- നോൺ-ഹോഡ്ജ്ക്കിൻസ്-ലിംഫോമ(Non Hodgkin’s lymphoma)
നമ്മുടെ ശരീരത്തിലുള്ള ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ഒരു തരം കാന്‍സറാണ് നോണ്‍-ഹോഡ്ജ്ക്കിൻസ്–ലിംഫോമ. പെണ്‍കുട്ടികളിലേക്കാള്‍ ആണ്‍കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
നോൺ-ഹോഡ്ജ്ക്കിൻസ്-ലിംഫോമ (NHL) പ്രധാനമായും രണ്ടുതരമുണ്ട്.
(1) ബി-സെല്‍ എന്‍.എച്ച്.എല്‍. (B-cell NHL)
അടിവയറിലും കുടല്‍മാലയിലുമുള്ള ലിംഫ് നോഡുകളെയാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. ചിലപ്പോള്‍ തലയിലും കഴുത്തിലുമുള്ള ലിംഫ് നോഡുകളെയും ഇത് ബാധിച്ചേക്കാം.
(2) ടി-സെല്‍ എന്‍.എച്ച്.എല്‍. (T-cell NHL)
നെഞ്ചിലുള്ള ലിംഫ് നോഡുകളെയാണ് സാധാരണ ബാധിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ലിംഫ് നോഡുകള്‍ക്കു പുറത്തുള്ള ശരീരഭാഗങ്ങളിലും ഇത് ബാധിക്കാം. ഇത് എക്‌സ്ട്രാ നോഡല്‍ ലിംഫോമ എന്നുപറയുന്നു.
2.എന്താണ് ലിംഫാറ്റിക് സിസ്റ്റം?
ഇത് ശരീരത്തിൻ്റെ രോഗപ്രതിരോധവ്യൂഹത്തിൻ്റെ ഒരു ഭാഗമാണ്. മനുഷ്യശരീരത്തെ അണുബാധയില്‍നിന്നും കാന്‍സര്‍ മുതലായ രോഗത്തില്‍നിന്നും രക്ഷിക്കുന്ന ശരീരത്തിൻ്റെ ഒരു സ്വാഭാവിക പ്രതിരോധ സംവിധാനമാണ് ഈ രോഗപ്രതിരോധവ്യൂഹം.
മജ്ജ, തൈമസ്, പ്ലീഹ, ലിംഫ് നോഡുകള്‍ എന്നിവ ലിംഫാറ്റിക് സിസ്റ്റത്തിന്റെ (രോഗപ്രതിരോധവ്യൂഹം) ഭാഗമാണ്. ലിംഫ് ദ്രാവകം ഉള്‍ക്കൊള്ളുന്ന ലിംഫാറ്റിക് വെസ്സല്‍സ് എന്നറിയപ്പെടുന്ന തീരെ ചെറിയ ഒരു പൈപ്പ് സിസ്റ്റത്തിന്റെ ശൃംഖല നിംഫ് നോഡുകളെ ബന്ധിപ്പിക്കുന്നു. കഴുത്ത്, തോളെല്ലിന് മുകള്‍ഭാഗം, കക്ഷം, നെഞ്ചിനകം തുടങ്ങിയ ഭാഗങ്ങളിലുള്ള ലിംഫാറ്റിക് സിസ്റ്റങ്ങളില്‍ ലിംഫോമകള്‍ പ്രത്യക്ഷപ്പെടാം.
3. നോണ്‍ ഹോഡ്ജ്ക്കിൻസ് ലിംഫോമയുടെ (NHL) കാരണങ്ങള്‍ എന്തൊക്കെയാണ്?
നോണ്‍ ഹോഡ്ജ്ക്കിൻസ്ലിംഫോമയ്ക്ക് എന്താണ് കാരണമാകുന്നതെന്ന് നമുക്കറിയില്ല. എങ്കിലും ഇതിൻ്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ എപ്പോഴും നടന്നുവരുന്നുണ്ട്.
4. നോണ്‍ ഹോഡ്ജ്ക്കിൻസ് ലിംഫോമയുടെ (NHL) ൻ്റെ അടയാളങ്ങളും ലക്ഷണങ്ങളും എന്തെല്ലാമാണ് ?
ആദ്യലക്ഷണമായി സാധാരണ കണ്ടുവരുന്നത് വീര്‍ത്ത ലിംഫ് നോഡുകള്‍ മൂലമുള്ള മുഴ (വീക്കം) ആണ്. ഇത് ബാധിച്ച ശരീരഭാഗത്തിനനുസരിച്ച് വ്യത്യസ്ത ലക്ഷണങ്ങള്‍ക്ക് കാരണമാകാം. ഇത് കഴുത്തിലുണ്ടെങ്കില്‍ മുഴ (വീക്കം) വന്നിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. നെഞ്ചിനുള്ളിലാണെങ്കില്‍ കുട്ടികള്‍ക്ക് ചുമയും ശ്വാസതടസവും ഉണ്ടാകാം. അടിവയറ്റിലുള്ള ഗ്രന്ഥികളെയാണ് ബാധിച്ചിട്ടുള്ളതെങ്കില്‍ ഭക്ഷണശേഷം വയര്‍ നിറഞ്ഞിരിക്കുന്നതായോ, വയര്‍ വേദനിക്കുന്നതായോ തോന്നുകയും മലബന്ധമുണ്ടാവുകയോ ചെയ്യാം.
പനി, ക്ഷീണം, ഭാരക്കുറവ്, വിശപ്പില്ലായ്മ എന്നിവയാണ് എന്‍.എച്ച്.എല്ലിൻ്റെ മറ്റു ലക്ഷണങ്ങള്‍.
5. എൻ്റെ കുട്ടിയുടെ ലിംഫ് ഗ്രന്ഥിക്ക് വീക്കം വന്നുകണ്ടാല്‍ കാന്‍സറാണെന്നോര്‍ത്ത് വിഷമിക്കേണ്ട കാര്യമുണ്ടോ ?
എല്ലാ ലിംഫ് ഗ്രന്ഥി വീക്കങ്ങളും കാന്‍സാറാണെന്ന് ചിന്തിച്ച് വിഷമിക്കേണ്ട കാര്യമില്ല. പലപ്പോഴും അണുബാധയ്‌ക്കെതിരായ പ്രതികരണത്തിൻ്റെ ഭാഗമായാണ് ഈ ഗ്രന്ഥികള്‍ വീര്‍ക്കുന്നത്. അതിനാല്‍ എല്ലാ ലിംഫ് ഗ്രന്ഥിവീക്കത്തെയും കാന്‍സര്‍ എന്ന് പരിഗണിക്കാനാവില്ല.
6. നോൺ-ഹോഡ്ജ്ക്കിൻസ്-ലിംഫോമ എങ്ങനെയാണ് നിര്‍ണ്ണയിക്കപ്പെടുന്നത്?
എന്‍.എച്ച്.എല്‍ (NHL) നിര്‍ണ്ണയിക്കാനുള്ള ഏറ്റവും പ്രധാനമായ ടെസ്റ്റ് വീര്‍ത്ത ലിംഫ് നോഡുകളുടെ ബയോപ്‌സിയാണ്. വീര്‍ത്ത ലിംഫ് നോഡുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നീക്കം ചെയ്ത് അതിലെ കോശങ്ങള്‍ ഒരു മൈക്രോസ്‌കോപ്പിനടിയില്‍ വച്ച് പരിശോധിക്കുന്ന പ്രക്രിയയാണ് ബയോപ്‌സി. ഒരു സാധാരണ അനസ്‌തേഷ്യയിലൂടെയോ ലോക്കല്‍ അനസ്‌തേഷ്യയിലൂടെയോ ചെയ്യാവുന്ന ഒരു ചെറിയ ശസ്ത്രക്രിയ മാത്രമാണ് ഇത്.
7. ലിംഫ് ഗ്രന്ഥിയില്‍ കാണപ്പെടുന്ന ഏതെങ്കിലും വീക്കങ്ങള്‍ക്ക് ലിംഫ് നോഡ് ബയോപ്‌സി ചെയ്യേണ്ടതുണ്ടോ?
ഇല്ല. വീക്കം വളരെ വേഗത്തില്‍ വലുതാവുകയോ ആന്റിബയോട്ടിക്കുകളാല്‍ ഭേദമാവാതെ വരികയോ ചെയ്താല്‍ മാത്രമേ ലിംഫ് നോഡ് ബയോപ്‌സി ആവശ്യമായി വരുന്നുള്ളൂ. എന്നാല്‍ മറ്റുചില വസ്തുതകള്‍കൂടി പരിഗണിക്കേണ്ടതുണ്ട് എന്നതിനാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ ഒരു പീഡിയാട്രിക് ഡോക്ടറെ കാണുന്നത് നല്ലതാണ്.
8. ബയോപ്‌സിയിലൂടെ നോണ്‍ ഹോഡ്ജ്ക്കിൻസ് ലിംഫോമ നിര്‍ണ്ണയിക്കപ്പെട്ടാല്‍ തുടര്‍ന്ന് ചെയ്യേണ്ട ടെസ്റ്റുകള്‍ എന്തൊക്കെയാണ്?
ലിംഫോമയുടെ യഥാര്‍ഥ വലിപ്പവും ഇത് യഥാര്‍ഥ സ്ഥലത്തുനിന്ന് ശരീരത്തിൻ്റെ മറുഭാഗത്ത് വ്യാപിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനുമുള്ള ടെസ്റ്റുകളാണ് പിന്നീട് നടത്തേണ്ടത്. ഇങ്ങനെ നടത്തുന്ന ടെസ്റ്റുകളെ സ്റ്റേജിംഗ് ടെസ്റ്റുകള്‍ എന്നറിയപ്പെടുന്നു. ഈ ടെസ്റ്റുകളില്‍ എക്‌സ്‌റേ, രക്തപരിശോധന, സി.റ്റി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ എന്നിവ ഉള്‍പ്പെടുന്നു. സ്റ്റേജിംഗ് വളരെ പ്രധാനമാണ്. കാരണം കുട്ടികളില്‍ എത്രത്തോളം ചികിത്സ ആവശ്യമായി വരും എന്നറിയാന്‍ ഇത് സഹായിക്കും. എത്ര റൗണ്ട് കീമോതെറാപ്പി നിങ്ങളുടെ കുട്ടിക്ക് വേണം എന്ന് തീരുമാനിക്കുന്നത് സ്റ്റേജിനനുസരിച്ചാണ്.
9. നോണ്‍ ഹോഡ്ജ്ക്കിൻസ് ലിംഫോമയുടെ (NHL) ചികിത്സകള്‍ എന്തൊക്കെയാണ്?
NHL ചികിത്സയില്‍ വിജയസാധ്യത വളരെ കൂടുതലാണ്. നിലവില്‍ ലഭ്യമായ ചികിത്സാരീതികള്‍ കൊണ്ടുതന്നെ ഭൂരിപക്ഷം കുട്ടികളുടെയും രോഗം പരിപൂര്‍ണ്ണമായി ഭേദമാക്കാവുന്നതാണ്. എന്‍.എച്ച്.എല്‍. ബാധിതരായ കുട്ടികള്‍ക്ക് കീമോതെറാപ്പിതന്നെയാണ് ഏറ്റവും പ്രധാന ചികിത്സ. ചികിത്സ മാസങ്ങളോളം നീണ്ടുപോകാം. നിങ്ങളുടെ കുട്ടിക്ക് ഏതുതരം നോണ്‍ ഹോഡ്ജ്ക്കിൻസ് ലിംഫോമയാണ് ബാധിച്ചിട്ടുള്ളത്, രോഗത്തിൻ്റെ അവസ്ഥയെന്താണ് എന്നൊക്കെ മനസ്സിലാക്കിയാണ് ചികിത്സ തീരുമാനിക്കുന്നത്. നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍ ഇതിനെക്കുറിച്ചെല്ലാം വളരെ വ്യക്തമായി വിശദീകരിക്കും.
എന്‍.എച്ച്.എല്‍. ചിലപ്പോള്‍ തലച്ചോറിനെയും നട്ടെല്ലിനെയും വരെ ബാധിച്ചേക്കാം. ഇതിനെ പ്രതിരോധിക്കാനായി നട്ടെല്ലിനുള്ളിലേ ഫ്‌ളൂയിഡിലേക്ക് കീമോതെറാപ്പി നേരിട്ട് കുത്തിവയ്‌ക്കേണ്ടതായും വരാം. ഇതിനെ ഇന്‍ട്രാത്തിക്കല്‍ കീമോതെറാപ്പി എന്നുപറയുന്നു.
വളരെ അപൂര്‍വ്വമായി റേഡിയോ തെറാപ്പിയും ആവശ്യമായിവരുന്നു. ഉയര്‍ന്ന ഊര്‍ജ്ജത്തിലുള്ള രശ്മികള്‍ ഉപയോഗിച്ച് കാന്‍സര്‍ സെല്ലുകള്‍ നശിപ്പിച്ചുകളയുന്ന ചികിത്സാരീതിയാണ് റേഡിയോതെറാപ്പി.
10. നോണ്‍ ഹോഡ്ജ്ക്കിൻസ് ലിംഫോമ (NHL) ചികിത്സയെത്തുടര്‍ന്ന് കുട്ടികളില്‍ എന്ത് അനന്തരഫലങ്ങളാണ് കണ്ടുവരുന്നത്?
നോണ്‍ ഹോഡ്ജ്ക്കിൻസ്ലിംഫോമ ചികിത്സയുടെ വിജയസാധ്യത വളരെ ഉയര്‍ന്നതാണ്. ചില കുട്ടികളില്‍ ചികിത്സയ്ക്ക് ശേഷം പാര്‍ശ്വഫലങ്ങള്‍ (Side Effects) ഉണ്ടാകാം. യഥാര്‍ഥ ട്യൂമര്‍ എവിടെയായിരുന്നു, എത്രത്തോളം ഇത് പരന്നിട്ടുണ്ടായിരുന്നു, ഏത് തരം ചികിത്സകളാണ് കുട്ടിക്ക് ലഭ്യമായത് എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കുമിത്. അതുകൊണ്ട് ചികിത്സ പൂര്‍ത്തിയായതിന് ശേഷവും ഇടയ്ക്കിടെയുള്ള സ്‌കാനിംഗ്, എക്‌സ്‌റെകള്‍, രക്തപരിശോധനകള്‍ എന്നിവ വര്‍ഷങ്ങളോളം ചെയ്യേണ്ടതായിട്ടുണ്ട്.
11. ചികിത്സ പൂര്‍ത്തിയായതിന് ശേഷം നോണ്‍-ഹോഡ്ജ്ക്കിൻസ്-ലിംഫോമ തിരിച്ചുവരികയാണെങ്കില്‍ എന്തെല്ലാം ചികിത്സകളാണ് ലഭ്യമായിട്ടുള്ളത്?
നോണ്‍-ഹോഡ്ജ്ക്കിൻസ്-ലിംഫോമ ചികിത്സയുടെ വിജയസാധ്യത വളരെ ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ ചികിത്സയ്ക്ക് ശേഷം അത് തിരിച്ചുവരുന്നത് വളരെ വിരളമാണ്. കാന്‍സര്‍ തിരിച്ചുവന്നാലും വ്യത്യസ്തമായ ഒരു കീമോതെറാപ്പിയിലൂടെ ചികിത്സ നല്‍കാന്‍ കഴിയും.