കുട്ടികള്‍ക്കുള്ള പെയിൻ & പാലിയേറ്റീവ് ചികിത്സ

കുട്ടികളിലെ ഭൂരിഭാഗം കാന്‍സറും ചികിത്സിച്ച് ഭേദമാക്കാനുള്ള അറിവ് വൈദ്യശാസ്ത്രം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ എല്ലാ കാന്‍സറും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാനുള്ള മരുന്നുകള്‍ ഇപ്പോഴും ലഭ്യമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കാന്‍സര്‍ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയില്ലെങ്കിലും നിങ്ങളുടെ കുട്ടി മാസങ്ങളോ ചിലപ്പോള്‍ കുറച്ച് വര്‍ഷങ്ങളോ കാന്‍സറുമായി ജീവിക്കും.  ഈ കാലയളവ് എത്രകാലം എന്ന് കൃത്യമായി അറിയാന്‍ സാധിക്കില്ല.  ഈ കാലയളവില്‍ അസുഖത്തിന്‍റെ അസ്വസ്ഥതയും ബുദ്ധിമുട്ടും പരമാവധി ലഘൂകരിച്ച്, കഴിയുന്നതും സുഖകരമായി മരണം വരെ ജീവിക്കാനുള്ള ചികിത്സ നല്‍കുന്ന രീതിയെയാണ് പാലിയേറ്റീവ് കെയര്‍ എന്നുപറയുന്നത്.  അത് ഏറ്റവും നല്ല രീതിയില്‍ നല്‍കാന്‍ നിങ്ങള്‍ തയ്യാറാവണം.

ഈ സമയത്ത് നിങ്ങളുടെയും കുട്ടിയുടെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും മനസ്സിനും ശരീരത്തിനും ആവശ്യമായ പ്രത്യേക പരിചരണം നല്‍കണം.  അതിന് സഹായിക്കുന്ന സംഘടനകളെയും വ്യക്തികളെയും ബന്ധപ്പെട്ട് കഴിയുന്നത്ര സഹായം സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാവണം.  ഈ അധ്യായത്തിലൂടെ നിങ്ങളുടെ കുട്ടിക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളും ഒരു രക്ഷിതാവെന്ന നിലയില്‍ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നു. എല്ലാ കുട്ടികള്‍ക്കും എല്ലാ പ്രശ്നങ്ങളും ഉണ്ടാവില്ല. എല്ലാ പ്രശ്നത്തിനും പരിഹാരം ഈ ചെറിയ അധ്യായത്തിലൂടെ പറഞ്ഞറിയിക്കാനും കഴിയില്ല.  നിങ്ങള്‍ക്ക് സ്വയം ചെയ്യാന്‍ പറ്റാത്ത ഘട്ടത്തില്‍, പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും വളണ്ടിയര്‍മാരെയും സമീപിച്ച് വേണ്ടത്ര പരിചരണം ഉറപ്പുവരുത്തണം.

ഇത്തരം ഘട്ടത്തില്‍ നിങ്ങളുടെ കുട്ടിക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെ? അവ ലഘൂകരിക്കാനും ഇല്ലായ്മ ചെയ്യാനും നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം?

1)     വേദന

ജീവിതത്തില്‍ വേദന അനുഭവിക്കാത്തവര്‍ ഉണ്ടാവില്ല.  ഈ സമയത്ത് നിങ്ങളുടെ കുട്ടിക്ക് വേദന ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.  പക്ഷേ അവര്‍ക്ക് വേദന ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ സമയത്ത് ബുദ്ധിമുട്ടായേക്കാം.  എന്നിരുന്നാലും അവര്‍ക്ക് വേദന ഉണ്ടാകില്ല  എന്നൊരിക്കലും  ചിന്തിക്കരുത്.  അവര്‍ക്ക് വേദന ഉണ്ട് എന്ന് മനസ്സിലാക്കാനുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥമായി കാണപ്പെടുന്നതും, ശരീരഭാഗങ്ങള്‍ അനക്കാതെ ഒരേ ഇരിപ്പില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതും വേദനയുടെ ലക്ഷണങ്ങളാണ്. നിങ്ങള്‍ അവരുടെ ശരീരഭാഗങ്ങള്‍ ചലിപ്പിക്കുമ്പോള്‍ അവരുടെ അസ്വസ്ഥത കൂടുന്നതായി കാണാം.

നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം?

വേദനയ്ക്കുള്ള മരുന്നുകള്‍ ധാരാളം ലഭ്യമാണ്.  രണ്ട് രീതിയില്‍ വേദനയെ നേരിടണം.  ഒന്ന് വേദന വരാതിരിക്കാനുള്ള മരുന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍, വേദന ഇല്ലെങ്കിലും മരുന്ന് മുടങ്ങാതെ സമയത്തിന് കൊടുക്കണം. രണ്ടാമതായി, വേദനയുള്ളപ്പോള്‍ കൊടുക്കേണ്ട മരുന്ന് വേദന വരുമ്പോള്‍ നല്‍കേണ്ടതുമുണ്ട്.

നിങ്ങളുടെ കുട്ടി വേദന അനുഭവിക്കാനുള്ള സാഹചര്യം നിങ്ങള്‍ പാടേ ഒഴിവാക്കണം.  അതുകൊണ്ട് വേദനയുടെ കാഠിന്യത്തിന് അനുസരിച്ച് മരുന്നിന്‍റെ ഡോസ് കൂട്ടേണ്ടിവരും.  അത് ഡോക്ടറോടോ നഴ്സുമാരോടോ ചര്‍ച്ച ചെയ്യണം.

നിങ്ങളുടെ കുട്ടിയുടെ വേദനയ്ക്ക്  “മോര്‍ഫിന്‍” എന്ന മരുന്ന്  ആണ്  നല്‍കുന്നതെങ്കില്‍ വളരെ ലളിതമായി കൈകാര്യം ചെയ്യാവുന്ന പാര്‍ശ്വഫലം ഉണ്ടായേക്കാം. അതുകൊണ്ട് വേദനയ്ക്കുള്ള മരുന്ന് നല്‍കാതെ നിങ്ങളുടെ കുട്ടി വേദന അനുഭവിക്കാനുള്ള സാഹചര്യം നിങ്ങള്‍ ഉണ്ടാക്കരുത്.  വേദനയ്ക്കുള്ള മരുന്ന് കൃത്യമായി നല്‍കണം.

മോര്‍ഫിന്‍റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ?

1)      മലബന്ധം. (Constipation)

വേദനയ്ക്ക് മോര്‍ഫിന്‍ കഴിക്കുമ്പോള്‍ കുട്ടിക്ക് മലമുറുക്കമുണ്ടായി അസ്വസ്ഥതയ്ക്ക് കാരണമായേക്കാം.  ഇത് ഇല്ലാതാക്കാനുള്ള മരുന്ന് ധാരാളം ലഭ്യമാണ്.  മോര്‍ഫിന്‍റെ കൂടെ ഇത്തരം മരുന്ന് നല്‍കി മലമുറുക്കം ഒഴിവാക്കണം.

2)     ഛര്‍ദ്ദിക്കാനുള്ള തോന്നല്‍

3)     ഉറക്കം കൂടാനുള്ള സാധ്യത

4)     ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക

5)     മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ട്

ഇവയൊക്കെ മോര്‍ഫിന്‍ കഴിച്ചു തുടങ്ങുമ്പോള്‍ ഒന്നോ രണ്ടോ ദിവസം മാത്രം കാണുന്ന പാര്‍ശ്വഫലങ്ങളാണ്.  വേദനയ്ക്ക് മോര്‍ഫിന്‍ ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ എന്തായാലും നല്‍കണം.  ചിലപ്പോള്‍ ഒന്നിലധികം മരുന്ന് ആവശ്യമായി വരും.  ചിലപ്പോള്‍ വേദനയുടെ ഉറവിടം അസ്ഥികൂടത്തിലോ (Bone Pain), ഞരമ്പില്‍ നിന്നോ (Nerve Pain) അല്ലെങ്കില്‍ പേശിയില്‍ നിന്നോ (Muscle Pain) ആവാം.  ഇതിനനുസരിച്ച് വിവിധ തരത്തിലുള്ള വേദനാ സംഹാരികളെക്കുറിച്ച് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കണം.  അത് കൃത്യമായി നിങ്ങളുടെ കുട്ടിക്ക് നല്‍കുകയും വേണം.

ഏതെല്ലാം രീതിയില്‍ വേദനയുടെ മരുന്ന് കുട്ടിക്ക് നല്‍കാം?

വേദനാസംഹാരികള്‍ സാധാരണ നല്‍കുക വായിലൂടെയാണ്. ചിലപ്പോള്‍ വായിലൂടെ നല്‍കാന്‍ ബുദ്ധിമുട്ടായേക്കാം.  ഇത്തരം ഘട്ടത്തില്‍ തൊലിപ്പുറത്ത് ഒട്ടിക്കുന്ന വേദനാസംഹാരികള്‍, കവിളിനകത്ത് നല്‍കി പെട്ടെന്ന് ഫലം ലഭിക്കുന്ന ദ്രാവക രൂപത്തിലുള്ള വേദനാസംഹാരികള്‍, ഇഞ്ചക്ഷനിലൂടെ തുടര്‍ച്ചയായി പമ്പ് ചെയ്യുന്ന വേദനാ സംഹാരികള്‍ എന്നിവ ലഭ്യമാണ്. ഇതൊക്കെ ആവശ്യത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കണം.

മരുന്നിന് പുറമെ വേദന ഇല്ലാതാക്കാന്‍ എന്തൊക്കെ ചെയ്യാം?

  • റിലാക്‌സേഷൻ ടെക്‌നിക്ക്  (Relaxation Technique)

ഭയം, അസ്വസ്ഥത എന്നിവ വേദനയുടെ കാഠിന്യം വര്‍ധിപ്പിക്കും.  നിങ്ങളുടെ കുട്ടിയെ കഴിയുന്നത്ര റിലാക്‌സ് ആക്കാന്‍ ശ്രമിക്കണം.

  • ഡിസ്‌ട്രാക്ഷൻ ടെക്‌നിക്ക് (Distraction Technique)

അവരുടെ ശ്രദ്ധ മറ്റുപലതിലേക്കും തിരിച്ചുവിടുക.  മ്യൂസിക്കിലൂടെയും കളികളിലൂടെയും അവരുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിക്കുക.

അവരുടെ മനസ്സിന്‍റെ അസ്വസ്ഥത എങ്ങനെ മനസ്സിലാക്കാം? നിങ്ങള്‍ക്ക് എന്ത് ചെയ്യാം?

അവരുടെ ശരീര വേദനയ്ക്കു പുറമെ അവരുടെ മനസ്സിന്‍റെ അസ്വസ്ഥതയും മനസ്സിലാക്കാന്‍ ശ്രമിക്കണം. ഈ അവസ്ഥയില്‍ അവര്‍ ഒറ്റപ്പെട്ട് ഇരിക്കുന്നതായോ നിയന്ത്രിക്കാന്‍ പറ്റാതെ കരയുന്നതായോ മറ്റുള്ളവരോട് സംസാരിക്കാതെ ഇരിക്കുന്നതായോ കാണാം. ചിലപ്പോള്‍ വല്ലാതെ ദേഷ്യം കാണിച്ചേക്കാം.  വല്ലാതെ ക്ഷീണം അനുഭവപ്പെട്ടേക്കാം. ഇതൊക്കെ മനസ്സിന്‍റെ അസ്വസ്ഥതയുടെ ലക്ഷണമായേക്കാം. ഈ അവസരത്തില്‍ അവര്‍ക്ക് മാനസികമായി പിന്തുണ നല്‍കാന്‍ വൈദഗ്ധ്യം ഉള്ളവരോട് അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.

2)        ഛര്‍ദ്ദിക്കുള്ള തോന്നല്‍ (മനംപിരട്ടല്‍), ഛര്‍ദ്ദിക്കല്‍

ഈ ഘട്ടത്തില്‍ സാധാരണയായി ഉണ്ടാവുന്ന ബുദ്ധിമുട്ടുകളാണ് ഇവ . ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രശ്നങ്ങളാണ്.  ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതാക്കാനുള്ള മരുന്നുകള്‍ ലഭ്യമാണ്.   ഛര്‍ദ്ദി ഒഴിവാക്കാന്‍ മുന്‍ അധ്യായത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഈ സാഹചര്യത്തില്‍ ചെയ്ത് അവ ഇല്ലാതാക്കാന്‍ ശ്രമിക്കണം.

3)        ശ്വാസതടസ്സം (Breathlessness or breathing difficulty)

ഈ അവസരത്തില്‍ നിങ്ങളുടെ കുട്ടിക്ക് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വളരെ കൂടുതലാണ്.   ഇതു കാണുമ്പോള്‍ രക്ഷിതാക്കളായ നിങ്ങള്‍ക്കും കൂടുതല്‍ ഭയവും അസ്വസ്ഥതയും ഉണ്ടായേക്കാം.  എന്തുകൊണ്ടാണ് നിങ്ങളുടെ കുട്ടിക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഈ സമയത്ത് ഉണ്ടാകുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

  1. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാകാം.
  2. ശ്വാസകോശത്തില്‍ കാന്‍സര്‍ പടര്‍ന്നിട്ടുണ്ടാവാം.
  3. നിങ്ങളുടെ കുട്ടിയുടെ വിളര്‍ച്ചയും ശ്വാസബുദ്ധിമുട്ടിന് കാരണമായേക്കാം.
  4. നിങ്ങളുടെ കുട്ടിക്ക് ഈ സമയത്ത് ഉണ്ടായേക്കാവുന്ന ഭയവും, മാനസിക അസ്വസ്ഥതയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വര്‍ധിക്കാന്‍ കാരണമായേക്കാം.

രക്ഷിതാക്കള്‍ക്ക് എന്തൊക്കെ ചെയ്യാം?

  1. അവരുടെ ഭയവും അസ്വസ്ഥതയും ഇല്ലാതാക്കാന്‍ നിങ്ങള്‍ പരിശ്രമിക്കണം.
  2. നിങ്ങളുടെ കുട്ടിക്ക് ചില പ്രത്യേക രീതിയില്‍ ഇരുന്നാലോ കിടന്നാലോ കൂടുതല്‍ നന്നായി ശ്വസിക്കാന്‍ സാധിക്കും. അതു മനസ്സിലാക്കി അതിനുള്ള സൗകര്യം ചെയ്യുക.
  3. വിളര്‍ച്ചകൊണ്ടുള്ള ശ്വാസതടസ്സം രക്തം നല്‍കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയും. അണുബാധയാണെങ്കില്‍ ആന്‍റിബയോട്ടിക് നല്‍കിയും സുഖപ്പെടുത്താന്‍ കഴിയും.  ഇത്തരം ഘട്ടത്തില്‍ ഡോക്ടറോട് ചര്‍ച്ച ചെയ്യുക.
  4. ചുമ

ഈ അവസരത്തില്‍ നിങ്ങളുടെ കുട്ടിക്ക് ശ്വാസതടസ്സത്തിനൊപ്പം വളരെ അസ്വസ്ഥത ഉളവാക്കുന്ന ചുമ അനുഭവപ്പെടാം.  ചുമ ഇല്ലാതാക്കാനുള്ള മരുന്നുകൊടുത്ത് അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കണം.

5)        ശബ്ദമുണ്ടാക്കിക്കൊണ്ടുള്ള ശ്വസനം, നിയന്ത്രണം ഇല്ലാത്ത ശ്വസനം

ഈ അസ്വസ്ഥതകള്‍ ജീവിതത്തിൻ്റെ അവസാന ദിവസങ്ങളില്‍ സാധാരണമാണ്.  ചിലപ്പോള്‍ വായിലും ശ്വാസനാളത്തിലും കൂടുതലായി നിലനില്‍ക്കുന്ന ദ്രാവകങ്ങളാണ് ഇതിന് കാരണം. ശ്വാസനാളത്തില്‍ ദ്രാവകങ്ങള്‍ കുറയ്ക്കാനുള്ള മരുന്ന് ലഭ്യമാണ്.  അത് ഉപയോഗിക്കാന്‍ ശ്രമിക്കണം.

4)        ക്ഷീണം

വളരെയധികം ക്ഷീണം അനുഭവിക്കുക ഈ സമയത്ത് സാധാരണമാണ്.  ഈ സമയത്ത് കുട്ടി കൂടുതലായി ഉറങ്ങുന്നതായി കാണാം. കഴിയുന്നതും രാത്രിയില്‍ ഉറങ്ങാനുള്ള ശീലവും വേണമെങ്കില്‍ മരുന്നും ഉപയോഗിക്കണം. കുട്ടിക്ക് കൃത്യമായ ഉറക്കവും വിശ്രമവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

5)       വര്‍ധിച്ച അസ്വസ്ഥത  (Agitation and Restlessness)

ശരീരഭാഗം നിയന്ത്രണം വിട്ട് ഇളക്കുക, നിയന്ത്രണമില്ലാതെ അട്ടഹസിക്കുക.  അവസാന ദിവസങ്ങളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ കുട്ടിക്ക് ഉണ്ടായേക്കാം.  ഇതൊക്കെ കാണുമ്പോള്‍ രക്ഷിതാക്കളായ നിങ്ങള്‍ക്കും, നിങ്ങളുടെ കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വളരെയധികം അസ്വസ്ഥതയുണ്ടായേക്കാം.

നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?

ഈ ബുദ്ധിമുട്ടുകള്‍ ചിലപ്പോള്‍ നിങ്ങളുടെ കുട്ടി അനുഭവിക്കുന്ന വേദനകൊണ്ടാവാം.  അതുകൊണ്ട് വേദനയുടെ മരുന്ന് നല്‍കാന്‍ മറക്കരുത്.  ഇത്തരം നിയന്ത്രണമില്ലാത്ത ചലനങ്ങള്‍ ശാന്തമാക്കാനുള്ള മരുന്നുകള്‍ ലഭ്യമാണ്.  അത് നല്‍കാന്‍ ശ്രമിക്കണം.  ഈ അവസരത്തില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

6)       അപസ്‌മാരം  ( Convulsion) 

അവസാന നാളുകളില്‍ ഇത്തരം പ്രശ്നങ്ങളും നിങ്ങളുടെ കുട്ടിക്ക് ഉണ്ടായേക്കാം.  ഇത് നേരിട്ടു കാണുമ്പോള്‍ നിങ്ങള്‍ക്ക് ഭയവും അസ്വസ്ഥതയും ഉണ്ടായേക്കാം. അപസ്മാരം ഉണ്ടാകുമ്പോള്‍ സാധാരണഗതിയില്‍ ബോധം നഷ്ടപ്പെടുകയും, കൈകാലുകള്‍ നിയന്ത്രണമില്ലാതെ ചലിപ്പിക്കുകയും ചെയ്യും.  ഇതു ചിലപ്പോള്‍ 10-15 മിനിറ്റ് നീണ്ടുനില്‍ക്കും. മാത്രമല്ല, കുട്ടി ഇതുകഴിഞ്ഞ ശേഷം ഉറങ്ങുന്നതായും കാണാം.  ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ കുട്ടിക്ക് വളരെയധികം ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാക്കാം. ഇത്തരം അവസരത്തില്‍ Cunvulsion  ഇല്ലാതാക്കാനുള്ള  മരുന്നുകള്‍  ലഭ്യമാണ്.  അത് സ്വയം  നല്‍കാനുള്ള അറിവ് നിങ്ങള്‍ കരസ്ഥമാക്കണം.  അനാവശ്യമായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നതുമൂലമുള്ള അധിക ചെലവും അസൗകര്യവും ഒഴിവാക്കാനിത്  സഹായിക്കും.

നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?

അനിയന്ത്രിതമായ ചലനങ്ങള്‍ നിങ്ങളുടെ കൈകള്‍കൊണ്ട് നിയന്ത്രിക്കരുത്.  കുട്ടിയെ വലതുവശം ചെരിച്ച് കിടത്തുക.  ആദ്യമായിട്ടാണെങ്കില്‍ ഡോക്ടറോട് ഉപദേശം തേടുക.   കൂടുതല്‍ പ്രാവശ്യം ഉണ്ടാവുകയാണെങ്കില്‍ അതിനെ നിയന്ത്രിക്കാനുള്ള മരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിച്ച് നിയന്ത്രിക്കുക.  അനാവശ്യമായി ഹോസ്പിറ്റല്‍ പ്രവേശം ഒഴിവാക്കാം.

7)        മലബന്ധം (Constipation)

ഈ സമയത്ത് സാധാരണ ഉണ്ടാകാറുള്ള ബുദ്ധിമുട്ടാണ് മലബന്ധം. ഇത് മറ്റുള്ള  ബുദ്ധിമുട്ടുകള്‍ക്കും  കാരണമായേക്കാം.  വിശപ്പ് കുറവ്, ഛര്‍ദ്ദിക്കാനുള്ള തോന്നല്‍, വയറുവേദന എന്നിവയൊക്കെ മലബന്ധം മൂലവും ഉണ്ടായേക്കാം.  എന്തുകൊണ്ടാണ് ഈ അവസരത്തില്‍ മലബന്ധം ഉണ്ടാവുന്നതെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.

  1. ക്യാന്‍സര്‍ വയറിനകത്ത് വ്യാപിച്ചിട്ടുണ്ടാവാം.
  2. കൂടുതല്‍ സമയം അനങ്ങാതെ ബെഡില്‍ തന്നെ കിടക്കുമ്പോള്‍  മലബന്ധം ഉണ്ടായേക്കാം.
  3. അവസാന ദിവസങ്ങളില്‍ ഭക്ഷണവും, ദ്രാവകവും കഴിക്കുന്നത് കുറവായിരിക്കും.  ഇതും മലമുറുക്കത്തിന് കാരണമായേക്കാം.
  4. ചില മരുന്നുകള്‍ നിങ്ങളുടെ കുട്ടിക്ക് മലബന്ധം ഉണ്ടാക്കാം.

രക്ഷിതാക്കള്‍ക്ക് എന്തൊക്കെ ചെയ്യാം?

ഈ സമയത്ത് നിങ്ങളുടെ കുട്ടിക്ക് വിശപ്പ് കുറവായിരിക്കും.  മാത്രമല്ല, അവര്‍ക്ക് ഭക്ഷണത്തോടും വെള്ളം കുടിക്കുവാനുമുള്ള താല്‍പര്യം കുറവായിരിക്കും.  എന്നിരുന്നാലും ഭക്ഷണം കഴിക്കാനും ധാരാളം ദ്രാവകരൂപത്തിലുള്ള പാനീയങ്ങള്‍ കഴിക്കാനും നിങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കണം.  മലബന്ധം ഇല്ലാതാക്കാനുള്ള  മരുന്നും ഉപയോഗിക്കണം.

8)      ശരീരത്തില്‍ ചൊറിച്ചില്‍ (Itching)

ഈ സമയത്ത് കാണുന്ന മറ്റൊരു പ്രശ്നമാണ് ചൊറിച്ചില്‍.  നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതും കുട്ടിക്ക് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതുമാണിത്.   ഇതിന് പല കാരണങ്ങളുമുണ്ടാകാം.  കാന്‍സര്‍ ലിവറിനെയും കിഡ്നിയെയും ബാധിക്കുക, തൊലിപ്പുറം (skin) വരണ്ടതായി (dry) കാണപ്പെടുക, ചിലപ്പോള്‍ മരുന്നിന്‍റെ പാര്‍ശ്വഫലം എന്നിവയാണ് ഇതിന് കാരണം.

നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും.

  1. കൃത്യമായി കുളിപ്പിക്കുക.
  2. തൊലിപ്പുറം ഡ്രൈ ആകാതിരിക്കാനുള്ള ലോഷനുകളും ക്രീമുകളും ലഭ്യമാണ്. അതു കൃത്യമായി ഉപയോഗിക്കുക.
  3. ചൊറിച്ചില്‍ പാര്‍ശ്വഫലമായുള്ള മരുന്നുകള്‍ ഒഴിവാക്കാന്‍ സാധിക്കുമോ എന്ന് ചികിത്സിക്കുന്ന ഡോക്ടറോട് ചര്‍ച്ച ചെയ്യുക.
  4. ചൊറിച്ചില്‍ ഇല്ലായ്മ ചെയ്യാനോ അതിന്‍റെ കാഠിന്യം കുറയ്ക്കുവാനോ ഉള്ള മരുന്നുകള്‍ ലഭ്യമാണ്. അത് ഉപയോഗിക്കാന്‍ ശ്രമിക്കുക.

9)      മൂത്ര വിസര്‍ജ്ജനത്തിനുള്ള ബുദ്ധിമുട്ട്

അവസാനഘട്ടത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ സാധാരണയാണ്.  രക്ഷിതാക്കള്‍ക്ക് മാനസികമായും അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നമാണ്.  ഇത് പല രൂപത്തിലും പ്രത്യക്ഷപ്പെടാം.  ഇതിന് പല കാരണങ്ങളുമുണ്ട്.

  1. ചിലപ്പോള്‍ കാന്‍സര്‍, മൂത്രം ഉല്‍പ്പാദിപ്പിക്കുന്ന കിഡ്നിയെ ബാധിച്ച് മൂത്രത്തിന്‍റെ ഉല്‍പ്പാദനം ഇല്ലാതാക്കാം.
  2. മലബന്ധം  (Constipaion)  കാരണം മൂത്രസഞ്ചിയുടെ പ്രവര്‍ത്തനം തകരാറിലാകാം. ഇത് മൂത്രമൊഴിക്കാന്‍ കഴിയാതെ, മൂത്രം മൂത്രസഞ്ചിയില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയില്‍വരെ എത്തിപ്പോകാം.  ഇത് കുട്ടിക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കും.  ഇത് ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ തേടണം.   Constipaion  ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കണം.  നിങ്ങളുടെ കുട്ടിയെ പരിചരിക്കുന്ന നഴ്സിനോടോ ഡോക്ടറോടോ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണം.
  3. ചിലപ്പോള്‍ നിങ്ങളുടെ കുട്ടി അറിയാതെ  മൂത്രം  ബെഡില്‍  ഒഴിക്കുന്ന അവസ്ഥ ഉണ്ടായേക്കാം. ഇതും നിങ്ങളെ വളരെയധികം അസ്വസ്ഥമാക്കാം.   നിങ്ങളുടെ കുട്ടി മൂത്രം ഒഴിച്ച ബെഡില്‍ കിടക്കുന്ന അവസ്ഥ ഉണ്ടാവാന്‍ അനുവദിക്കരുത്.  ഈ സമയത്ത് മൂത്രക്കുഴലിലൂടെ ട്യൂബ് കടത്തിവിട്ട്  (Urinary Cathelerisation) നിങ്ങളുടെ കുട്ടിയുടെ അവസാന ദിവസങ്ങള്‍ ഏറ്റവും സുഖപ്രദമാക്കാന്‍ പരിശ്രമിക്കണം.   ഡോക്ടറോടും നഴ്സിനോടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണം.  ഈ സമയത്ത് നിങ്ങളുടെ കുട്ടിയെ ഒരിക്കലും പഴിക്കരുത്.

10)      രക്തസ്രാവം  (Bleeding)

കാന്‍സറിന്‍റെ അവസാന ഘട്ടത്തില്‍ ശരീരത്തിന്‍റെ പല ഭാഗത്തും ബ്ലീഡിംഗ് ഉണ്ടായേക്കാം.  കാന്‍സര്‍ രക്തക്കുഴലിനെ ബാധിക്കുന്നതുകൊണ്ടോ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്‍റെ അളവ് കുറയുന്നതുകൊണ്ടോ ഇങ്ങനെ സംഭവിക്കാം. വളരെയധികം അസ്വസ്ഥതയും ഭയവുമുണ്ടാക്കുന്ന കാര്യമാണിത്. ഡോക്ടറോടും നഴ്സുമാരോടും ചോദിച്ച് കുട്ടിയുടെ അവസ്ഥയ്ക്കനുസരിച്ച് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.

11)      ഭക്ഷണം എങ്ങനെ കഴിപ്പിക്കാം.

അവസാന ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നതും ദ്രാവകങ്ങള്‍ കുടിക്കുന്നതും കുറവായിരിക്കും. ഇത് കുട്ടിയെ പരിചരിക്കുന്നവരില്‍ വളരെ അസ്വസ്ഥത ഉണ്ടാക്കാം.  ഈ സമയത്ത് അവര്‍ക്ക് വിശപ്പ് കുറവായിരിക്കും.  ഭക്ഷണത്തോടുള്ള രുചിക്കുറവും സാധാരണയാണ്. ചിലപ്പോള്‍ അന്നനാളത്തില്‍ മാര്‍ഗതടസ്സവും ഉണ്ടായേക്കാം.

ഈ സമയത്ത് നിങ്ങള്‍ക്ക് എന്തുചെയ്യാം.

അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ള സമയത്ത് നല്‍കുക.  അവര്‍ എന്തൊക്കെ കഴിക്കുന്നില്ല എന്നതിനെക്കുറിച്ച് വ്യാകുലപ്പെടാതെ എന്തൊക്കെ കഴിക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് ആലോചിക്കുക.  അവസാന ദിവസങ്ങളില്‍ അവര്‍ക്ക് ഒരുപാട് ഭക്ഷണം ആവശ്യമായി വരില്ല.  അവര്‍ക്ക് വിശപ്പും ദാഹവും കുറവായിരിക്കും.  അവരുടെ വായ ഉണങ്ങാതിരിക്കാന്‍ മൗത്ത് വാഷ് പതിവായി ഉപയോഗിക്കുക.

12)      ചികിത്സിക്കാന്‍ കഴിയാത്ത ബ്രെയിന്‍ ട്യൂമറോ ,ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കാന്‍സറുകള്‍ തലച്ചോറിനെ ബാധിക്കുമ്പോഴോ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും ?

  1. തലച്ചോറിനകത്ത് സമ്മര്‍ദ്ദം (Pressure) വര്‍ധിക്കാം.  ഈ സമയത്ത് കഠിനമായ തലവേദന, ഛര്‍ദ്ദി എന്നിവയുണ്ടാകാം.  കൂടുതലായി ഉറങ്ങുന്നതായും കാണാം.  വേദനയ്ക്കും ഛര്‍ദ്ദിക്കുമുള്ള മരുന്നുകള്‍ നല്‍കി നിയന്ത്രിക്കാന്‍ ശ്രമിക്കുക. തലച്ചോറിനകത്തുള്ള സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള  സ്റ്റീറോയ്‌ഡുകൾ  (steroid) തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ഡോക്ടറോട് ചര്‍ച്ച ചെയ്യുക.
  2. ഛര്‍ദ്ദിയും, ഛര്‍ദ്ദിക്കാനുള്ള തോന്നലുകളും (ഓക്കാനം) മരുന്നു നല്‍കി നിയന്ത്രിക്കുക.
  3. ഭക്ഷണം അന്നനാളത്തിലൂടെ ഇറങ്ങാനുള്ള ബുദ്ധിമുട്ട്  (swallowing)  ഉണ്ടായേക്കാം. ചിലപ്പോള്‍ ധാരാളം ഉമിനീര്‍ വായിലും അന്നനാളത്തിലും കെട്ടിക്കിടക്കും. ഇത് ചുമയ്ക്ക് കാരണമാകാം. കട്ടികുറഞ്ഞ ഭക്ഷണം നല്‍കാന്‍ ശ്രമിക്കുക.  ചിലപ്പോള്‍ മൂക്കിലൂടെ ട്യൂബ് കടത്തിവിട്ട് ദ്രാവകരൂപത്തിലുള്ള ഭക്ഷണവും, മരുന്നും നല്‍കാന്‍ കഴിയും.  ഇതിനെക്കുറിച്ചും ഡോക്ടറോട് ചര്‍ച്ച ചെയ്യുക.
  4. സംസാരിക്കാനുള്ള ബുദ്ധിമുട്ട്

ചിലപ്പോള്‍ നിങ്ങളുടെ കുട്ടിക്ക് കാര്യങ്ങള്‍ മനസ്സിലാവും, പക്ഷേ, അത് നിങ്ങള്‍ക്ക് പറഞ്ഞുതരാന്‍ ബുദ്ധിമുട്ടുണ്ടാവും.  അവര്‍ക്ക് നിങ്ങളോട് ആശയവിനിമയം നടത്താന്‍ കഴിയാതെ വരുന്നത് അസ്വസ്ഥതയുണ്ടാക്കും. ഇതിന്  picture board ഉപയോഗിച്ച് അവര്‍ക്ക് നിങ്ങളോട് ആശയവിനിമയം നടത്താനുള്ള സാധ്യതകളെക്കുറിച്ച് ആലോചിക്കണം.

  1. നടക്കാനുള്ള ബുദ്ധിമുട്ട്

അവസാന നിമിഷം വരെ അവരെ നടക്കാന്‍ സഹായിക്കണം.  എല്ലാ സമയത്തും ബെഡില്‍ കിടക്കുന്നത് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കും.  വീട്ടിനകത്ത് കുറച്ച് നടത്തിക്കാന്‍ ശ്രമിക്കണം.  വീല്‍ ചെയര്‍ ഉപയോഗിക്കുകയും ചെയ്യാം.

  1. കാണാനുള്ള ബുദ്ധിമുട്ട്

തലച്ചോറിന്‍റെ കാഴ്ചയെ നിയന്ത്രിക്കുന്ന ഭാഗത്ത് കാന്‍സര്‍ ബാധിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.  പെട്ടെന്ന് കോങ്കണ്ണ് ഉണ്ടായേക്കാം.  ചിലപ്പോള്‍ കണ്ണട ഉപയോഗിച്ചാല്‍ കാണാന്‍ സാധിച്ചേക്കാം.

മുകളില്‍ പ്രതിപാദിച്ച എല്ലാ ബുദ്ധിമുട്ടുകളും എല്ലാ കുട്ടികളിലും അനുഭവപ്പെടില്ല;  അത് കാന്‍സര്‍ അവരുടെ ഏതു ശരീരഭാഗത്ത് എത്രമാത്രം ബാധിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും.  പാലിയേറ്റീവ് കെയറിലൂടെ നിങ്ങളുടെ കുട്ടിയും നിങ്ങളും അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പല ബുദ്ധിമുട്ടുകള്‍ ഇല്ലായ്മ ചെയ്യാനും, കാഠിന്യം കുറയ്ക്കാനും സാധിക്കും.

കാന്‍സര്‍ പൂര്‍ണമായി മാറ്റാന്‍ കഴിയാതെ വന്നാല്‍ നിങ്ങള്‍ വളരെയധികം സ്നേഹിക്കുന്ന കുട്ടിക്ക് മരണം വരെ കഴിവിന്‍റെ പരമാവധി സ്വസ്ഥമായ ജീവിതം നല്‍കാന്‍ നിങ്ങള്‍ പരിശ്രമിക്കണം.  ഒരു രക്ഷിതാവും ഇതിന് ആഗ്രഹമില്ലാത്തവരല്ല.  പലപ്പോഴും അവസാന ദിവസങ്ങളില്‍ അവര്‍ക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങളും അതിന്‍റെ പ്രതിവിധിയെക്കുറിച്ചുള്ള അജ്ഞതയും കാരണം ചില കുട്ടികളെങ്കിലും അസ്വസ്ഥത നിറഞ്ഞ അവസാന  ദിനങ്ങൾ  അനുഭവിക്കേണ്ടിവരുന്നു.  അതുപോലെ ഈ നിമിഷങ്ങള്‍ നേരിടാനുള്ള മാനസികമായ കരുത്തും ആത്മവിശ്വാസവും നേടിയെടുക്കാന്‍ രക്ഷിതാക്കളും ശ്രമിക്കണം.  നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിങ്ങളുടെ കുട്ടിയെ  ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാന്‍ കഴിയാത്തതിലുള്ള അഗാധമായ ദുഃഖം നിങ്ങള്‍ക്കും കുട്ടിയെ പരിചരിക്കുന്നവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍ക്കും ഉണ്ടാകും. നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് കുട്ടിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ സമയത്ത് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതാണ്.  അതിനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടാകട്ടെയെന്ന് പ്രത്യാശിക്കുന്നു.

നിങ്ങളുടെ നിർദ്ദേശങ്ങൾ

    കൂടുതൽ വിവരങ്ങൾക്ക്

    ഡോ.സൈനുൽ ആബിദിനെ ബന്ധപ്പെടുകPhone: +97156 826 7564Mail: childhoodcancerkerala@gmail.com

    Copyright © 2020 : Made with & by Webcoffee Online Solutions