ഹോഡ്ജ്കിന്‍സ് ലിംഫോമ

 1. എന്താണ് ഹോഡ്ജ്കിന്‍ ലിംഫോമ (എച്ച്.എല്‍) ?

കുട്ടികളില്‍ ലിംഫാറ്റിക് സിസ്റ്റത്തില്‍ കണ്ടുവരുന്ന ഒരു തരം കാന്‍സറാണ്. ഏത് പ്രായത്തിലുമുള്ള കുട്ടികളെയും ഇത് ബാധിച്ചേക്കാം. എന്നാല്‍ പ്രായപൂര്‍ത്തിയായ കൗമാരക്കാരിലും യുവാക്കളിലും കൂടുതല്‍ സാധാരണമാണ്. 

2. വ്യത്യസ്ത തരം ഹോഡ്ജ്കിന്‍ ലിംഫോമകള്‍ ഏതൊക്കെയാണ്? 

ഹോഡ്ജ്കിന്‍ ലിംഫോമ പ്രധാനമായി രണ്ട് തരത്തില്‍ ഉണ്ട്. 

(1)ക്ലാസിക്കല്‍ ഹോഡ്ജ്കിന്‍ ലിംഫോമ

 95% ഹോഡ്ജ്കിന്‍ ലിംഫോമ രോഗികളിലും കാണുന്നു.

(2)ലിംഫോസൈറ്റ് പ്രെഡോമിനൻറ് ഹോഡ്ജ്കിന്‍ ലിംഫോമ (LPHL)

 5% ഹോഡ്ജ്കിന്‍ ലിംഫോമ രോഗികളിലും കാണുന്നു.

 3. എന്താണ് ലിംഫാറ്റിക് സിസ്റ്റം?

ഇത് ശരീരത്തിൻ്റെ രോഗപ്രതിരോധവ്യൂഹത്തിൻ്റെ ഭാഗമാണ്. മനുഷ്യശരീരത്തെ അണുബാധയില്‍നിന്നും കാന്‍സര്‍ മുതലായ രോഗങ്ങളില്‍നിന്നും രക്ഷിക്കുന്ന  ശരീരത്തിൻ്റെ ഒരു സ്വാഭാവിക പ്രതിരോധ സംവിധാനമാണ് ഈ രോഗപ്രതിരോധവ്യൂഹം. 

മജ്ജ, തൈമസ്, പ്ലീഹ, ലിംഫ് നോഡുകള്‍ എന്നിവ ലിംഫാറ്റിക് സിസ്റ്റത്തിൻ്റെ (രോഗപ്രതിരോധവ്യൂഹം) ഭാഗമാണ്. ലിംഫ് ദ്രാവകം ഉള്‍ക്കൊള്ളുന്ന ലിംഫാറ്റിക് വെസ്സല്‍സ് എന്നറിയപ്പെടുന്ന തീരെ ചെറിയ ഒരു പൈപ്പ് സിസ്റ്റത്തിൻ്റെ ശൃംഖല നിംഫ് നോഡുകളെ ബന്ധിപ്പിക്കുന്നു. കഴുത്ത്, തോളെല്ലിന് മുകള്‍ഭാഗം, കക്ഷം, നെഞ്ചിനകം തുടങ്ങിയ ഭാഗങ്ങളിലുള്ള ലിംഫാറ്റിക് സിസ്റ്റങ്ങളില്‍ ലിംഫോമകള്‍ പ്രത്യക്ഷപ്പെടാം. 

 4. ക്ലാസിക്കല്‍ ഹോഡ്ജ്കിന്‍ ലിംഫോമയ്ക്കു കാരണമാകുന്നതെന്താണ്?

ഹോഡ്കിന്‍ ലിംഫോമയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. ഇത് മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്നതോ മറ്റൊരു വ്യക്തിയില്‍നിന്ന് പകരുന്നതോ അല്ല. ലിംഫാറ്റിക് ഗ്രന്ഥികളെ ബാധിക്കുന്ന വൈറസ് മൂലമുള്ള അണുബാധ ഹോഡ്കിന്‍ ലിംഫോമക്ക് കാരണമായേക്കാം.  കുട്ടികളിലെ കുറഞ്ഞ പ്രതിരോധശേഷിയും കാരണമായേക്കാം. പക്ഷേ, ഒന്നിനും കൃത്യമായ തെളിവില്ല.

5.  ഹോഡ്ജ്കിന്‍ ലിംഫോമയുടെ അടയാളങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ്?

ഹോഡ്ജ്കിന്‍ ലിംഫോമയുടെ ആദ്യത്തെ അടയാളം സാധാരണയായി ഒരു ലിംഫ് ഗ്രന്ഥിയിലോ അല്ലെങ്കില്‍ ഒരു കൂട്ടം ലിംഫ് ഗ്രന്ഥികളിലോ ഉണ്ടാകുന്ന  വേദനയില്ലാത്ത ഒരുതരം വീക്കമാണ്. 

കഴുത്തിലോ തോളെല്ലിന് മുകളിലുള്ള ലിംഫ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്നു. എന്നിരുന്നാലും, ഓര്‍ക്കേണ്ട ഒരു പ്രധാനകാര്യം തൊണ്ടവേദനയ്‌ക്കോ ജലദോഷത്തിനോ കാരണമാകുന്ന അണുബാധമൂലം കുട്ടികളുടെ ലിംഫ്ഗ്രന്ഥി മുഴച്ചുവരുകയും ചെയ്യാം. അതുകൊണ്ട് കഴുത്തിലുണ്ടാകുന്ന ലിംഫ് ഗ്രന്ഥി കളുടെ മുഴകള്‍ എല്ലാം തന്നെ കാന്‍സര്‍ ആണെന്ന് സംശയിച്ച് അസ്വസ്ഥരാവരുത്. 

നെഞ്ചിലെ ഗ്രന്ഥികളില്‍ ബാധിച്ചാല്‍ ഇത് ചുമയ്‌ക്കോ ശ്വാസതടസത്തിനോ കാരണമാകാം. ചിലപ്പോള്‍, ഹോഡ്ജ്കിന്‍ ലിംഫോമയുള്ള ഒരു കുട്ടിക്ക് ഉയര്‍ന്ന താപനില (പനി), രാത്രിയിലെ വിയര്‍പ്പ്, ശരീരഭാരം കുറയല്‍, അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലോ ഉണ്ടാകാം.

6. എൻ്റെ കുട്ടിയുടെ ലിംഫ് ഗ്രന്ഥിക്ക് വീക്കം വന്നുകണ്ടാല്‍ കാന്‍സറാണെന്നോര്‍ത്ത് വിഷമിക്കേണ്ട കാര്യമുണ്ടോ ?

എല്ലാ ലിംഫ് ഗ്രന്ഥി വീക്കങ്ങളും കാന്‍സാറാണെന്ന് ചിന്തിച്ച് വിഷമിക്കേണ്ട കാര്യമില്ല. പലപ്പോഴും അണുബാധയ്‌ക്കെതിരായ പ്രതികരണത്തിൻ്റെ ഭാഗമായാണ് ഈ ഗ്രന്ഥികള്‍ വീര്‍ക്കുന്നത്. അതിനാല്‍ എല്ലാ ലിംഫ് ഗ്രന്ഥിവീക്കത്തെയും കാന്‍സര്‍ എന്ന് പരിഗണിക്കാനാവില്ല.

7. ഹോഡ്ജ്കിന്‍ ലിംഫോമ എങ്ങനെ കണ്ടെത്തും?

ഹോഡ്ജ്കിന്‍ ലിംഫോമ നിര്‍ണ്ണയിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പരിശോധന ചീര്‍ത്ത ലിംഫ്ഗ്രന്ഥി യുടെ ബയോപ്‌സിയാണ്. ലിംഫ് ഗ്രന്ഥി ഭാഗികമായോ പൂര്‍ണ്ണമായോ നീക്കുകയും അതിൻ്റെ കോശങ്ങള്‍ ഒരു മൈക്രോസ്‌കോപ്പിനടിയില്‍ വച്ച് പരിശോധിക്കുന്ന പ്രക്രിയയാണ് ബയോപ്‌സി. സാധാരണ അനസ്‌തേഷ്യയിലൂടെ നിര്‍വ്വഹിക്കാവുന്ന ഒരു ചെറിയ ശസ്ത്രക്രിയ മാത്രമാണ് ബയോപ്‌സി. 

8. ലിംഫ് ഗ്രന്ഥിയില്‍ കാണപ്പെടുന്ന ഏതെങ്കിലും വീക്കങ്ങള്‍ക്ക് ലിംഫ് നോഡ് ബയോപ്‌സി ചെയ്യേണ്ടതുണ്ടോ?

ഇല്ല. വീക്കം വളരെ വേഗത്തില്‍ വലുതാവുകയോ ആൻറിബയോട്ടിക്കുകളാല്‍ ഭേദമാവാതെ വരികയോ ചെയ്താല്‍ മാത്രമേ ലിംഫ് നോഡ് ബയോപ്‌സി ആവശ്യമായി വരുന്നുള്ളൂ. എന്നാല്‍ മറ്റുചില വസ്തുതകള്‍കൂടി പരിഗണിക്കേണ്ടതുണ്ട് എന്നതിനാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ ഒരു പീഡിയാട്രിക് ഡോക്ടറെ കാണുന്നത് നല്ലതാണ്. 

9. ബയോപ്‌സിക്ക് ശേഷം ഹോഡ്ജ്കിന്‍ ലിംഫോമ നിര്‍ണ്ണയിക്കപ്പെട്ടാല്‍ എന്തെല്ലാം ടെസ്റ്റുകളാണ് നടത്തേണ്ടത്? 

ലിംഫോമയുടെ കൃത്യമായ വലിപ്പവും സ്ഥാനവും കണ്ടെത്താനും ശരീരത്തിൻ്റെ മറ്റു ഭാഗത്തേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നറിയാനും കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്ന ടെസ്റ്റുകളെ സ്റ്റേജിംഗ് ടെസ്റ്റുകള്‍ എന്നുപറയുന്നു. എക്‌സ്‌റെ, ബ്ലഡ് ടെസ്റ്റുകള്‍, സി.ടി (CT) സ്‌കാന്‍, എം.ആര്‍.ഐ. (MRI) സ്‌കാന്‍, പി.ഇ.റ്റി. (PET) സ്‌കാന്‍ എന്നിവ ഇതിലുള്‍പ്പെടും. 

സ്റ്റേജിംഗ് വളരെ പ്രധാനമാണ്. കാരണം, ഇത് കുട്ടിക്ക് എത്രമാത്രം ചികിത്സവേണമെന്നതിനെക്കുറിച്ചുള്ള വിവരം നല്‍കുന്നു. എത്ര റൗണ്ട് കീമോതെറാപ്പി വേണ്ടിവരും എന്നതിനെക്കുറിച്ചും ഈ ഘട്ടത്തില്‍ അറിയാന്‍ കഴിയും.

10. ഹോഡ്ജ്കിന്‍ ലിംഫോമയുടെ കാര്യത്തില്‍ മറ്റെന്തെല്ലാം ലക്ഷണങ്ങളാണ് പ്രധാനമായിട്ടുള്ളത്? 

നിങ്ങളുടെ കുഞ്ഞിന് പനി, രാത്രിയില്‍ വിയര്‍ക്കുക, ഭാരം കുറയുക എന്നിവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.

11. ഹോഡ്ജ്കിന്‍ ലിംഫോമയുള്ള കുട്ടികള്‍ എങ്ങനെയാണ് ചികിത്സിക്കപ്പെടുന്നത്?

ഹോഡ്ജ്കിന്‍ ലിംഫോമയുള്ള കുട്ടികള്‍ക്ക് സാധാരണയായി കീമോതെറാപ്പി ചികിത്സയാണ് നല്‍കുന്നത്. പക്ഷേ ചിലപ്പോള്‍ റേഡിയോതെറാപ്പി ചികിത്സയും ആവശ്യമായിവരുന്നു. രോഗം നിര്‍ണ്ണയിക്കപ്പെടുമ്പോഴുള്ള രോഗാവസ്ഥയനുസരിച്ചാണ് ഏത് രീതിയിലുള്ള ചികിത്സവേണം, എത്രത്തോളം ചികിത്സവേണം എന്നൊക്കെ തീരുമാനിക്കുന്നത്. 

12. ഹോഡ്ജ്കിന്‍ ലിംഫോമ ബാധിതരായ കുട്ടികള്‍ക്ക് എത്രകാലം കീമോതെറാപ്പി സ്വീകരിക്കേണ്ടിവരും? 

കീമോതെറാപ്പി ഒരു പ്രധാന ചികിത്സയാണ്. എല്ലാ കുട്ടികള്‍ക്കും കീമോതെറാപ്പി നല്‍കുന്നു. രോഗത്തിൻ്റെ അവസ്ഥയനുസരിച്ചാണ് നിങ്ങളുടെ കുട്ടികള്‍ക്ക് എത്രമാസം/റൗണ്ട് കീമോതെറാപ്പി വേണ്ടിവരും എന്ന് കണക്കാക്കുന്നത്. കുറഞ്ഞ രോഗാവസ്ഥയുള്ള കുട്ടികള്‍ക്ക് കുറഞ്ഞ റൗണ്ട് കീമോതെറാപ്പി മതിയാകും. അതുപോലെ കൂടിയ അവസ്ഥയുള്ളവര്‍ക്ക് കൂടുതല്‍ റൗണ്ട് കീമോതെറാപ്പിയും നല്‍കേണ്ടിവരും.

13. റേഡിയോ തെറാപ്പി ആവശ്യമായിവരുന്നത് ഏത് ഹോഡ്ജ്കിന്‍ ലിംഫോമ ബാധിതരായ കുട്ടികള്‍ക്കാണ്?

പകുതിയില്‍ താഴെ കുട്ടികള്‍ മാത്രമാണ് റേഡിയോ തെറാപ്പി ഉപയോഗിക്കുന്നത്. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമാണിത് ശുപാര്‍ശ ചെയ്യുന്നത്. സാധാരണയായി രണ്ട് റൗണ്ട് കീമോതെറാപ്പി നല്‍കുകയും പിന്നീട് പി.ഇ.റ്റി. (PET)  സ്‌കാന്‍ എടുക്കുകയും ചെയ്യുന്നു. പി.ഇ.റ്റി. സ്‌കാനിങ്ങില്‍ കുഴപ്പം കാണുന്നില്ലെങ്കില്‍ റേഡിയോ തെറാപ്പി ആവശ്യമായി വരുന്നില്ല. എന്നാല്‍ പി.ഇ.റ്റി. (PET) സ്‌കാനിങ്ങില്‍ കാന്‍സര്‍ സാന്നിധ്യം നിലനില്‍ക്കുന്നതായി കാണുന്നുവെങ്കില്‍ റേഡിയോതെറാപ്പി നല്‍കും. 

14. കുട്ടികളില്‍ ഹോഡ്ജ്കിന്‍ ലിംഫോമ ചികിത്സക്ക് ശേഷം എന്തെല്ലാം പരിണതഫലങ്ങളാണ് കാണപ്പെടുന്നത്?

ഹോഡ്ജ്കിന്‍ ലിംഫോമയുടെ ചികിത്സാഫലം വളരെ ഉയര്‍ന്നതാണ്. ചില കുട്ടികളില്‍ ചികിത്സയ്ക്കുശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം.  യഥാര്‍ഥ ട്യൂമര്‍ എവിടെയാണ്, എത്രത്തോളം പടര്‍ന്നിട്ടുണ്ട്, ഏതുതരം ചികിത്സയാണ് സ്വീകരിച്ചത് എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കുമിത്. നിങ്ങളുടെ കുട്ടിയുടെ ചികിത്സ പൂര്‍ണ്ണമായാലും പാര്‍ശ്വഫലങ്ങള്‍ കണ്ടുപിടിക്കാന്‍ തുടര്‍ന്നും കൃത്യമായി പരിശോധനകള്‍ തുടരേണ്ടതുണ്ട്.

15. ചികിത്സ പൂര്‍ത്തിയായതിന് ശേഷവും ഹോഡ്ജ്കിന്‍ ലിംഫോമ വീണ്ടും ബാധിക്കുകയാണെങ്കില്‍ എന്തെല്ലാം ചികിത്സകളാണ് ലഭ്യമായിട്ടുള്ളത്?

ഹോഡ്ജ്കിന്‍ ലിംഫോമയുടെ ചികിത്സാഫലം വളരെ ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ ചികിത്സയ്ക്ക് ശേഷം അത് തിരിച്ചുവരുന്നത് വളരെ വിരളമാണ്. കാന്‍സര്‍ തിരിച്ചുവന്നാല്‍ കീമോതെറാപ്പിയിലൂടെ വീണ്ടും ചികിത്സ നല്‍കാം.

16. എന്താണ് ലിംഫോസൈറ്റ്  പ്രെഡോമിനൻറ് ഹോഡ്ജ്കിന്‍ ലിംഫോമ? (Lymphocyte Predominant Hodgkin Lymphoma). (LPHL)

5% ഹോഡ്ജ്കിന്‍ ലിംഫോമ രോഗികളെ മാത്രം ബാധിക്കുന്ന അപൂര്‍വ തരം ഹോഡ്ജ്കിന്‍ ലിംഫോമ ആണിത്. എല്‍.പി.എച്ച്.എല്‍. സാധാരണയായി ക്ലാസിക്കല്‍ ഹോഡ്ജ്കിന്‍ ലിംഫോമയെ അപേക്ഷിച്ച് പതുക്കെ വളരുന്നതും വളരെ കുറഞ്ഞ അളവിലുള്ള ചികിത്സ മാത്രം ആവശ്യമായിവരുന്നതുമാണ്. എല്‍.പി.എച്ച്.എല്‍. ബാധിതരായ ചെറുപ്പക്കാര്‍ക്ക് കഴുത്തിലോ കീഴ്‌വറയിലോ മാത്രം ഒറ്റ മുഴയോ ഒരു കൂട്ടം മുഴകളോ കാണപ്പെടാം.

17. ലിംഫോസൈറ്റ്  പ്രെഡോമിനൻറ്ഹോഡ്ജ്കിന്‍ ലിംഫോമ  എങ്ങനെ നിര്‍ണ്ണയിക്കാം?

ക്ലാസിക്കല്‍ ഹോഡ്ജ്കിന്‍ ലിംഫോമ പോലെതന്നെ ബയോപ്‌സിയും സ്റ്റേജിംഗ് ടെസ്റ്റുകളും നടത്തേണ്ടതുണ്ട്.

18. ലിംഫോസൈറ്റ്  പ്രെഡോമിനൻറ് ഹോഡ്ജ്കിന്‍ ലിംഫോമയ്ക്കുളള ചികിത്സകള്‍ എന്തെല്ലാമാണ്?

രോഗത്തിൻ്റെ അവസ്ഥയനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. സര്‍ജറിയോ കുറഞ്ഞ അളവിലുള്ള കീമോതെറാപ്പിയോ നടത്തിയാണ് ലിംഫോസിറ്റ് പ്രെഡോമിനൻറ് ഹോഡ്ജ്കിന്‍ ലിംഫോമ ചികിത്സിക്കുന്നത്.  വര്‍ഷങ്ങള്‍ക്കുശേഷം രോഗം വീണ്ടും തിരിച്ചുവരാം. അപ്പോള്‍ വീണ്ടും ചികിത്സ ആവശ്യമായി വരും. വളരെ അപൂര്‍വ്വമായി രോഗികളില്‍ ലിംഫോസിറ്റ് പ്രെഡോമിനൻറ് ഹോഡ്ജ്കിന്‍ ലിംഫോമ മൂര്‍ച്ഛിക്കുകയും കൂടുതല്‍ തീവ്രമായ കീമോതെറാപ്പി ആവശ്യമായി വരുകയും ചെയ്യാറുണ്ട്.

നിങ്ങളുടെ നിർദ്ദേശങ്ങൾ

    കൂടുതൽ വിവരങ്ങൾക്ക്

    ഡോ.സൈനുൽ ആബിദിനെ ബന്ധപ്പെടുകPhone: +97156 826 7564Mail: childhoodcancerkerala@gmail.com

    Copyright © 2020 : Made with & by Webcoffee Online Solutions