അലോപ്പതി (ആധുനിക ചികിത്സ), ആയുര്‍വേദം, പ്രകൃതി ചികിത്സ, ഹോമിയോപ്പതി ഇവയില്‍ കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്ക് ഏറ്റവും നല്ല ചികിത്സാരീതി ഏതാണ്?
ഇതിനെക്കുറിച്ച് കൃത്യമായി എഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അതിസങ്കീര്‍ണ്ണതയുള്ള കാര്യമാണ്. പ്രത്യേകിച്ച് ഈ പുസ്തകം എഴുതുന്ന ഞാന്‍ അലോപ്പതിയില്‍ പരിശീലനം നേടിയ ഡോക്ടറാണ്. ഇവിടെ എന്‍റെ നിഷ്പക്ഷതയെ നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം. എന്നിരുന്നാലും ഞാന്‍ ഈ പുസ്തകം എഴുതുന്നത് അലോപ്പതി ചികിത്സാ വിഭാഗത്തെ പ്രതിനിധീകരിച്ചല്ല. നിങ്ങളുടെ കുട്ടിക്ക് ഏറ്റവും നല്ല ചികിത്സ ഏറ്റവും കൂടുതല്‍ ഫലപ്രദമായി ലഭിക്കണം എന്ന ആഗ്രഹമാണ് എന്നെ ഇതിന് പ്രേരിപ്പിച്ചത്. കുട്ടി നിങ്ങളുടേതാണ്; അവരുടെ കാന്‍സര്‍ ചികിത്സിച്ച് സുഖപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് രക്ഷിതാക്കളായ നിങ്ങളാണ്. അതുകൊണ്ട് ഏതു ചികിത്സ വേണമെന്ന് അവസാനമായി തീരുമാനിക്കേണ്ടത് നിങ്ങളാണ്. ആ തീരുമാനം എറ്റവും നല്ല രീതിയിലെടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങളും അറിവുകളും ഇവിടെ നിരത്താം.
അലോപ്പതി മരുന്നുകള്‍ രൂപപ്പെടുത്തിയെടുക്കുന്നത് ഒരുപാടു കാലത്തെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ്. അന്താരാഷ്ട്രതലത്തില്‍ നിഷ്പക്ഷമായ നിയന്ത്രണത്തിലാണ് ഇത്തരം ശാസ്ത്രപഠനങ്ങള്‍ നടക്കുന്നതും അതിന്‍റെ പഠനഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്നതും. അതുകൊണ്ടുതന്നെ ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മറച്ചുവെക്കാന്‍ അലോപ്പതി ഡോക്ടര്‍ക്ക് കഴിയില്ല.
കഴിഞ്ഞ കുറെ ദശകങ്ങളായി നടത്തിയ പഠനങ്ങളും അതിന്‍റെ ഫലങ്ങളും www.pubmed.com എന്ന വെബ് സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് നേരിട്ട് വായിച്ചറിയാന്‍ സാധിക്കും. ഇതിലൂടെ അലോപ്പതി ചികിത്സാ വിഭാഗം (ആധുനിക ചികിത്സാവിഭാഗം) എങ്ങിനെയാണ് കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയതെന്നും, ഇനി വരാനിരിക്കുന്ന കാലത്ത് നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെന്തൊക്കെയാണെന്നും നിങ്ങള്‍ക്ക് മനസ്സിലാവും. അലോപ്പതി മരുന്നിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്ന് അറിഞ്ഞുതന്നെയാണ് ഉപയോഗിക്കുന്നത്. അത് അറിയുമ്പോഴാണ് അതിന്‍റെ കാഠിന്യം കുറയ്ക്കുവാന്‍, അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ക്കെതിരെ മരുന്ന് കണ്ടുപിടിക്കുവാന്‍ ശാസ്ത്രത്തിന് കഴിയുകയുള്ളൂ. അതിനുള്ള ശ്രമങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളുടെ ഭൂരിപക്ഷം കാന്‍സറും ചികിത്സിച്ച് ഭേദപ്പെടുത്താനുള്ള അറിവ് അലോപ്പതി ശാസ്ത്രത്തിനുണ്ട്. പക്ഷേ കുട്ടികളുടെ എല്ലാ കാന്‍സറും പൂര്‍ണ്ണമായി മാറ്റാനുള്ള അറിവ് അലോപ്പതി ശാസ്ത്രത്തിനും ഇല്ല എന്ന തിരിച്ചറിവും അലോപ്പതി ശാസ്ത്രത്തിനുണ്ട്.
ഈ രീതിയിലുള്ള ഒരു സമീപനം മറ്റ് ചികിത്സാരീതിയിലുള്ളവര്‍ പാലിക്കുന്നുണ്ടോ എന്ന് അറിയില്ല. ഒരുപക്ഷെ അത് എന്‍റെ അറിവില്ലായ്മകൊണ്ടാവാം. അതിനാല്‍ ആ രീതികളെക്കുറിച്ച് കൃത്യമായി അറിവുനല്‍കാന്‍ കഴിയുന്നത് അത്തരം ചികിത്സാ രീതികള്‍ ഉപയോഗിക്കുന്ന ഡോക്ടര്‍മാര്‍ക്കോ വ്യക്തികള്‍ക്കോ ആയിരിക്കും. അവരോട് അത്തരം ചികിത്സായെക്കുറിച്ചും അവര്‍ ഉപയോഗിക്കുന്ന മരുന്ന് മുന്‍ കാലങ്ങളില്‍ ഉണ്ടാക്കിയ ഫലത്തെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കണം. ഈ അറിവുകള്‍ ഒരു തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ കുട്ടിയുടെ കാന്‍സര്‍ പൂര്‍ണ്ണമായി മാറ്റി തരാം എന്ന് പരസ്യം ചെയ്യുന്ന ചികിത്സകരും ചികിത്സാ വിഭാഗങ്ങളും നാട്ടില്‍ ഉണ്ട്. ഇതിന്‍റെയൊക്കെ സത്യാവസ്ഥ നിങ്ങള്‍തന്നെ പരിശോധിക്കണം. ഇവരെയൊക്കെ സഹായിക്കാന്‍ വ്യാജ മൊബൈല്‍ നമ്പറിലൂടെ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ രോഗികള്‍ വരെ നാട്ടില്‍ സുലഭമാണ്. അതുകൊണ്ട് ഇത്തരക്കാരെ നേരിട്ട് കണ്ട് കാര്യത്തിന്‍റെ സത്യാവസ്ഥ മനസ്സിലാക്കണം. അതോടൊപ്പം നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ ചികിത്സ തുടങ്ങാന്‍ വൈകാനും പാടില്ല. കാന്‍സര്‍ ചികിത്സ തുടങ്ങാന്‍ വൈകിക്കുന്നതും വ്യത്യസ്ത ചികിത്സാ രീതികള്‍ മാറിമാറി ഉപയോഗിക്കുന്നതും കാന്‍സര്‍ ചികിത്സയെത്തന്നെ പ്രതികൂലമായി ബാധിക്കും.
നിങ്ങളുടെ കുട്ടിക്ക് അപ്രതീക്ഷിതമായി കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന അഗാധമായ ദുഃഖവും തുടര്‍ന്ന് നിങ്ങളുടെ കുട്ടിക്ക് ഏറ്റവും നല്ല ചികിത്സ നല്‍കാനുള്ള നിങ്ങളുടെ ആത്മാര്‍ഥമായ ശ്രമങ്ങളുമെല്ലാം മനസ്സിലാക്കേണ്ടത് ഏത് ചികിത്സകരുടെയും കര്‍ത്തവ്യമാണ്. ചികിത്സയില്‍ അവരെക്കൊണ്ട് ചെയ്യാനാവുന്ന കാര്യങ്ങളും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളും നിങ്ങള്‍ക്ക് വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തരേണ്ടതുണ്ട്. ഇതിലൂടെ വിവിധതരം ചികിത്സയുടെ എല്ലാ വശങ്ങളും (ഫലവും പാര്‍ശ്വഫലങ്ങളും) അറിഞ്ഞുകൊണ്ടുതന്നെ ഒരു തീരുമാനമെടുക്കാന്‍ നിങ്ങള്‍ പ്രാപ്തരാകും. നിങ്ങളെ എല്ലാം അറിയിക്കേണ്ടത് എല്ലാ ചികിത്സകരുടെയും ധാര്‍മ്മികബാധ്യതയാണ്. അവരത് പാലിക്കും എന്ന് പ്രത്യാശിക്കുന്നു.