ്ക്ക് ശേഷം വളരെ കൂടുതല്‍ കാലം ജീവിക്കുന്നു. ചില കുട്ടികളില്‍ ചികിത്സയ്ക്ക് ശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നു. എല്ലുകളുടെ വളര്‍ച്ചാ മുരടിപ്പ്, ഹൃദയത്തിൻ്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റം, ഭാവി ജീവിതത്തില്‍ മറ്റൊരു കാന്‍സര്‍ ബാധിക്കപ്പെടാനുള്ള ഉയര്‍ന്ന സാധ്യത എന്നിവ ഇതിലുള്‍പ്പെടുന്നു. സംഭവിക്കാവുന്ന ഒരു പാര്‍ശ്വഫലം വന്ധ്യതയാണ്, എങ്കിലും ഇത് വിരളമാണ്. ഏത് തരം ചികിത്സയാണ് കുട്ടിക്ക് ലഭിച്ചത് എന്നതിനെ ആശ്രയിച്ചായിരിക്കും ഇത് സംഭവിക്കുന്നത്. നിങ്ങളുടെ കുട്ടിയുടെ ചികിത്സ പൂര്‍ണ്ണമായാലും തുടര്‍ന്നും ഡോക്ടറെ കണ്ട് ഫോളോ അപ്പ് ചെയ്തുകൊണ്ടിരിക്കണം. ചികിത്സ പൂര്‍ണ്ണമായതിന് ശേഷവും ഇടയ്ക്കിടെയുള്ള എക്‌സ്‌റേ, രക്തപരിശോധനകള്‍ എന്നിവ തുടര്‍ന്നും ആവശ്യമായിവരും.
9. ചികിത്സയ്ക്ക് ശേഷവും വില്‍മ്‌സ് ട്യൂമര്‍ തിരിച്ചുവന്നാല്‍ എന്തെല്ലാം ചികിത്സകളാണ് ലഭ്യമായിട്ടുള്ളത്?
വില്‍മ്‌സ് ട്യൂമറിൻ്റെ ചികിത്സാഫലം വളരെ നല്ലതാണ്. ആയതിനാല്‍ ചികിത്സയ്ക്ക് ശേഷം ഇത് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും കാന്‍സര്‍ വീണ്ടും തിരിച്ചുവരികയാണെങ്കില്‍ വ്യത്യസ്തമായ കീമോതെറാപ്പിയിലൂടെ വീണ്ടും ചികിത്സ നല്‍കാന്‍ കഴിയും.