കുട്ടികളില്‍ രക്താര്‍ബുദം (Blood Cancer) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സര്‍ ബ്രെയിന്‍ ട്യൂമറാണ്. ഇംഗ്ലണ്ടില്‍ 16 വയസ്സില്‍ താഴെയുള്ള 2500 കുട്ടികളില്‍ ഒരു കുട്ടിക്ക് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാവുന്നു. അതായത് കുട്ടികളില്‍ വളരെ വിരളമായി കാണപ്പെടുന്ന കാന്‍സറാണ് ബ്രെയിന്‍ ട്യൂമര്‍.
ബ്രെയിന്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടുന്നതെങ്ങനെ?
തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളുടെ ധര്‍മ്മം വ്യത്യസ്തമാണ്. തലച്ചോറിന്‍റെ ഏതു ഭാഗത്താണ് കാന്‍സര്‍ അതായത് ബ്രെയിന്‍ ട്യൂമര്‍ രൂപപ്പെടുന്നത് എന്നതനുസരിച്ച് പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. തലച്ചോറില്‍ കാന്‍സര്‍ ഉണ്ടാകുമ്പോള്‍ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്. ഇവ മറ്റുപല അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും കാണപ്പെടാം. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് ബ്രെയിന്‍ ട്യൂമര്‍ ആണ് എന്നു കരുതി അസ്വസ്ഥമാകേണ്ട കാര്യമില്ല.
- സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റം ഉണ്ടാവുക.
- Convulsion (അപസ്‌മാരം)
- വിട്ടുമാറാത്ത തലവേദന
- ഒരു ഭാഗം മാത്രം തളരുക (പക്ഷപാതം)
- കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാവുക.
- ഛര്‍ദ്ദിക്കുക. പ്രത്യേകിച്ചും രാവിലെകളില്‍.
- ഇടറി ഇടറി നടക്കുക.
- രണ്ടായി കാണുക
- പെട്ടെന്ന് കോങ്കണ്ണ് ഉണ്ടാവുക
ബ്രെയിന്‍ ട്യൂമര്‍ കണ്ടുപിടിക്കുന്നതെങ്ങനെ ?
തലച്ചോറിന്‍റെ സി.ടി. സ്കാന്‍ ചെയ്യുന്നതിലൂടെ ഒരു പരിധിവരെ എല്ലാ ബ്രെയിന്‍ ട്യൂമറും കണ്ടുപിടിക്കാന്‍ സാധിക്കും. സി.ടി. സ്കാന്‍ വേദനയില്ലാതെ ചെയ്യാന്‍ സാധിക്കുന്ന ഒരു ടെസ്റ്റാണ്. എന്നാല്‍ ബ്രെയിന്‍ ട്യൂമര്‍ കൂടുതല്‍ കൃത്യമായി മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ടെസ്റ്റാണ് എം.ആര്‍.ഐ. സ്കാന്‍. ഇതും വേദനയില്ലാത്തതാണ്. കുട്ടികളെ മയക്കിയാണ് സാധാരണ എം.ആര്‍.ഐ. സ്കാന്‍ ചെയ്തുവരുന്നത്. ബ്രെയിന്‍ ട്യൂമറിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തു വരുന്നു.
ബയോപ്‌സി (Biopsy)
കാന്‍സറിന്‍റെ ചെറിയ ഭാഗം മുറിച്ചെടുത്ത് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് കാന്‍സര്‍ രോഗനിര്‍ണ്ണയം നടത്തുന്നതിനെയാണ് ബയോപ്‌സി എന്നു പറയുന്നത്. ചില സാഹചര്യങ്ങളില്‍ ബ്രെയിന്‍ ട്യൂമര്‍ മുഴുവനായി ഓപ്പറേഷനിലൂടെ മുറിച്ചെടുത്ത് അതിന്‍റെ ചെറിയ ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്നു.
ബ്രെയിന്‍ ട്യൂമര്‍ ചികിത്സിക്കുതെങ്ങനെ?
പ്രധാനമായും മൂന്നു രീതിയിലാണ് ബ്രെയിന്‍ ട്യൂമര്‍ ചികിത്സിക്കുന്നത്.
1) ഓപ്പറേഷന്‍ (Surgery)
2) റേഡിയോ തെറാപ്പി (Radiotherapy)
3) കീമോ തെറാപ്പി
ചില ബ്രെയിന്‍ ട്യൂമര്‍ ചികിത്സിക്കാന്‍ മൂന്നു രൂപത്തിലുമുള്ള ചികിത്സാരീതികളും ആവശ്യമായി വരും. ഓരോ ചികിത്സാരീതിയും എത്രമാത്രം വേണമെന്ന് മൂന്നു വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാറാണ് പതിവ്. നിങ്ങള്‍ വിശ്വസിക്കുന്ന ഡോക്ടറോട് ചോദിച്ച് ചികിത്സാ രീതികളെക്കുറിച്ച് വിശദമായി മനസ്സിലാക്കുക.
1) ഓപ്പറേഷന്‍ (Surgery) ന്യൂറോ സര്‍ജറി (Neuro Surgery)
ബ്രെയിന്‍ ട്യൂമര്‍ ചികിത്സിക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ് ന്യൂറോ സര്‍ജറി (Neuro Surgery). ചിലപ്പോള്‍ ആദ്യമായി ചികിത്സ തുടങ്ങേണ്ടതും ന്യൂറോ സര്‍ജന്‍ ആയിരിക്കും.
ബ്രെയിന്‍ ട്യൂമര്‍ ചികിത്സയില്‍ ന്യൂറോ സര്‍ജന് എന്തെല്ലാം ചെയ്യാന്‍ സാധിക്കും?
ന്യൂറോ സര്‍ജന്‍ ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷനിലൂടെ മുറിച്ചു മാറ്റുന്നു. എല്ലാ ബ്രെയിന്‍ ട്യൂമറും പൂര്‍ണ്ണമായി മുറിച്ചു മാറ്റാന്‍ കഴിയില്ല എങ്കിലും ചിലത് മാറ്റാന്‍ കഴിയും. തലച്ചോറിന്‍റെ ചില ഭാഗത്ത് ഓപ്പറേഷനിലൂടെ ബ്രെയിന്‍ ട്യൂമര്‍ മുറിച്ചു മാറ്റാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. എത്രകണ്ട് മുറിച്ചു മാറ്റാന്‍ കഴിയും എന്നത് ചികിത്സാഫലത്തെ സ്വാധീനിക്കും. ഈ സാഹചര്യത്തില്‍ കഴിയുന്നത്ര, മുറിച്ചു മാറ്റുന്നു. ഇത് മൈക്രോസ്കോപ്പിലൂടെ നോക്കി ബ്രെയിന്‍ ട്യൂമര്‍ ഏതു തരത്തിലുള്ളതാണെന്ന് മനസ്സിലാക്കുന്നു. മൈക്രോസ്കോപ്പിലൂടെ കാന്‍സറിന്‍റെ ഭാഗം പരിശോധിച്ച് കാന്‍സറിനെ തരം തിരിക്കുന്ന ഡോക്ടറെ പാത്തോളജിസ്റ്റ് (Pathologist) എന്നു പറയുന്നു. ഏതുതരത്തിലുള്ള ചികിത്സ എങ്ങനെ വേണമെന്നൊക്കെ തീരുമാനിക്കാന്‍ പാത്തോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ട് ആവശ്യമാണ്.
ഷണ്ട് ഓപ്പറേഷന്‍ (Shunt Operation)
ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകുമ്പോള്‍ തലച്ചോറിനു ചുറ്റുമുള്ള ദ്രാവകരൂപത്തിലുള്ള CSF-ന്‍റെ സാധാരണഗതിയിലുള്ള ഒഴുക്കിനെ ബാധിക്കുന്നു. ഇത് തലയോടിനകത്ത് സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. സി.ടി. സ്കാനിങ്ങിലൂടെയോ എം.ആര്‍.ഐ. സ്കാനിങ്ങിലൂടെയോ ഇത് മനസ്സിലാക്കാന്‍ സാധിക്കും. പെട്ടെന്നു ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. CSF-ന്‍റെ ഒഴുക്കിനെ പുനരുജ്ജീവിപ്പിച്ച് തലയോട്ടിക്കകത്തുള്ള സമ്മര്‍ദ്ദം (Pressure) സാധാരണഗതിയിലാക്കുന്ന ഈ ഓപ്പറേഷനെയാണ് Shunt Operation എന്നു പറയുന്നത്. ന്യൂറോ സര്‍ജനാണിത് ചെയ്യുന്നത്.
2) റേഡിയോ തെറാപ്പി (Radio Therapy)
എക്സ്റെ പോലുള്ള രശ്മികള്‍ ശരീരത്തില്‍ കടത്തിവിട്ട് കാന്‍സറിനെ നശിപ്പിക്കുന്ന രീതിയെയാണ് റേഡിയോ തെറാപ്പി എന്നു പറയുന്നത്. ബ്രെയിന്‍ ട്യൂമര്‍ ചികിത്സയ്ക്ക് വിവിധ ഉദ്ദേശത്തോടെയുള്ള റേഡിയോ തെറാപ്പി ചികിത്സകള്‍ ഉപയോഗിക്കുന്നു.
- ഓപ്പറേഷനിലൂടെ ബ്രെയിന്‍ ട്യൂമര്‍ ഭാഗികമായോ പൂര്‍ണ്ണമായോ മുറിച്ചുമാറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ റേഡിയോ തെറാപ്പി ബ്രെയിന്‍ ട്യൂമറിന്‍റെ പ്രധാന ചികിത്സാരീതിയാണ്. ചിലപ്പോള്‍ റേഡിയോ തെറാപ്പിയുടെ ഫലം മെച്ചപ്പെടുത്താന്‍ കീമോ തെറാപ്പി കൂടി ഉപയോഗിക്കുന്നു.
- സര്‍ജറിയിലൂടെ പൂര്‍ണമായി ബ്രെയിന്‍ ട്യൂമര്‍ മുറിച്ചു മാറ്റിയെങ്കിലും ബ്രെയിന്‍ ട്യൂമര്‍ വീണ്ടും തിരിച്ചുവരാതിരിക്കാന്‍ റേഡിയോ തെറാപ്പി ഉപയോഗിക്കാറുണ്ട്.
റേഡിയോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍
റേഡിയോ തെറാപ്പി നല്‍കുമ്പോള്‍ വേദന ഉണ്ടാകില്ല. പക്ഷേ ചെറിയ കുട്ടികളെ നിശ്ചലമായി നിര്‍ത്താന്‍ മയക്കിയതിനു ശേഷമാണ് റേഡിയോ തെറാപ്പി നല്‍കുന്നത്. റേഡിയോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ രണ്ട് രീതിയിലാണ്. റേഡിയോ തെറാപ്പി നല്‍കുന്ന സമയത്തും, അടുത്ത ദിവസങ്ങളിലും കാണുന്നവ (Immediate side effect). രണ്ടാമതായി റേഡിയോ തെറാപ്പി നല്‍കിയതിനു ശേഷം കൂടുതല്‍ മാസങ്ങള്‍ കഴിഞ്ഞതിന് ശേഷം പ്രത്യക്ഷപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍ (Late effects of Radiotherapy).
പെട്ടെന്നുണ്ടാകുന്ന പാർശ്യഫലങ്ങൾ (IMMEDIATE SIDE EFFECTS)
- Somnolence (അമിതമായ ഉറക്കം)
ഇത് പ്രധാനപ്പെട്ട പാര്‍ശ്വഫലമാണ്. ചിലപ്പോള്‍ ഇതിന്‍റെ ആധിക്യം കൂടി, പകല്‍ സമയത്തുപോലും കൂടുതലായി ഉറങ്ങുന്നതായി കാണുന്നു. ഇതിനെ somnolence എന്നുപറയുന്നു. ഇത് സാധാരണായി കാണുന്നത് റേഡിയോ തെറാപ്പി ചികിത്സയ്ക്കു ശേഷം നാലു മുതല്‍ എട്ടുവരെ ആഴ്ചകള്‍ കഴിഞ്ഞതിനു ശേഷമാണ്. ഇത്തരം പാര്‍ശ്വഫലം താല്‍ക്കാലികമാണ്. ഈ സമയത്ത്, കളികളിലൂടെയും മറ്റും നല്ല സന്തോഷങ്ങള്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ ചെയ്ത് കുട്ടികള്‍ക്ക് നല്ല പിന്തുണ നല്‍കണം.
- തലവേദന
റേഡിയോ തെറാപ്പി സമയത്ത് തലവേദന സാധാരണയാണ്, ഇത് താല്‍ക്കാലികമാണ്. കുട്ടികള്‍ക്ക് വേദനയുണ്ടാകാന്‍ അനുവദിക്കരുത്. ഇതു മനസ്സിലാക്കി വേദനാസംഹാരികള്‍ നല്‍കണം.
- മുടികൊഴിച്ചിലും തൊലിപ്പുറത്ത് ഉണ്ടാകുന്ന കളര്‍മാറ്റവും അസ്വസ്ഥതയും
ഇത്തരം പാര്‍ശ്വഫലങ്ങള്‍ താല്‍ക്കാലികമാണ്. രണ്ടോ മൂന്നോ മാസത്തിനു ശേഷം മുടികള്‍ സാധാരണഗതിയില്‍ തിരിച്ചുവരും. പക്ഷേ മുടികൊഴിയുന്ന സമയത്ത് കുട്ടിക്ക് മാനസികമായി അസ്വസ്ഥത ഉണ്ടായേക്കാം. അവരെ മനസ്സിലാക്കിക്കൊടുക്കേണ്ടത് മുടികൊഴിച്ചില്‍ താല്‍ക്കാലികം മാത്രമാണെന്നതാണ്. മുടി കൊഴിയുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും മറച്ചുവെക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
- ഛര്‍ദ്ദിവരാനുള്ള തോന്നല്‍ അല്ലെങ്കില്‍ കൂടുതലായി ഛര്‍ദ്ദിക്കുക
ഇതും സാധാരണവും താല്‍ക്കാലികവുമായി കാണുന്ന റേഡിയോതെറാപ്പിയുടെ പാര്‍ശ്വഫലമാണ്. കുട്ടികളില്‍ വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഈ പാര്‍ശ്വഫലം ഇല്ലാതാക്കാനും അതിനെ പെട്ടെന്ന് നിയന്ത്രിക്കാനുമുള്ള മരുന്ന് സുലഭമാണ്. അത്തരം ആന്‍റി സിക്ക്നസ് മരുന്നുകള്‍ യഥാസമയം നിങ്ങളുടെ കുട്ടിക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
വൈകി വരുന്ന പാര്‍ശ്വഫലങ്ങള്‍ (Late Effects)
റേഡിയോ തെറാപ്പി കഴിഞ്ഞ് കൂടുതല്‍ മാസങ്ങള്‍ക്ക് ശേഷം കാണപ്പെടുന്ന പാര്‍ശ്വഫലങ്ങളാണിവ.
- കുട്ടികള്‍ക്ക് ചികിത്സ കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ ഓര്‍മ്മശക്തിയെയും ബുദ്ധിശക്തിയെയും ബാധിക്കുന്നതായി കാണുന്നു.
- സാധാരണഗതിയില്‍ വയസ്സാവുമ്പോള്‍ അനുഭവപ്പെടുന്ന രോഗമാണ് കണ്ണുകളിലെ തിമിരം. ബ്രെയിന്‍ ട്യൂമറിന് റേഡിയോ തെറാപ്പി നല്‍കിയ കുട്ടികളില്‍ വളരെ നേരത്തെ തന്നെ തിമിരം ഉണ്ടാവുന്നതായി കണ്ടുവരുന്നു. പക്ഷെ തിമിരം വളരെ എളുപ്പത്തില്‍ ചികിത്സിക്കാവുന്ന രോഗമാണ്.
- കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഹോര്‍മോണ്‍ എന്ന രാസപദാര്‍ഥങ്ങള്‍ കൃത്യമായ അളവില്‍ ശരീരത്തില്‍ ആവശ്യമാണ്. ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥി, റേഡിയോ തെറാപ്പി ചികിത്സയ്ക്കുശേഷം കാലക്രമേണ തകരാറിലാവുന്നു. അതുകൊണ്ട് റേഡിയോ തെറാപ്പി ചികിത്സയ്ക്കുശേഷം വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ വളര്‍ച്ചയെ ബാധിക്കുന്നതായി കാണുന്നു. അതിനാല്‍ ബ്രെയിന്‍ ട്യൂമര്‍ സുഖപ്പെട്ടു കഴിഞ്ഞാലും നിങ്ങളുടെ കുട്ടിയെ കൃത്യമായി ഡോക്ടറെ കാണിച്ച് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ചികിത്സിക്കാന്‍ തുടങ്ങണം.
- റേഡിയോ തെറാപ്പി കാന്‍സറിനെ നശിപ്പിക്കുന്ന ചികിത്സയാണ്. പക്ഷെ വളരെ വിരളമായി റേഡിയോ തെറാപ്പി ചികിത്സ ലഭിച്ചവരില്‍ വര്‍ഷങ്ങള്‍ക്കുശേഷം കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. പക്ഷെ ഇത് വളരെ വിരളമാണ്.
3) കീമോതെറാപ്പി
ബ്രെയിന്‍ ട്യൂമര്‍ ചികിത്സിക്കാന്‍ മരുന്ന് ഉപയോഗിച്ചുള്ള കീമോ തെറാപ്പിയും ഉപയോഗിക്കാറുണ്ട്. പക്ഷെ ബ്രെയിന്‍ ട്യൂമറിന്‍റെ പ്രധാനപ്പെട്ട ചികിത്സ സര്‍ജറിയും റേഡിയോ തെറാപ്പിയുമാണ്. വളരെ പ്രായം കുറഞ്ഞ കുട്ടികളില്‍ റേഡിയോ തെറാപ്പി തലച്ചോറിന് കൂടുതല്‍ തകരാര്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ സര്‍ജറിക്കുശേഷം റേഡിയോതെറാപ്പിക്കു പകരം കീമോതെറാപ്പിയിലൂടെ ചികിത്സിക്കാന്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ റേഡിയോ തെറാപ്പിയുടെ ചികിത്സാഫലം വര്‍ധിപ്പിക്കാന്‍ റേഡിയോ തെറാപ്പിക്ക് മുമ്പോ അതിനു ശേഷമോ കീമോ തെറാപ്പി നല്‍കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഏറ്റവും പുതിയ ശാസ്ത്രീയ നിര്‍ദ്ദേശം എന്താണെന്ന് റേഡിയോതെറാപ്പിയിലൂടെയും കീമോ തെറാപ്പിയിലൂടെയും ബ്രെയിന്‍ ട്യമര്‍ ചികിത്സിക്കുന്ന രണ്ട് തരത്തിലുള്ള ഡോക്ടര്‍മാരോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുക.
ബ്രെയിന്‍ ട്യൂമറിന്‍റെ ചികിത്സയെക്കുറിച്ചും അതിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിയുമ്പോള്‍ ഭയവും അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം. ഇത്തരം ചികിത്സാരീതി ഉപയോഗിക്കുന്നതിനോട് വിയോജിപ്പ് നിങ്ങള്‍ക്കുണ്ടായേക്കാം. പക്ഷേ നിങ്ങള്‍ മനസ്സിലാക്കേണ്ടത് മറിച്ചാണ്. ബ്രെയിന്‍ ട്യൂമര്‍ ചികിത്സിക്കാന്‍ ഇപ്പോള്‍ ലഭ്യമായ ചികിത്സാരീതി മുകളില്‍ പറഞ്ഞവ മാത്രമാണ്. റേഡിയോ തെറാപ്പിയുടെയും കീമോതെറാപ്പിയുടെയും കാഠിന്യമുള്ള പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ പല കാര്യങ്ങളും ചെയ്യാം. നൂതന ചികിത്സാരീതികള്‍ രൂപപ്പെടുത്താന്‍ ശാസ്ത്രീയ പഠനങ്ങള്‍ യഥാസമയം നടക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഓരോ കുട്ടിയിലും വിവിധ അളവിലാണ് പ്രത്യക്ഷപ്പെടുക. അതുകൊണ്ട് നിങ്ങളുടെ കുട്ടിക്ക് പാര്‍ശ്വഫലത്തിന്‍റെ കാഠിന്യം ഏറ്റവും കുറഞ്ഞനിലയിലായിരിക്കും എന്ന് പ്രത്യാശിക്കാം. അതുകൊണ്ട് കഴിയുന്നത്ര ചികിത്സിക്കണം.
സര്‍ജറി, റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവയുടെ തോത് നിര്‍ണ്ണയിക്കുന്നത് ആരാണ്?
ബ്രെയിന്‍ ട്യൂമര്‍ നിര്‍ണ്ണയിക്കപ്പെട്ടാല്‍ അത് ഏത് തരത്തിലുള്ള ബ്രെയിന്‍ ട്യൂമറാണ് എന്ന് അറിയുകയാണ് ആദ്യ നടപടി. ഓരോതരം ബ്രെയിന്‍ ട്യൂമറിനും ചികിത്സാരീതി വ്യത്യസ്തമാണ്. പാത്തോളജിസ്റ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടും എം.ആര്‍.ഐ. റിപ്പോര്‍ട്ടും കിട്ടിയതിനു ശേഷം ന്യൂറോസര്‍ജനും റേഡിയോ തെറാപ്പിസ്റ്റും പീഡിയാട്രിക് ഓങ്കോളജിസ്റ്റും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണ് ഏറ്റവും ഉചിതം.