എന്താണ് ലുക്കീമിയ അഥവാ ബ്ലഡ് കാന്‍സര്‍ ?
രക്തത്തിലുള്ള കോശങ്ങള്‍ക്ക് (രക്താണുക്കള്‍) പിടിപെടുന്ന കാന്‍സറിനെയാണ് ലുക്കീമിയ (Leukemia) എന്നു പറയുന്നത്.
ബ്ലഡ് കാന്‍സറിനെക്കുറിച്ചും അതിന്‍റെ ചികിത്സയെ കുറിച്ചും കാന്‍സര്‍ മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ബ്ലഡിലെ കോശങ്ങളെ (രക്താണുക്കള്‍) കുറിച്ചും അത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മജ്ജ (Bone marrow) യെക്കുറിച്ചും മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
എന്താണ് മജ്ജ (Bone marrow) ?
അസ്ഥികള്‍ക്കകത്തുള്ള വളരെ കട്ടികുറഞ്ഞ ഭാഗമാണ് മജ്ജ. ചുവന്ന കോശം (ചുവന്ന രക്താണു – Red blood cell), വെളുത്ത കോശം (White blood cell), Platelet എന്ന മൂന്ന് പ്രധാനപ്പെട്ട രക്തത്തിലെ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് അസ്ഥികള്‍ക്കകത്തുള്ള മജ്ജയിലുള്ള blood stem cell-ൽ നിന്നാണ്.
എന്താണ് ചുവന്ന കോശങ്ങളുടെ (Red Blood Cell) ധര്‍മ്മം ?
ശ്വാസകോശത്തില്‍ നിന്നും ശരീരത്തിലെ മറ്റ് കോശങ്ങള്‍ക്കാവശ്യമായ പ്രാണവായു (ഓക്സിജന്‍) വഹിച്ചുകൊണ്ടുപോവുക എന്നതാണ് ചുവന്ന കോശങ്ങളുടെ ധര്‍മ്മം. രക്തത്തില്‍ ചുവന്ന കോശങ്ങള്‍ കുറയുമ്പോള്‍ വിരൾച്ച ഉണ്ടാകും. ശരീര കോശങ്ങള്‍ക്ക് കൃത്യമായി ഓക്സിജന്‍ കിട്ടാതെ വരുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നു. കൂടാതെ ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ടും ഉണ്ടാവും. രക്തത്തില്‍ കാന്‍സര്‍ ഉണ്ടാവുമ്പോള്‍ ചുവന്ന രക്താണുക്കള്‍ കുറയും. അപ്പോള്‍ കുട്ടിക്ക് വിളര്‍ച്ച ഉണ്ടാവാം. ചില ക്യാന്‍സര്‍ മരുന്നുകള്‍ താല്‍ക്കാലികമായി ചുവന്ന കോശങ്ങളുടെ അളവ് കുറയ്ക്കും. അപ്പോഴും വിളര്‍ച്ച ഉണ്ടാവും. അതുകൊണ്ട് ചുവന്ന കോശങ്ങളുടെ അളവ് ഒരു പരിധിയില്‍ കുറയുമ്പോള്‍ കുട്ടിക്ക് രക്തം കൊടുക്കേണ്ടിവരും. ചിലപ്പോള്‍ കുട്ടിയുടെ കാന്‍സര്‍ ചികിത്സ കഴിയുമ്പോഴേക്കും ഒന്നിലധികം തവണ രക്തം കൊടുക്കേണ്ടിവരും.
വെളുത്ത രക്താണുക്കള്‍ (White Blood Cells)
നമ്മുടെ രക്തത്തില്‍ പ്രവേശിക്കുന്ന രോഗാണുക്കളെ ആക്രമിച്ച് അണുബാധ തടയുക എന്നതാണ് white blood cell (WBC )-ന്‍റെ ധര്‍മ്മം. Lymphocyte, Monocyte, Neutrophil എന്നിവയാണ് പ്രധാനപ്പെട്ട WBC.
കുട്ടികള്‍ക്ക് കാന്‍സര്‍ ഉണ്ടാകുമ്പോള്‍ വെളുത്ത രക്താണുക്കള്‍ (white blood cell) അനിയന്ത്രിതമായി പെരുകുന്നതിനാല്‍ രക്തത്തില്‍ ഇവയുടെ അളവ് വളരെ കൂടുതലായി കാണും. പക്ഷേ, ഇത്തരത്തില്‍ അനിയന്ത്രിതമായി നിര്‍മ്മിക്കപ്പെടുന്ന WBC-ക്ക് കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇത് കുട്ടികളില്‍ അണുബാധയ്ക്ക് കാരണമാകും. കാന്‍സര്‍ മരുന്നുകള്‍ ചിലപ്പോള്‍ വെളുത്ത കോശങ്ങളുടെ അളവ് താല്‍ക്കാലികമായി കുറച്ചേക്കാം. ഇതും കുട്ടിയില്‍ ഗൗരവമുള്ള അണുബാധയ്ക്ക് കാരണമായേക്കാം.
പ്ലേറ്റ്ലറ്റ് (Platelet)
രക്തത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് Platelet. രക്തസ്രാവം (bleeding) ഇല്ലാതെ നോക്കുകയാണ് പ്ലേറ്റ്ലറ്റിന്‍റെ ധര്‍മ്മം. രക്തത്തില്‍ കാന്‍സര്‍ ഉണ്ടാകുമ്പോള്‍ കൃത്യമായി പ്ലേറ്റ്ലറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരാം. അതുകൊണ്ടാണ് ചിലപ്പോള്‍ രക്തസ്രാവം കാന്‍സറിന്‍റെ ഒരു അടയാളമായി കാണുന്നത്. ചിലപ്പോള്‍ കാന്‍സര്‍ മരുന്ന് പ്ലേറ്റ്ലറ്റിന്‍റെ എണ്ണം താല്‍ക്കാലികമായി കുറയ്ക്കുന്നു. ഈ സമയത്തും കുട്ടിക്ക് രക്തസ്രാവം ഉണ്ടാവും. ഒരു പരിധിയില്‍ താഴെ കുറയുകയാണെങ്കില്‍ കുട്ടിക്ക് പ്ലേറ്റ്ലറ്റ് നല്‍കേണ്ടിവരും. ഇത് രക്തം നല്‍കുന്നതുപോലെ തന്നെയാണ്.
എത്രതരം ബ്ലഡ് കാന്‍സര്‍ ഉണ്ട്? അതില്‍ കുട്ടികളില്‍ കാണുന്ന ബ്ലഡ് കാന്‍സര്‍ എന്തൊക്കെ?
നാല് തരം ബ്ലഡ് കാന്‍സര്‍ നിലനില്‍ക്കുന്നു. അതില്‍ ഏറ്റവും കൂടുതലായി കാണുന്നത് Acute Lymphoblastic Leukemia-യും രണ്ടാമതായി Acute Myelogenous Leukemia-യും അതുകഴിഞ്ഞാല്‍ Chronic myelogenous Leukemia -യുമാണ്. നാലാമതായുള്ള Chronic Lymphocytic Leukemia കുട്ടികളില്‍ വളരെ വളരെ അസാധാരണവുമാണ്. കുട്ടികളിൽ കാണുന്ന ബ്ലഡ് കാന്‍സറില്‍ എഴുപത്തിയഞ്ചു ശതമാനവും Acute Lymphoblastic Leukemia ആണ്. ചികിത്സിച്ചാല്‍ ഏറ്റവും നല്ല ഫലം കിട്ടുന്നതും ഇത്തരത്തിലുള്ള ബ്ലഡ് കാന്‍സര്‍ ആണ്. കുട്ടികളില്‍ കൂടുതലായി കാണുന്ന ഇത്തരം കാന്‍സറില്‍ 90% വും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
ബ്ലഡ് കാന്‍സര്‍ ബാധിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്?
- വളരെയധികം ക്ഷീണം.
- വിളർച്ച.
- വിട്ടുമാറാത്ത പനി.
- മൂക്കിലൂടെയും വായിലൂടെയും തൊലിപ്പുറത്തും പെട്ടെന്ന് ബ്ലീഡിംഗ് ഉണ്ടാവുക.
- അസ്ഥികളിലും സന്ധികളിലും വിട്ടുമാറാത്ത വേദന.
- വിശപ്പ് കുറവ്.
- ദേഹഭാരം കുറയുക.
- ശരീരത്തില്‍ മുഴകള്‍ കാണപ്പെടുക.
- വയറിനകത്തുള്ള കരളിന്‍റെയും Spleen ( സ് പ്ലീൻ ) ന്‍റെയും വലിപ്പം കൂടുക.
മുകളില്‍ പറയുന്ന രോഗലക്ഷണങ്ങള്‍ സാധാരണ അസുഖങ്ങള്‍ കൊണ്ടും കുട്ടികളില്‍ ഉണ്ടാകുന്നവയാണ്. അതുകൊണ്ട് ഇത്തരം രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ അത് ബ്ലഡ് കാൻസർ ആണെന്ന് കരുതി അസ്വസ്ഥമാകരുത്.
ബ്ലഡ് കാന്‍സര്‍ കണ്ടുപിടിക്കാനും ഏറ്റവും നല്ല രീതിയില്‍ ചികിത്സിക്കാനും ചെയ്യേണ്ട ടെസ്റ്റുകള്‍ എന്തൊക്കെ?
1) FBC (Full Blood Count) അല്ലെങ്കില്‍ CBC (Complete Blood Count)
ഇത് വളരെ ലളിതമായ ടെസ്റ്റ് ആണ്. ഇതില്‍ നിന്നും രക്തത്തിലുള്ള വിവിധ തരം കോശങ്ങളുടെ എണ്ണം മനസ്സിലാക്കാം. ഇതില്‍ നിന്നും ബ്ലഡ് കാന്‍സര്‍ സാധ്യതകള്‍ അനുമാനിക്കാം. മാത്രമല്ല, ഏതുതരത്തിലുള്ള കാന്‍സര്‍ ചികിത്സ വേണം എന്നതും തീരുമാനിക്കാന്‍ ഇത് ഉപയോഗിക്കപ്പെടും.
2) Blood Smear
ഇതും ലളിതമായ ടെസ്റ്റാണ്. രക്തത്തിലെ കോശങ്ങളെ മൈക്രോസ്കോപ്പിലൂടെ നോക്കി തിട്ടപ്പെടുത്തുന്ന ടെസ്റ്റ് ആണ് ഇത്. ഇതിലൂടെ കാന്‍സര്‍ കോശങ്ങളെ കണ്ടെത്താന്‍ കഴിയും. കാന്‍സര്‍ കോശം കണ്ടില്ലെങ്കില്‍ കാന്‍സര്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ മജ്ജ പരിശോധിക്കേണ്ടിവരും.
3) Bone Marrow Aspiration and Biopsy
ഇടുപ്പെല്ല് (Hip bone / back bone) – ൽ സൂചി (Needle) ഉപയോഗിച്ച് അസ്ഥിക്കകത്തുള്ള മജ്ജ (bone marrow) കുത്തിയെടുത്ത് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്ന രീതിയാണിത്. മജ്ജയുടെ ചെറിയ ഭാഗം കുത്തിയെടുത്തും മൈക്രോസ്കോപ്പിലൂടെ പരിശോധിക്കാം. ഇത് വേദനയുള്ള പ്രക്രിയയാണ്. അതുകൊണ്ട് സാധാരണഗതിയില്‍ കുട്ടികളെ മയക്കിയാണ് ഇത് ചെയ്തുവരുന്നത്.
4) Lumbar Puncture
നട്ടെല്ലിന്‍റെ അസ്ഥികള്‍ക്കിടയിലൂടെ സൂചി കടത്തിവിട്ട് തലച്ചോറിന്‍റെ ചുറ്റുപാടും ഒഴുകുന്ന ദ്രാവകം (CSF) എടുക്കുന്ന പ്രക്രിയയാണിത്. വിജയകരമായി ചെയ്യാനും വേദന ഇല്ലാതാക്കാനും കുട്ടികളെ മയക്കി ചെയ്യുന്നതാണ് നല്ലത്.
കാന്‍സര്‍ ചികിത്സയില്‍ Lumbar Puncture രണ്ട് ആവശ്യങ്ങള്‍ക്ക് ചെയ്യുന്നു. കാന്‍സര്‍ നിര്‍ണ്ണയിക്കുന്ന സമയത്ത് കാന്‍സര്‍ തലച്ചോറിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് CSF പരിശോധിച്ചാല്‍ മനസ്സിലാവും. ഉണ്ടെങ്കില്‍ സാധാരണ ചികിത്സയ്ക്കപ്പുറം അധിക ചികിത്സ ആവശ്യമാണ്. രണ്ടാമതായി കാന്‍സര്‍ ചികിത്സിക്കുമ്പോള്‍ കാന്‍സര്‍ തിരിച്ചുവരാതിരിക്കാന്‍ കാന്‍സര്‍ മരുന്ന് സൂചിയിലൂടെ തലച്ചോറിന്‍റെ പുറത്ത് ഒഴുക്കുന്ന CSF ലേക്ക് കുത്തിവെക്കാനും ഈ പ്രക്രിയ ഉപയോഗിക്കും. ഇത് കാന്‍സര്‍ ചികിത്സയുടെ പ്രധാനപ്പെട്ട ഭാഗമാണ്
5) Flow Cytometry
കാന്‍സര്‍ കോശങ്ങളെ വിവിധരീതിയില്‍ തരം തിരിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഏതുതരത്തിലുള്ള കാന്‍സര്‍ ആണ് എന്ന് മനസ്സിലാക്കാനും അതുവഴി ചികിത്സ നിര്‍ണ്ണയിക്കാനും ഉപകരിക്കും.
6) Cytogenetic Test
കാന്‍സര്‍ കോശങ്ങളുടെ സങ്കീര്‍ണ്ണതയെ കൂടുതല്‍ വ്യക്തമായി പഠിക്കുന്ന ടെസ്റ്റ് ആണിത്. ഇതില്‍ നിന്നും കാന്‍സര്‍ കോശങ്ങളുടെ ജനറ്റിക് ഘടകങ്ങളുടെ മാറ്റങ്ങളും അറിയാന്‍ കഴിയും. ഇത് കാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കേണ്ട മരുന്നുകളെ തിരഞ്ഞെടുക്കാൻ സഹായിക്കും. മാത്രമല്ല, നിങ്ങളുടെ കുട്ടിയുടെ കാന്‍സര്‍ ചികിത്സിക്കാന്‍ എളുപ്പമുള്ളതാണോ ബുദ്ധിമുട്ടുള്ളതാണോ എന്നും ഇതിലൂടെ മനസ്സിലാക്കാം.
ഇതിനു പുറമെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പലതരത്തിലുള്ള ബ്ലഡ് ടെസ്റ്റ്, എക്സ് റെ , സി.ടി. സ്‌കാൻഎന്നിവ ചെയ്യേണ്ടിവരും.
എന്താണ് Prognostic Factors ? കുട്ടികളുടെ ബ്ലഡ് കാന്‍സറിന്‍റെ Prognostic Factors എന്തൊക്കെ?
ബ്ലഡ് കാന്‍സര്‍ ബാധിച്ച കുട്ടികളില്‍ കാണുന്ന ചില കാര്യങ്ങള്‍ അറിഞ്ഞാല്‍ ആ കുട്ടിയുടെ ബ്ലഡ് കാന്‍സര്‍ ചികിത്സയോട് എങ്ങനെ പ്രതികരിക്കും എന്ന് അനുമാനിക്കാം. മാത്രമല്ല, അത്തരം ഘടകത്തിന്‍റെ അടിസ്ഥാനത്തില്‍ ചില കുട്ടികള്‍ക്ക് കൂടുതല്‍ ചികിത്സ തുടക്കത്തിലേ വേണോ എന്നും ചില കുട്ടികള്‍ക്ക് കുറഞ്ഞ ചികിത്സ മതിയോ എന്നും ഡോക്ടര്‍മാര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും.
Acute Lymphoblastic Leukemia യുടെ Prognostic factors താഴെ പറയുന്നവയാണ്.
1) ബ്ലഡ് കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള കുട്ടിയുടെ വയസ്സ് പ്രധാന ഘടകമാണ്. രോഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ ഒരു വയസ്സിന് താഴെയോ പത്തു വയസ്സിനു മുകളിലോ ആണെങ്കില്‍ അവരെ ചികിൽസിച്ചു ഭേദമാക്കാൻ ഒരു വയസ്സിനും പത്തുവയസ്സിനുമിടയിലുള്ളവരെ ചികിത്സിക്കുന്നതിനേക്കാള്‍ അല്‍പ്പം ബുദ്ധിമുട്ട് കൂടുതലാണ്.
2) ബ്ലഡ് കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ രക്തത്തിലെ വെളുത്ത കോശങ്ങളുടെ എണ്ണം അമ്പതിനായിരത്തില്‍ കൂടുതലാണെങ്കില്‍ ചികിത്സിക്കാന്‍ കൂടുതല്‍ ശക്തിയുള്ള മരുന്ന് ആവശ്യമാണ്.
3) പെണ്‍കുട്ടികളിലെ ചികിത്സാഫലം ആണ്‍കുട്ടികളേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് കാണപ്പെടുന്നു.
4) ബ്ലഡ് കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ രോഗം തലച്ചോറിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ ചികിത്സാഫലം കുറവാണ്.
5) ലുക്കീമിയ കോശങ്ങളിലെ ജനറ്റിക് മെറ്റീരിയലായ ക്രോമോസോമുകളുടെ എണ്ണവും അതിലെ പ്രത്യേക മാറ്റങ്ങളും ബ്ലഡ് കാന്‍സര്‍ ചികിത്സാ ഫലത്തെ ബാധിക്കുന്നു. കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ മജ്ജയും രക്തവും പരിശോധിച്ചുകൊണ്ട് ഇത് അറിയാന്‍ സാധിക്കും. ഇതിന്‍റെ വിശദാംശങ്ങൾ ഡോക്ടറോട് ചോദിക്കേണ്ടതാണ്. ഇത്തരം ടെസ്റ്റുകള്‍ ഇപ്പോള്‍ കേരളത്തില്‍ ലഭ്യമാണ്.
6) ബ്ലഡ് കാന്‍സര്‍ ചികിത്സിക്കപ്പെടുമ്പോള്‍ ആദ്യത്തെ മാസം അവര്‍ക്ക് ലഭിക്കുന്ന മരുന്ന് എങ്ങിനെ അവരുടെ കാന്‍സര്‍ കോശങ്ങളെ ഇല്ലായ്മ ചെയ്യുന്നു എന്നത് പ്രധാന ഘടകമാണ്. ആദ്യത്തെ മാസം രണ്ടോ മൂന്നോ തവണ മജ്ജ പരിശോധിച്ചാല്‍ ഇത് അറിയാന്‍ സാധിക്കും. ആദ്യത്തെ മാസം തന്നെ നല്ല ചികിത്സാഫലം കാണുകയാണെങ്കില്‍ മൊത്തത്തിലുള്ള ചികിത്സാഫലം നന്നായിരിക്കും. മറിച്ചാണെങ്കില്‍ ഫലം വിപരീതമായിരിക്കും. അതുകൊണ്ട് കഴിയുന്നതും വേഗം ചികിത്സ തുടങ്ങാന്‍ ശ്രമിക്കേണ്ടതാണ്. ചിലപ്പോള്‍ എല്ലാം ചെയ്താലും ആദ്യത്തെ മാസത്തെ പ്രതികരണം വളരെ മോശമായിരിക്കും. അത് നിങ്ങള്‍ നല്‍കിയ ചികിത്സയുടെ കുറവ് കൊണ്ടാണെന്നര്‍ഥമില്ല. അത് നിങ്ങളുടെ കുട്ടിയുടെ കാന്‍സറിന്‍റെ സങ്കീര്‍ണ്ണതയാണ്.
Acute Myelogenous Leukemia യുടെ Prognostic Factor എന്തൊക്കെ?
1) രണ്ട് വയസ്സില്‍ കുറവുള്ള കുട്ടികളില്‍ AML ചികിത്സിക്കാന്‍ മറ്റുള്ളവരേക്കാള്‍ എളുപ്പമാണ്.
2) AML നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ കുട്ടിയുടെ രക്തത്തിലെ വെളുത്ത കോശങ്ങള്‍ (WBC) ഒരു ലക്ഷത്തില്‍ കുറവാണെങ്കില്‍ ചികിത്സാഫലം മെച്ചപ്പെട്ടതാണ്.
3) AML നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ Cytogenetics എന്ന ടെസ്റ്റ് നടത്തി കാന്‍സര്‍ കോശങ്ങളിലെ ജനറ്റിക്സിന്‍റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഈ അറിവിന്‍റെ അടിസ്ഥാനത്തില്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള ബ്ലഡ് കാന്‍സര്‍ ആണോ കുട്ടിക്ക് പിടിപെട്ടിരിക്കുന്നത് എന്ന് അനുമാനിക്കാന്‍ സാധിക്കും.
എന്താണ് കുട്ടികളുടെ ബ്ലഡ് കാന്‍സറിന് കാരണം?
കുട്ടികളില്‍ കാണുന്ന ബ്ലഡ് കാന്‍സര്‍ എങ്ങിനെ രൂപപ്പെടുന്നു എന്നത് ശാസ്ത്രത്തിന് കൃത്യമായി അറിയില്ല. അതുകൊണ്ടുതന്നെ കുട്ടികളിലെ ഭക്ഷണരീതിയിലോ, ജീവിതരീതിയിലോ ഉള്ള മാറ്റം കാന്‍സര്‍ ഉണ്ടാക്കുന്നു എന്നതിന് യാതൊരു തെളിവുമില്ല. അതുകൊണ്ട് തെറ്റിദ്ധാരണയും കുറ്റബോധവും ഒഴിവാക്കാം. മുതിർന്നവരിൽ പുകവലി, മദ്യപാനം, ചില അണുബാധ എന്നിവ കാൻസറിന് കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളിൽ ഇത് തെളിയിക്കപ്പെട്ടിട്ടില്ല.
കുട്ടികളിലെ ബ്ലഡ് കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാന്‍ സാധിക്കുമോ?
ശരീരത്തില്‍ ബ്ലഡ് കാന്‍സറിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും മുമ്പ് കുട്ടികളിലെ ബ്ലഡ് കാന്‍സര്‍ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകള്‍ ലഭ്യമല്ല. മാത്രമല്ല, എന്തെങ്കിലും ചികിത്സയിലൂടെയോ കുത്തിവയ്പ്പിലൂടെയോ കുട്ടികളില്‍ ബ്ലഡ് കാന്‍സര്‍ വരാതിരിക്കാന്‍ ശ്രമിക്കാനുള്ള ഒരറിവും ശാസ്ത്രത്തിനില്ല.
എങ്ങനെയാണ് കുട്ടികളിലെ ബ്ലഡ് കാന്‍സര്‍ (Leukemia) ചികിത്സിക്കുന്നത്?
നിങ്ങളുടെ കുട്ടിയില്‍ ബ്ലഡ് കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടാല്‍ അത് ഏതുതരത്തിലുള്ള ബ്ലഡ് കാന്‍സര്‍ ആണെന്നും Prognostic Factor അറിയാനുള്ള ടെസ്റ്റുകളും എത്രയും വേഗം പൂര്‍ത്തീകരിക്കണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ഡോക്ടര്‍ നിങ്ങളോട് ചര്‍ച്ച ചെയ്ത് ചികിത്സാ രീതി തീരുമാനിക്കുകയാണ് പതിവ്.
ബ്ലഡ് കാന്‍സര്‍ ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടത് കീമോതെറാപ്പി (Chemotherapy) യാണ്. ഇഞ്ചക്ഷനിലൂടെയോ, വായിലൂടെയോ നല്‍കാന്‍ കഴിയുന്ന മരുന്നുകളാണ് കീമോതെറാപ്പി. ഇവ പൊതുവെ കാഠിന്യം കൂടിയ മരുന്നുകളാണ്. ഓരോ കീമോതെറാപ്പി മരുന്നിനും വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഏതൊക്കെ മരുന്നുകളാണ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്നത് എന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.
കാന്‍സര്‍ ചികിത്സ ഒരു യാത്രയാണ്. നാട്ടിലെ പേരുകേട്ട ഡോക്ടറെ ഒരു ദിവസം പരിശോധിപ്പിച്ച് പെട്ടെന്ന് മാറ്റിയെടുക്കാവുന്ന ഒരു രോഗമല്ല കാന്‍സര്‍. മറിച്ച് പലതരം മരുന്നുകള്‍, പല രീതിയില്‍, പലപ്പോഴായി, കൃത്യമായ മുന്‍ തീരുമാനത്തോടെ കുറച്ചു മാസങ്ങളോളം ചികിത്സിക്കേണ്ടിവരും. ഡോക്ടറെ അടിക്കടി മാറ്റുന്നത് കാന്‍സര്‍ ചികിത്സയെ സഹായിക്കില്ല. നിങ്ങളുടെ അറിവിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ചികിത്സ തേടേണ്ട ഡോക്ടറെ തീരുമാനിക്കുക. എന്തൊക്കെ മരുന്ന്, അതിന്‍റെ ഡോസ് എന്നിവ നിങ്ങള്‍ എഴുതിവയ്ക്കുന്നത് നല്ലതായിരിക്കും. മറ്റൊരു ഡോക്ടറുടെ ചികിത്സ തുടങ്ങാന്‍ തീരുമാനിച്ചാല്‍, മുമ്പ് നല്‍കിയ ചികിത്സയുടെ യഥാര്‍ഥവിവരം കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്.
ബ്ലഡ് കാന്‍സര്‍ ചികിത്സിക്കപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ (കീമോതെറാപ്പി) പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ?
കഴിഞ്ഞ ഒന്നുരണ്ട് ദശകങ്ങളില്‍ മെഡിക്കല്‍ സയന്‍സ് നേടിയ ഒരു പ്രധാനപ്പെട്ട നേട്ടമാണ് കീമോതെറാപ്പിയിലൂടെ കുട്ടികളില്‍ കാണുന്ന ഭൂരിഭാഗം ബ്ലഡ് കാന്‍സറും പരിപൂര്‍ണമായി ചികിത്സിക്കാനുള്ള അറിവ് നേടി എന്നത്. പക്ഷെ ബ്ലഡ് കാന്‍സര്‍ ചികിത്സിക്കപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ധാരാളമുണ്ട്. അതില്‍ പലതും താല്‍ക്കാലികമാണ്. ചികിത്സ കഴിഞ്ഞാല്‍ അത്തരം പാര്‍ശ്വഫലങ്ങള്‍ അപ്രത്യക്ഷമാകും. കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പ്രത്യേക അധ്യായത്തില്‍ കൂടുതലായി വിവരിക്കും.
എപ്പോഴാണ് Bone Marrow Transplantation ചെയ്യുന്നത്?
ബ്ലഡ് കാന്‍സര്‍ ചികിത്സിക്കാനുളള ഒരു ചികിത്സാരീതിയാണ് Bone marrow transplantation . അതിസങ്കീര്‍ണ്ണവും വളരെ ബുദ്ധിമുട്ടേറിയതുമായ ചികിത്സാരീതിയാണിത്. ഒരിക്കലും ബ്ലഡ് കാന്‍സറിന്‍റെ ആദ്യത്തെ ചികിത്സയല്ല Bone marrow transplantation. മരുന്ന് (Chemotherapy) ഉപയോഗിച്ചുള്ള ചികിത്സയാണ് ഏറ്റവും പ്രധാനപ്പെട്ടതും, എളുപ്പമുള്ളതും ആദ്യം ചെയ്യേണ്ടതുമായ ചികിത്സ.
മരുന്ന് ഉപയോഗിച്ച് മാറാത്ത ബ്ലഡ് കാന്‍സര്‍, ചികിത്സിച്ചു മാറിയതിനു ശേഷം വീണ്ടും തിരിച്ചുവരുന്ന ബ്ലഡ് കാന്‍സര്‍ എന്നിവ Bone Marrow Transplantation – ലൂടെ ചികിത്സിക്കുന്നു.
ബ്ലഡ് കാന്‍സര്‍ പൂര്‍ണ്ണമായി ഭേദമാവാന്‍ എത്രകാലം ചികിത്സിക്കണം?
എത്രകാലം ചികിത്സിക്കണമെന്നത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. ഏത് തരത്തിലുള്ള ബ്ലഡ് കാന്‍സറാണ് ബാധിച്ചിരിക്കുന്നത് എന്നത് പ്രധാന ഘടകമാണ്. ചികിത്സയില്‍ ആദ്യത്തെ ആറു മാസമാണ് ഏറ്റവും കാഠിന്യമേറിയത്. ചിലപ്പോള്‍ മൂന്നുവര്‍ഷം വരെ ചികിത്സിക്കേണ്ടിവരും. ഓരോ സമയത്ത് ചെയ്യേണ്ട ചികിത്സകളും വ്യത്യസ്തമാണ്. ഒരു വീടു പണിയുന്നതുപോലെയാണ്. ആദ്യം ചെയ്യേണ്ടത് ആദ്യം തന്നെ ചെയ്യണം. അവസാനം ചെയ്യേണ്ടത് അവസാനവും. അതുകൊണ്ടുതന്നെ നിങ്ങളുടെ കുട്ടിക്ക് നല്‍കാന്‍ പോകുന്ന ചികിത്സയുടെ പൂര്‍ണ്ണവിവരണം ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കണം. ഓരോ ഘട്ടത്തിലും നിങ്ങളുടെ കുട്ടിക്ക് ലഭിക്കുന്ന മരുന്നിന്‍റെ പേരും ഡോസും നിങ്ങളുടെ ഡയറിയില്‍ കുറിച്ചുവെക്കണം.
നിങ്ങളുടെ കുട്ടിക്ക് ലഭിച്ച ചികിത്സയുടെ വിശദവിവരം അറിയുന്നത് പിന്നീടുള്ള ചികിത്സ തീരുമാനിക്കാന്‍ അത്യാവശ്യമാണ്. ചികിത്സയുടെ ഓരോ ഭാഗം കഴിയുമ്പോഴും അതിന്‍റെ വിശദവിവരങ്ങള്‍ പ്രതിപാദിക്കുന്ന ചികിത്സയുടെ ഒരു Summary ഡോക്ടറോട് ചോദിച്ചു വാങ്ങി നിങ്ങളുടെ ചികിത്സാ ഫയലില്‍ സൂക്ഷിച്ചുവയ്ക്കണം. ഇത്തരം റിപ്പോര്‍ട്ടുകളില്‍ എഴുതിയിരിക്കുന്ന വിശദാംശങ്ങള്‍ അടുത്ത ചികിത്സ തീരുമാനിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കും. നിങ്ങളുടെ കുട്ടിക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം രക്ഷിതാവെന്ന നിലയില്‍ ചികിത്സയുടെ വിശദാംശങ്ങള്‍ നിങ്ങള്‍ തന്നെ സൂക്ഷിച്ചുവയ്ക്കുക എന്നതാണ്.
ഡോക്ടറെ മാറ്റി മാറ്റി കാണിക്കുന്നത് കാന്‍സര്‍ ചികിത്സയെ പ്രതികൂലമായി ബാധിക്കും. സുഹൃത്തുക്കളോടും ബന്ധുക്കളോടും കാന്‍സര്‍ ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച കുട്ടികളുടെ രക്ഷിതാക്കളോടുമെല്ലാം സംസാരിച്ചതിനു ശേഷം നിങ്ങളുടെ കുട്ടിയെ ചികിത്സിക്കേണ്ട ഡോക്ടറെ നിങ്ങള്‍ തീരുമാനിക്കുക. ആ ഡോക്ടറില്‍ വിശ്വാസമര്‍പ്പിക്കുക. ചികിത്സയുടെ പ്ലാന്‍ ആദ്യമെ തയ്യാറാക്കുക. അതുപ്രകാരം തന്നെയാണ് നിങ്ങളുടെ കുട്ടി ചികിത്സിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്തുക.
കാന്‍സറിന് ചികിത്സിക്കപ്പെടുമ്പോള്‍ മരുന്നുകൊടുക്കാനും പതിവായി രക്തം പരിശോധിക്കാനും സ്ഥിരമായ Injection Site (Central Venous line) സ്ഥാപിക്കുന്നതെന്തിന്?
കാന്‍സര്‍ ചികിത്സിക്കപ്പെടുമ്പോള്‍ കാഠിന്യം കൂടിയ മരുന്നുകള്‍ പലപ്പോഴായി കൂടുതല്‍കാലം ഇഞ്ചക്ഷന്‍ ആയി നല്‍കേണ്ടിവരും. അതുപോലെ തന്നെ ഇടയ്ക്കിടെ രക്തം പരിശോധിക്കേണ്ടിയും വരും. സ്ഥിരമായി ഇഞ്ചക്ഷന്‍ നീഡില്‍ ഉപയോഗിക്കുന്നത് വേദനയുളവാക്കുകയും ഇത് കുട്ടികളില്‍ ചികിത്സയോട് വെറുപ്പുളവാക്കുവാനും കാരണമാകും. ഇത് ഒഴിവാക്കാനുള്ള മാര്‍ഗമാണ് സ്ഥിരമായ Central line Injection Site സ്ഥാപിക്കുക എന്നത്. ഇത് വിലകൂടിയ പ്രക്രിയയാണ്. മാത്രമല്ല, അണുബാധ കൂടാനുള്ള സാധ്യതയും കൂടുതലാണ്. നിങ്ങളുടെ കുട്ടിക്ക് ഈ സംവിധാനം വേണോ എന്നത് ചികിത്സിക്കുന്ന ഡോക്ടറോട് ചര്‍ച്ച ചെയ്ത് നിങ്ങള്‍ തീരുമാനിക്കുക. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് സാധാരണയായി ഉപയോഗിക്കപ്പെടുന്നു. കാരണം, ഈ രീതി കാന്‍സര്‍ ചികിത്സ സുഖപ്രദവും എളുപ്പവുമാക്കുന്നു. പക്ഷേ അണുബാധ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.