പ്രതിരോധ കുത്തിവെയ്‌പും കാന്‍സര്‍ ചികിത്സയും, അണുബാധ വരാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും

കുട്ടികള്‍ക്ക് പലതരത്തിലുമുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ പ്രതിരോധ കുത്തിവെയ്പിലൂടെ സാധിക്കും.  കാന്‍സര്‍ ചികിത്സാ സമയത്ത് നിങ്ങളുടെ കുട്ടികള്‍ക്ക് ചില പ്രതിരോധ  കുത്തിവെയ്‌പ്  നിര്‍ബന്ധമായും ഒഴിവാക്കണം.  നിങ്ങളുടെ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ചതിന് ശേഷം കുത്തിവെയ്പ്പിനെക്കുറിച്ച് തീരുമാനമെടുക്കാം.

അടുത്ത ദിവസങ്ങളിലായി പ്രതിരോധ കുത്തിവെയ്‌പ് സ്വീകരിച്ച കുട്ടികളുമായുള്ള സമ്പര്‍ക്കം കാന്‍സര്‍ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ ഒഴിവാക്കേണ്ടതാണ്.

കാന്‍സര്‍ ചികിത്സ കഴിഞ്ഞ് 6 മാസം കഴിഞ്ഞാല്‍, നിങ്ങളുടെ കുട്ടിക്ക് എല്ലാ പ്രതിരോധ കുത്തിവെയ്‌പും ഒന്നുകൂടി നല്‍കേണ്ടിവരും. കുട്ടികള്‍ക്ക് കാന്‍സര്‍ ചികിത്സ നല്‍കുമ്പോള്‍ നിങ്ങളുടെ കുട്ടി പ്രതിരോധ കുത്തിവെയ്പിലൂടെ നേടിയെടുത്ത പ്രതിരോധശക്തി നഷ്ടപ്പെടും.  അതുകൊണ്ടാണ് വീണ്ടും കുത്തിവെയ്‌പ് നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നത്.  നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറോട് ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരം അന്വേഷിച്ച് മനസ്സിലാക്കുക.

കാന്‍സര്‍ ചികിത്സ കഴിഞ്ഞാലും കുട്ടികളുടെ ശരീരത്തിലെ പ്രതിരോധ ശക്തി വീണ്ടെടുക്കാന്‍ ചുരുങ്ങിയത് 6 മാസം വേണ്ടിവരും.  അതുകൊണ്ട്, ഈ കാലയളവില്‍ അണുബാധ വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടതാണ്.

കുത്തിവെപ്പ് (Immunisation) ലൂടെ കാൻസർ ഉണ്ടാവുന്നത് തടയാൻ കഴിയുമോ?
Hepatitis B എന്ന വൈറസ് കരളിൽ അണുബാധ ഉണ്ടാക്കി,  പിന്നീട് കരളിൽ കാൻസർ ഉണ്ടാവാൻ കാരണമാകുന്നു.  Hepatitis B എന്ന വൈറസ് കൊണ്ട് കരളിൽ ഉണ്ടാവുന്ന അണുബാധ ഒഴിവാക്കാൻ കുത്തിവെയ്പ്പ് ലഭ്യമാണ്.  അതുപോലെതന്നെ  HPV എന്ന പേരിൽ അറിയപ്പെടുന്ന വൈറസ് സ്ത്രീകളിൽ ഗർഭാശയഗളത്തിൽ  (Uterine Cervix)  അണുബാധ ഉണ്ടാക്കി പിന്നീട് ഗർഭാശയ ഗളത്തിൽ  (Uterine Cervix)  കാൻസർ ഉണ്ടാക്കുന്നു.  HPV അണുബാധ ഒഴിവാക്കാൻ കുത്തിവെയ്പ്പ് ലഭ്യമാണ്.
ഇത്തരം കുത്തിവെയ്‌പ് കൃത്യമായി കുട്ടികൾക്ക് നൽകിയാൽ മുകളിൽ പ്രതിപാദിച്ച രണ്ട് തരത്തിലുള്ള കാൻസർ ഒഴിവാക്കാൻ സാധിക്കും.

നിങ്ങളുടെ നിർദ്ദേശങ്ങൾ

    കൂടുതൽ വിവരങ്ങൾക്ക്

    ഡോ.സൈനുൽ ആബിദിനെ ബന്ധപ്പെടുകPhone: +97156 826 7564Mail: childhoodcancerkerala@gmail.com

    Copyright © 2020 : Made with & by Webcoffee Online Solutions