എല്ലാ കുട്ടികള്‍ക്കും ശരീര വളര്‍ച്ച വളരെ പ്രധാനമാണ്. കാന്‍സര്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാവാന്‍ ഗുണമേന്മയുള്ള ഭക്ഷണരീതി അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ശരീരത്തില്‍ പ്രോട്ടീന്‍ (Protien), വിറ്റമിന്‍, കൊഴുപ്പ് (Fat) എന്നിവയുടെ അളവുകള്‍ ശരിയായ നിലയില്‍ നിലനിര്‍ത്തിയാല്‍ കാന്‍സര്‍ മരുന്നിന് മെച്ചപ്പെട്ട ഫലം ലഭിക്കും. അതുമാത്രമല്ല, കുട്ടികള്‍ക്ക് ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കളെ പ്രതിരോധിക്കാനും ഇതുവഴി കഴിയുന്നു. അതുകൊണ്ടുതന്നെ പോഷകമൂല്യമുള്ള ഭക്ഷണം മരുന്നു പോലെതന്നെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ നിരന്തര ജാഗ്രത ആവശ്യമാണ്.
എങ്ങിനെയാണ് കുട്ടി കൃത്യമായി ഭക്ഷണം കഴിക്കുന്നു എന്ന് മനസ്സിലാവുക?
നിങ്ങളുടെ കുട്ടിയുടെ ഭാരം (Weight), ഉയരം (height) കൃത്യമായി രേഖപ്പെടുത്തണം. കുട്ടിക്ക് കൃത്യമായ ഭക്ഷണം ആവശ്യത്തിനുള്ള അളവില്‍ ലഭിക്കുന്നു എന്നറിയുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം കുട്ടിയുടെ ഭാരമാണ്. ഭാരം കൂടുന്നില്ലെങ്കില്‍ ഭക്ഷണരീതിയില്‍ പ്രശ്നങ്ങളുണ്ട് എന്ന് മനസ്സിലാക്കാം. കുട്ടിയുടെ ഭാരം കുറയുകയാണെങ്കില്‍ നിങ്ങള്‍ ഗൗരവമായി എടുക്കണം.
കാന്‍സര്‍ രോഗവും അതിന് നല്‍കുന്ന ചികിത്സയും എങ്ങിനെയാണ് നിങ്ങളുടെ കുട്ടിയുടെ ശരീരഭാരത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇത് നിങ്ങളുടെ കുട്ടിയുടെ ശരീരഭാരം നിലനിര്‍ത്താന്‍ എന്തൊക്കെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും എന്ന് തീരുമാനിക്കാന്‍ നിങ്ങളെ സഹായിക്കും.
കാന്‍സര്‍ മരുന്ന് നല്‍കുമ്പോള്‍ ഉണ്ടാവുന്ന പാര്‍ശ്വ ഫലങ്ങള്‍ കുട്ടികളുടെ വിശപ്പിനെയും ഭക്ഷണം കഴിക്കാനുള്ള താല്‍പര്യത്തെയും ബാധിക്കാം. അവയില്‍ പ്രധാനപ്പെട്ടവയാണ് ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ (ഓക്കാനം), ഛര്‍ദ്ദിക്കുക, വായിലുണ്ടാകുന്ന പുണ്ണ്, മലബന്ധം, വയറിളക്കം എന്നിവ. ഇത്തരം പ്രശ്നങ്ങള്‍ കാന്‍സര്‍ ചികിത്സാ സമയത്ത് സാധാരണമാണ്. ഇത് രക്ഷിതാക്കള്‍ ശ്രദ്ധിച്ച് തരണം ചെയ്താല്‍ ശരീരഭാരം കുറയാതെ നോക്കാം.
ഛര്‍ദ്ദി വരുമ്പോള്‍ എന്തു ചെയ്യണം?
ഛര്‍ദ്ദി കാന്‍സര്‍ മരുന്നിന്‍റെ പ്രധാനപ്പെട്ട പാര്‍ശ്വഫലമാണ്. ഛര്‍ദ്ദി ഇല്ലാതാക്കാന്‍ പല തരത്തിലുള്ള മരുന്നുകള്‍ ലഭ്യമാണ്. ചിലപ്പോള്‍ ഛര്‍ദ്ദി ഇല്ലാതാക്കാനുള്ള രണ്ടോ മൂന്നോ മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരും.
ഛര്‍ദ്ദി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഡോക്ടര്‍ കൂടുതല്‍ മരുന്ന് നിര്‍ദ്ദേശിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്.
ചില ലളിതമായ കാര്യങ്ങള്‍ ഛര്‍ദി ഇല്ലാതാക്കാന്‍ സഹായിക്കും.
- നിങ്ങളുടെ കുട്ടിക്ക് ഛര്‍ദ്ദി ഉണ്ടാക്കാന്‍ സാധ്യതയുള്ള അമിതമായ മണമുള്ള ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കണം.
- കുട്ടികള്‍ക്ക് വളരെ കുറഞ്ഞ അളവില്‍ കൂടുതല്‍ പ്രാവശ്യമായും ഭക്ഷണം നല്‍കുക.
വായില്‍ ഉണ്ടാകുന്ന പുണ്ണും, അണുബാധയും കുട്ടികളുടെ വിശപ്പിനെയും ബാധിക്കുന്നു
കാന്‍സര്‍ മരുന്ന് ഉണ്ടാക്കുന്ന മറ്റൊരു പാര്‍ശ്വ ഫലമാണ് വായില്‍ പുണ്ണ് (Mucositis). ഈ പാര്‍ശ്വഫലം ഉണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് വേദനയും ഉണ്ടാകും. ഇങ്ങിനെയുണ്ടാകുമ്പോള്‍ വേദനാസംഹാരി കൃത്യമായി ഉപയോഗിക്കണം. വേദന അനുഭവിക്കാതിരിക്കാനുള്ള എല്ലാ വഴികളും ഉപയോഗിക്കണം. ചിലപ്പോള്‍ കഠിനമായ വേദനാസംഹാരികള്‍ വരെ (മോര്‍ഫിന്‍) ഉപയോഗിക്കേണ്ടി വരും. അധികം ചൂടുള്ള ഭക്ഷണവും എരിവുള്ള ഭക്ഷണവും ഒഴിവാക്കുക.
വായില്‍ ഉണ്ടാകുന്ന വരള്‍ച്ച
ചില കാന്‍സര്‍ മരുന്ന് വായില്‍ വരള്‍ച്ചയുണ്ടാക്കും.(Dry mouth) ഇത് കുട്ടിയുടെ വിശപ്പിനെ ബാധിക്കാം. മാത്രമല്ല വായില്‍ അണുബാധയുണ്ടാക്കാനും ഇത് കാരണമാവാം.
- അണുബാധ തടയുന്ന, വായില്‍ വരള്‍ച്ച ഇല്ലാതാക്കാനുള്ള മൗത്ത് വാഷ് കൃത്യമായി ഉപയോഗിക്കാന്‍ ശ്രമിക്കുക.
- തണുത്ത ജ്യൂസ് ഇടയ്ക്കിടെ കുടിപ്പിക്കുക. അത് വായ തണുപ്പിക്കുക മാത്രമല്ല വായിൽ നനവും ഉണ്ടാക്കുന്നു.
രുചിക്കുറവ്
കാന്‍സറും, കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നും ഏറ്റവും രുചിയുള്ള ഭക്ഷണത്തോട് പോലും കുട്ടികള്‍ക്ക് രുചിക്കുറവ് തോന്നിപ്പിക്കാം. ഈ സമയത്ത് കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതാണ്. ഒരിക്കലും അവരെ പഴിക്കരുത്. ക്ഷമയോടെ അവരെ പ്രോത്സാഹിപ്പിക്കുക. അവസരത്തിനൊത്ത് അവരുടെ പ്രകൃതത്തിനനുസരിച്ച് പല തരത്തിലുള്ള പലഹാരങ്ങള്‍ കഴിപ്പിക്കാന്‍ ശ്രമിക്കുക. പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കൂടുതല്‍ പ്രോട്ടീനും എനര്‍ജിയും ഉള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുക.
വയറിളക്കം
കാന്‍സര്‍ ചികിത്സ വയറിളക്കം ഉണ്ടാക്കാം. ഇത് അവരുടെ ശരീര പുഷ്ടിയെ ബാധിക്കാം. ലൂസായി നഷ്ടപ്പെടുന്ന മലത്തിന്‍റെ അളവനുസരിച്ച് കൂടുതല്‍ പോഷക ദ്രാവകങ്ങള്‍ കുടിക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
അളവ് കുറച്ച്, കൂടുതല്‍ പ്രാവശ്യം കുടിക്കാന്‍ കൊടുക്കുക. കുട്ടികള്‍ സാധാരണപോലെ മൂത്രം ഒഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
മലബന്ധം
കാന്‍സര്‍ ചികിത്സയില്‍ ഉണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് മലബന്ധം. ഇത് വിശപ്പിനെ ബാധിക്കും. ശരീരഭാരത്തെയും ബാധിക്കും. ഇത് പരിഹരിക്കാന്‍ പല തരത്തിലുള്ള മരുന്ന് ലഭ്യമാണ്. ചിലപ്പോള്‍ ഒന്നോ രണ്ടോ മരുന്ന് ഉപയോഗിക്കേണ്ടി വരും. ധാരാളം വെള്ളം കുടിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക.
നിങ്ങളുടെ കുട്ടിക്ക് ലഭ്യമായ നല്ല ഭക്ഷണങ്ങളെക്കുറിച്ചും അതില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ചും സ്വയം അറിയുന്നത് ഓരോ അവസരത്തിലും അനുയോജ്യമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കും.
കാന്‍സര്‍ ചികിത്സാ സമയത്ത് നിങ്ങളുടെ കുട്ടിയുടെ വളര്‍ച്ചയ്ക്കും ശരീരഭാരം നിലനിര്‍ത്താനും പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റമിന്‍, മിനറല്‍സ് എന്നിവ കൃത്യമായി ലഭിക്കേണ്ടതുണ്ട്. ഇത് ലഭിക്കുന്ന ഭക്ഷണയിനങ്ങള്‍ എന്തൊക്കെ എന്ന് മനസ്സിലാക്കണം.
കാര്‍ബോഹൈഡ്രേറ്റ് (അന്നജം) – ശരീരത്തിന് ഊര്‍ജ്ജം (energy) നല്‍കുന്ന ഘടകമാണിത്. ശരീരം കൃത്യമായി പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം ആവശ്യമാണ്; പ്രത്യേകിച്ച് കാന്‍സറിനോട് മല്ലിടാന്‍. പഞ്ചസാര, മധുരമുള്ള പലഹാരങ്ങള്‍, എണ്ണയുള്ള പലഹാരങ്ങള്‍, അരി, ഗോതമ്പ്, റാഗി എന്നിവകൊണ്ടുള്ള ഭക്ഷണങ്ങള്‍ മുതലായവയില്‍ ധാരാളം ഊര്‍ജ്ജം ഉണ്ട്.
പ്രോട്ടീന്‍ (മാംസ്യം) – ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ (മാംസ്യം) ആവശ്യമാണ്. അണുബാധ തടയാനുള്ള രക്തത്തിലെ പ്രതിരോധഘടകങ്ങളെ നിര്‍മ്മിക്കാനും കാന്‍സര്‍ മരുന്ന് മൂലം വായിലുണ്ടാകുന്ന പുണ്ണ് ഉണങ്ങാനും പ്രോട്ടീന്‍ ആവശ്യമാണ്. ഇറച്ചി, മീന്‍, മുട്ട, പാല്‍, വെണ്ണ, തൈര്, ബ്രഡ്, ചപ്പാത്തി, ചോറ് എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ട്.
വിറ്റാമിന്‍ – കാന്‍സര്‍ മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍കൊണ്ട് ശരീരത്തില്‍ നഷ്ടപ്പെടുന്ന രക്തം നിര്‍മ്മിക്കാന്‍ വിറ്റാമിന്‍ (ജീവകം) ആവശ്യമാണ്. മാത്രമല്ല, ശരീരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ വിറ്റാമിന്‍ ആവശ്യമാണ്. പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിന്‍ ഉണ്ട്.
രക്ഷിതാക്കള്‍ക്ക് എന്തുചെയ്യാം?
നിങ്ങളുടെ കുട്ടിയില്‍ നിര്‍ണ്ണയിക്കപ്പെട്ട കാന്‍സര്‍ രോഗവും അതുപോലെതന്നെ കാന്‍സര്‍ മരുന്നുകളും കുട്ടിയുടെ വിശപ്പിനെയും ഭക്ഷണം കഴിക്കാനുള്ള താല്‍പര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. കാന്‍സര്‍ ചികിത്സയില്‍ ഉടനീളം നിങ്ങളുടെ കുട്ടിക്ക് രുചിക്കുറവ് അനുഭവപ്പെടാം. ഈ കാരണങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് കുട്ടിയെ ഭക്ഷണം കഴിപ്പിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രക്രിയയായി അനുഭവപ്പെട്ടേക്കാം. ഇത് മനസ്സിലാക്കുകയും തരണം ചെയ്യാനുള്ള വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ നിങ്ങളുടെ കുട്ടിയുടെ കാന്‍സര്‍ ചികിത്സ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാകും.
- നിങ്ങളുടെ കുട്ടിയുടെ വായ് പതിവായും കൃത്യമായും വൃത്തിയാക്കണം. ഇത് ഭക്ഷണത്തിന്‍റെ രുചി നന്നായി അനുഭവപ്പെടാന്‍ സഹായിക്കും.
- ദിവസത്തില്‍ മൂന്നുനേരം ഭക്ഷണം കൊടുക്കുന്നതിനു പകരം കൂടുതല്‍ പ്രാവശ്യം കുറഞ്ഞ അളവില്‍ കൊടുക്കുക.
- കാന്‍സര്‍ മരുന്ന് നല്‍കുമ്പോള്‍ നിങ്ങളുടെ കുട്ടിയുടെ അണുബാധക്കെതിരെ പ്രതിരോധിക്കാനുള്ള ശക്തികുറയുന്നു. അതുകൊണ്ട് ഭക്ഷണത്തിലൂടെ അണുബാധ ഉണ്ടാവാന്‍ കാരണമാവുന്നു. എല്ലാ ഭക്ഷണവും വളരെ നന്നായി പാചകം ചെയ്തതാണെന്ന് ഉറപ്പുവരുത്തുക. പാകം ചെയ്യാത്തതോ പകുതി പാകം ചെയ്തതോ ആയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക.
- മുട്ട നല്ലവണ്ണം പാകം ചെയ്യണം. പകുതി പാകം ചെയ്ത മുട്ട നിര്‍ബന്ധമായും ഒഴിവാക്കുക.
- പഴവര്‍ഗങ്ങള്‍ പച്ചക്കറികള്‍ എന്നിവ നല്ലവണ്ണം കഴുകി വൃത്തിയാക്കി മാത്രം ഉപയോഗിക്കുക.
- കുട്ടിക്ക് ഭക്ഷണം പാകം ചെയ്യുമ്പോള്‍ നിങ്ങള്‍ കൈകള്‍ കൃത്യമായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. കൈ തോര്‍ത്തുമ്പോള്‍ വൃത്തിയുള്ള ടവല്‍ ഉപയോഗിക്കുക. ഇതൊക്കെ ചെറിയ കാര്യങ്ങള്‍ ആയി തോന്നിയേക്കാം. സൂക്ഷിച്ചില്ലെങ്കില്‍ ഇതിലൂടെ അണുബാധ കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ച് മരണംവരെ സംഭവിക്കാം. കുറഞ്ഞത് ൨൦ സെക്കന്‍റെങ്കിലും കൈ കഴുകുക.
- സൂക്ഷ്മതയോടെയും വൃത്തിയായും ഭക്ഷണം പാകം ചെയ്യാത്ത ഹോട്ടലുകളിൽ നിന്നുണ്ടാകുന്ന ഭക്ഷണം പാടെ ഒഴിവാക്കുക.
- കുട്ടികൾ കൂടുതൽ എനർജിയുള്ള ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ കൊഴുപ്പുള്ള ഭക്ഷണം കൊടുക്കുക. കൊഴുപ്പിൽ ധാരാളം എനർജി (ഊർജ്ജം) ഉണ്ട്.
- ഭക്ഷണത്തോടൊപ്പം കുടിക്കാൻ കൊടുക്കാതെ രണ്ട് ഭക്ഷണത്തിനിടയിലുള്ള സമയത്ത് കുടിക്കാൻ പ്രോത്സാഹിപ്പിക്കുക.
- കളിയിലൂടെയും തമാശയിലൂടെയും ഭക്ഷണം കൊടുക്കാൻ ശ്രമിക്കുക.
സാധാരണ കുട്ടികൾ കഴിക്കാറുള്ള പോലെ ദിവസത്തിൽ 3-4 പ്രാവശ്യം ഭക്ഷണം കഴിക്കുക എന്നതിനു പകരം കുറഞ്ഞ അളവിൽ കൂടുതൽ പ്രാവശ്യം കഴിക്കാൻ ( രണ്ടു മണിക്കൂർ ഇടവിട്ട് ) പ്രേരിപ്പിക്കുക. കുട്ടികൾ ദിവസത്തിൽ ചിലസമയത്ത് കൂടുതലായി കഴിച്ചേക്കാം. നിങ്ങളുടെ കുട്ടിയുടെ പ്രകൃതിക്കനുസരിച്ച് ഏത് സമയത്താണ് നിങ്ങളുടെ കുട്ടികൾ കൂടുതൽ കഴിക്കുക എന്ന് മനസ്സിലാക്കി ആ സമയത്ത് ഭക്ഷണം കൊടുക്കുക.
ഭക്ഷണത്തിൻെ തുടക്കത്തിൽ വയറ് പെട്ടെന്ന് നിറയുന്ന ഫ്രൂട്ട്സും പച്ചക്കറികളും കൊടുക്കാതെ നോക്കുക. മറിച്ച് കൂടുതൽ പ്രോട്ടീനുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ കൊടുക്കുക. കാരണം ഫ്രൂട്ട്സിൽ പ്രോട്ടീൻ കുറവാണ്.
ഭക്ഷണത്തിൻെ തുടക്കത്തിൽ തന്നെ വെള്ളം കുടിക്കാൻ കൊടുക്കാതിരിക്കുക, ഇത് വയറ് നിറയാൻ കാരണമാകുന്നു.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടും കുട്ടികൾ ആവശ്യത്തിന് കഴിക്കാതെ വരികയോ ശരീര ഭാരം കുറയുകയോ, ശരീര ഭാരം നില നിർത്താൻ കഴിയാതെ വരുകയോ ചെയ്താൽ എന്തുചെയ്യണം?
കൂടുതൽ കട്ടിയുള്ള ഭക്ഷണം അഥവാ കൂടുതൽ എനർജിയും കൊഴുപ്പും പ്രോട്ടീനുമുള്ള ഭക്ഷണം നൽകുക. ഉദാഹരണങ്ങൾ – കൂടുതൽ ഓയിൽ ഉള്ള ഭക്ഷണം, ക്രീം ഉള്ള പലഹാരങ്ങൾ, വെണ്ണ, ചീസ്, ഐസ്‌ക്രീം, നിലക്കടല, തേൻ, മുട്ട, മാംസം മുതലായവ.
കാൻസറിന് ചികിൽസിക്കപ്പെടുന്ന കുട്ടികളിൽ എളുപ്പത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വൃത്തിയുള്ള ഭക്ഷണം കഴിക്കുകയും കൈകളും പ്ളേറ്റുകളും ചൂടുള്ള വെള്ളത്തിൽ കഴുകുകയും വേണം.
എല്ലാ കാര്യങ്ങൾ ചെയ്തിട്ടും കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല മാത്രമല്ല, ശരീരഭാരവും കുറയുന്നു..
കൃത്യമായ ശരീരഭാരം കുറയാതെ നിലനിർത്തുക കാൻസർ ചികിത്സ ഉദ്ദേശിക്കുന്ന ഫലം നല്കാൻ ആവശ്യമാണ്. അത് കൊണ്ടുതന്നെ എന്ത് വിലകൊടുത്തും ശരീരഭാരം നിലനിർത്താൻ ശ്രമിക്കണം.
നിങ്ങൾ എല്ലാ പരിശ്രമങ്ങളും ചെയ്താലും ചില കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. എല്ലാ രീതിയിലും പരിശ്രമിച്ചിട്ടും അവരുടെ ഭാരം കുറയുകയാണെങ്കിൽ മറ്റ് കൃത്രിമ ഭക്ഷണ രീതികൾ ഉപയോഗിക്കേണ്ടി വരും. അവ പ്രധാനമായും മൂന്നു രീതികളാണുള്ളത്.
1) മൂക്കിലൂടെ പ്ലാസ്റ്റിക് റ്റ്യൂബ് കടത്തുക. അതിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണം കൊടുക്കുക. ഇത്തരം രീതി നഴ്‍സുമാർ മുഖേനയോ സ്വന്തമായി പരിശീലനം നേടി അമ്മമാർക്ക് തന്നെയോ നല്കാവുന്നതാണ്.
2) TPN രക്തകുഴലിലൂടെ നൽകാവുന്ന ഭക്ഷണ രൂപങ്ങൾ ലഭ്യമാണ്. ഇത് വിലയേറിയതാണ്. മാത്രമല്ല ആശുപത്രികളിൽ നിന്നുമാത്രമേ ഇത്തരം ഭക്ഷണം നൽകാൻ കഴിയുകയുള്ളു.
3) Peg Tube