കാന്‍സര്‍ ചികിത്സയുടെ ഒരു പ്രധാന ഘടകം മരുന്ന് തന്നെയാണ്. അതിനെ കീമോതെറാപ്പി (Chemotherapy) എന്നു പറയുന്നു. കീമോതെറാപ്പി ശരീരത്തില്‍ അനിയന്ത്രിതമായി വളരുന്ന കാന്‍സറിനെ നശിപ്പിക്കുന്നു. പക്ഷേ കീമോതെറാപ്പി ശരീരത്തിലെ നോര്‍മലായുള്ള അവയവങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ചിലപ്പോള്‍ ഗൗരവമേറിയതാവാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാര്‍ശ്വഫലങ്ങളുടെ കാഠിന്യം കുറച്ച് കാന്‍സര്‍ ചികിത്സ ഏറ്റവും ഫലപ്രദമാക്കാന്‍ കഴിയും.
നിങ്ങള്‍ അറിയേണ്ടത്
- കാന്‍സര്‍ മരുന്നിന് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കിലും എല്ലാ പാര്‍ശ്വഫലങ്ങളും നിങ്ങളുടെ കുട്ടിക്ക് ഉണ്ടാകണമെന്നില്ല. ഓരോ കുട്ടിയുടെ ശരീരവും വ്യത്യസ്തമായി മരുന്നിനോട് പ്രതികരിക്കുന്നു. അതുകൊണ്ട് കാൻസർ മരുന്നിൻ്റെ പാർശ്യഫലങ്ങൾ ഓർത്ത് ചികിത്സയിൽ നിന്ന് പിന്മാറരുത്.
- കാന്‍സര്‍ മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളില്‍ അധികവും താല്‍ക്കാലികമാണ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ അതിന്‍റെ കാഠിന്യം വളരെയധികം കുറയ്ക്കാവുന്നതാണ്.
- കാന്‍സര്‍ മരുന്നിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നിങ്ങളുടെ കുട്ടിക്ക് അവ നല്‍കുന്നത്. കാരണം ഈ മരുന്ന് നല്‍കിയില്ലെങ്കില്‍ കാന്‍സര്‍ കോശങ്ങള്‍ വളര്‍ന്ന് നിങ്ങളുടെ കുട്ടിയെ മരണത്തിലേക്ക് നയിച്ചേക്കാം.
- ചില കാന്‍സര്‍ മരുന്ന് നല്‍കുമ്പോള്‍ ഇടയ്ക്കിടെ രക്തത്തിലെ കോശങ്ങളുടെ അളവ് പരിശോധിക്കേണ്ടിവരും. ചിലപ്പോള്‍ അളവ് ഒരുപരിധിയില്‍ കുറയുമ്പോള്‍ താല്‍ക്കാലികമായി കാന്‍സര്‍ മരുന്ന് കുട്ടിക്ക് നല്‍കുന്നത് നിര്‍ത്തിവെക്കേണ്ടിവരും. ചിലപ്പോള്‍ കാന്‍സര്‍ മരുന്നിന്‍റെ ഡോസ് കുറയ്ക്കേണ്ടിവരും. ചിലപ്പോള്‍ രക്തത്തിലെ കോശങ്ങളുടെ അളവ് സാധാരണ അളവില്‍ നിലനിര്‍ത്താന്‍ ചില മരുന്നുകള്‍ ഉപയോഗിക്കേണ്ടിയും വരും. ഇത്തരം കാര്യങ്ങള്‍ ഡോക്ടറോട് ചോദിച്ച് കഴിയുന്നത്ര സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. ചിലപ്പോള്‍ ചില കാന്‍സര്‍ മരുന്ന് നല്‍കുമ്പോള്‍ രക്തത്തിലെ കോശങ്ങളുടെ അളവ് പ്രത്യേക അളവില്‍ നില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടി വരും. ഇതിനായി ചിലപ്പോള്‍ കുട്ടിക്ക് രക്തവും പ്ലേറ്റ്ലറ്റും നല്‍കേണ്ടിവരും.
ഭൂരിഭാഗം പാർശ്യഫലങ്ങളും കാൻസർ ചികിത്സ അവസാനിച്ചാൽ ഇല്ലാതാവും. കാൻസർ ചികത്സയ്ക്ക് പലതരത്തിലുള്ള മരുന്നുകൾ ആവശ്യമാണ്. ഓരോ മരുന്നിനും വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കാണപ്പെടുന്നു. പ്രധാനപ്പെട്ട പാര്‍ശ്വഫലങ്ങള്‍ താഴെ പറയുന്നവയാണ്.
- അണുബാധ
കാന്‍സര്‍ മരുന്ന് നിങ്ങളുടെ കുട്ടികളിൽ അണുബാധയുണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മരണത്തിലേക്ക് നയിക്കാം. കാന്‍സര്‍ മരുന്ന് ശരീരത്തിലെ വെളുത്ത രക്താണുക്കളെ താല്‍ക്കാലികമായി നശിപ്പിക്കുന്നതു കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്താല്‍ അണുബാധ ഇല്ലാതാക്കാന്‍ സാധിക്കും.
കാന്‍സര്‍ ചികിത്സാ സമയത്ത് അണുബാധ ഇല്ലാതാക്കാന്‍ രക്ഷിതാക്കള്‍ എന്തെല്ലാം ശ്രദ്ധിക്കണം ?
1) പനി, ചുമ, ജലദോഷം മുതലായ അസുഖങ്ങളുള്ളവർ നിങ്ങളുടെ ബന്ധുക്കളോ, കുടുംബാംഗങ്ങളോ ആവാം. പക്ഷെ അവരെ നിങ്ങളുടെ കുട്ടികളില്‍ നിന്നും അകറ്റി നിര്‍ത്തണം. ചിലപ്പോള്‍ രോഗിയെ സന്ദര്‍ശിക്കുന്നവരോട് പറയാന്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. പക്ഷെ നിങ്ങളുടെ കുട്ടിയെയോര്‍ത്ത് അണുബാധയുള്ള സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക. അവരെ ഈ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.
2) കാന്‍സര്‍ ചികിത്സാ സമയത്ത് കുട്ടികളെ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലത്തോ പരിപാടിയിലോ കൊണ്ടുപോകാതിരിക്കുക. അറിയാതെ അണുബാധ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
3) ചിക്കന്‍പോക്സ് എന്ന അസുഖം സാധാരണ കുട്ടികളെ ഗൗരവമായി ബാധിക്കാറില്ല. പക്ഷേ കാന്‍സര്‍ മരുന്ന് കഴിക്കുന്ന കുട്ടിക്ക് ചിക്കന്‍പോക്സ് ഉണ്ടായാല്‍ മരണം വരെ സംഭവിക്കാം. അതുകൊണ്ട് ചിക്കന്‍പോക്സ് ഉള്ളവരുടെ അടുത്ത് പെരുമാറുന്നതിൽ നിന്നും നിങ്ങളുടെ കുട്ടികളെ മാറ്റിനിർത്തണം. അറിയാതെ സംഭവിച്ചാല്‍ ചിക്കന്‍പോക്സിന്‍റെ ആരംഭ ലക്ഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ (പനി, തൊലിപ്പുറത്തുള്ള ലക്ഷണങ്ങള്‍) Aciclovir എന്ന മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ നിര്‍ദേശിക്കാവുന്നതാണ്. സഹപാഠികള്‍ക്ക് ചിക്കന്‍പോക്സ് ഉണ്ടായാല്‍ നിങ്ങളുടെ കുട്ടിക്ക് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് തന്നെ ചികിത്സ തുടങ്ങാവുന്നതാണ്. സ്കൂളിലെ മറ്റ് കുട്ടികള്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചാല്‍, യഥാസമയം നിങ്ങളെ അറിയിക്കാന്‍ സ്കൂള്‍ അധികൃതരുടെ സഹകരണം ഉറപ്പു വരുത്തണം.
4) കാന്‍സര്‍ ചികിത്സാ സമയത്ത് കുട്ടികള്‍ നീന്തുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. വെള്ളത്തിലൂടെ പകരുന്ന അണുബാധയില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കും.
5) ഫംഗസ് അണുബാധ കാന്‍സര്‍ ചികിത്സയിലുള്ള കുട്ടികളില്‍ ഗൗരവമേറിയ അണുബാധ ഉണ്ടാക്കും. മാലിന്യങ്ങള്‍ കൂട്ടിയിടുന്ന സ്ഥലങ്ങള്‍, കെട്ടിടങ്ങളുടെ പണി നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം അണുബാധ കൂടുതലാണ്. ഇത്തരം സ്ഥലങ്ങളില്‍ കുട്ടികള്‍ പോകുന്നത് തടയുക. സ്വന്തം വീട്ടില്‍ ബില്‍ഡിംഗ് പണിയുണ്ടെങ്കില്‍ കാന്‍സര്‍ ചികിത്സ കഴിഞ്ഞതിനു ശേഷം തുടങ്ങാന്‍ ശ്രമിക്കുക. ചില കാന്‍സര്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഫംഗസ് ബാധ വരാതിരിക്കാനുള്ള മരുന്ന് ആവശ്യമാണ്. ഡോക്ടറോട് ഇതിനെക്കുറിച്ച് ചോദിക്കുക.
6) നിങ്ങളുടെ കുട്ടികളെ, നിങ്ങളോ നിങ്ങളുടെ സന്ദര്‍ശകരോ സ്പര്‍ശിക്കുമ്പോള്‍ അവർ കൈപ്പത്തി വൃത്തിയായി കഴുകി എന്ന് ഉറപ്പുവരുത്തുക. കാന്‍സര്‍ ചികിത്സിക്കുമ്പോള്‍ കുട്ടിയുടെ ഡോക്ടര്‍മാരും, നഴ്സുമാരും കൈ കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
7) എല്ലാ ദിവസവും കുട്ടിയെ കുളിപ്പിക്കുക. വസ്ത്രങ്ങളും, ബെഡ് ഷീറ്റും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാതെ സൂക്ഷിക്കുക. ഇത് അണുബാധ പകരുന്നതില്‍ നിന്നും കുട്ടിയെ സംരക്ഷിക്കുന്നു. അണുബാധ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ നിര്‍ദേശാനുസരണം ആന്‍റിബയോട്ടിക് ഉപയോഗിച്ച് ചികിത്സിക്കണം.
8) വായ വൃത്തിയായി സൂക്ഷിക്കുക. കാന്‍സര്‍ ചികിത്സിക്കപ്പെടുമ്പോള്‍ കൂടുതലായി ക്ഷതം ഉണ്ടാവുന്ന ശരീരഭാഗമാണ് കുട്ടികളുടെ വായ്, മോണ എന്നിവ. കാന്‍സര്‍ ചികിത്സാ സമയത്ത് വായയില്‍ അണുബാധ ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. വായില്‍ പുണ്ണുണ്ടായി വേദനയും ഉണ്ടാവാം.
9)കാഠിന്യം കുറഞ്ഞ ബ്രഷ് ഉപയോഗിച്ച് പല്ല് നന്നായി സദാസമയവും വൃത്തിയാക്കി വയ്ക്കുക.
10) അണുബാധ തടയാനുള്ള ആന്‍റിസെപ്റ്റിക് മൗത്ത് വാഷ് എല്ലാ ഭക്ഷണത്തിനുശേഷവും ഉപയോഗിക്കുക.
11) കാന്‍സര്‍ ചികിത്സ തുടങ്ങുന്നതിനു മുമ്പ് പല്ല് ഡോക്ടറെ കാണിച്ച് പല്ലിന്‍റെ ആരോഗ്യം ഉറപ്പുവരുത്തുക.കൃത്യമായ ഭക്ഷണരീതിയിലൂടെയും വെള്ളം കുടിക്കുന്നതിലൂടെയും കുട്ടികളിൽ അണുബാധ ഒഴിവാക്കാം.
12) ധാരാളം വെള്ളം കുടിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. കൂടുതല്‍ വെള്ളം കുടിക്കുമ്പോള്‍ വായ വൃത്തിയായി നില്‍ക്കും. കൂടുതല്‍ മൂത്രം ഒഴിക്കുമ്പോള്‍ മൂത്രത്തിലെ അണുബാധയും കുറയുന്നു.
13) നല്ലവണ്ണം പാകം ചെയ്ത ഭക്ഷണങ്ങള്‍ മാത്രം നല്‍കുക.
14) ചൂടാക്കി തണുപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
മുകളില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറയ്ക്കാവുന്നതാണ്. എന്നിരുന്നാലും കുട്ടികളില്‍ കാന്‍സര്‍ ചികിത്സാ സമയത്ത് അണുബാധ ഗൗരവമായി ബാധിക്കുന്നതിനാല്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം.
അണുബാധ ഉണ്ടാകുമ്പോള്‍ കാണാവുന്ന ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.
- കുളിര് അനുഭവപ്പെടുക
- വയറിളകുക
- മൂത്രമൊഴിക്കുമ്പോള്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെടുക
- കൂടുതലായി ചുമയ്ക്കുക
- ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
- ഹൃദയമിടിപ്പ് കൂടുക
- കുട്ടികളില്‍ വല്ലാതെ ക്ഷീണം അനുഭവപ്പെടുക.
- സ്വന്തമായി പനി അറിയാനുള്ള തെര്‍മോമീറ്റര്‍ രക്ഷിതാക്കള്‍ സ്വന്തമായി ഉപയോഗിക്കാന്‍ പഠിക്കുക.
- ശരീരതാപം 37.5 ഡിഗ്രി സെൽഷ്യസ് (Degree celcius), അല്ലെങ്കിൽ 99.5 ഡിഗ്രി ഫാരൻ (Degree Farenhiet) കൂടുതൽ ആണെങ്കിൽ അണുബാധയുണ്ടോ എന്ന് പരിശോധിക്കാൻ ഉടനെ ഡോക്ടറെ സമീപിക്കണം.
- കാന്‍സര്‍ ചികിത്സിക്കുന്ന ആശുപത്രിയിലേക്കുള്ള ദൂരം കൂടുതലാണെങ്കില്‍ വഴിയില്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ നിന്നും ആന്‍റിബയോട്ടിക്കിൻ്റെ ആദ്യഡോസ് നല്കാവുന്നതാണ്. കാന്‍സര്‍ ചികിത്സ തുടങ്ങുന്ന സമയതുതന്നെ അടുത്തുള്ള ഹോസ്പിറ്റലില്‍ ആന്‍റിബയോട്ടികിന്‍റെ ആദ്യത്തെ ഡോസ് നല്‍കാനുള്ള എര്‍പാട് ചെയ്യുക. വളരെ ദൂരം സഞ്ചരിച്ച് കാന്‍സര്‍ ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും ആന്‍റിബയോട്ടിക്കിന്‍റെ ആദ്യ ഡോസ് നല്‍കിയതിനാല്‍ ഫലം കണ്ടുതുടങ്ങും. ഇത് വളരെ ദൂരം സഞ്ചരിച്ച് കാന്‍സറിന് ചികിത്സിക്കുന്ന ഹോസ്പിറ്റലില്‍ എത്തേണ്ട കാലതാമസം ഒഴിവാക്കാനാണ്. ഇത്തരം ഘട്ടങ്ങളില്‍ രണ്ടു ഹോസ്പിറ്റലുകളും സഹകരിച്ചാല്‍ കുട്ടിയുടെ അണുബാധ തുടക്കത്തില്‍ തന്നെ ആന്‍റിബയോട്ടിക്കിന്‍റെ സഹായത്തോടെ നിയന്ത്രിക്കാം.
- കാന്‍സര്‍ ചികിത്സാ സമയത്ത് കൂടുതലായി കാണുന്ന ഒരു അണുബാധയാണ് PCP (Pneumocystis Carinii). ഇത് ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാക്കും. രോഗിയുടെ മരണത്തിനുവരെ ഇത് കാരണമായേക്കാം. ഇതൊഴിവാക്കാന്‍ കാന്‍സര്‍ ചികിത്സയില്‍ ആഴ്ചയില്‍ രണ്ട് ദിവസം കഴിക്കേണ്ട വളരെ വിലകുറഞ്ഞ ആന്‍റിബയോട്ടിക് ലഭ്യമാണ്. ഇതിന്‍റെ പേര് Septrin എന്നാണ്. ഇത് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോക്ടറോട് ചര്‍ച്ച ചെയ്യുക.
2. ക്ഷീണം അനുഭവപ്പെടുക (Tiredness)
വളരെയധികം ക്ഷീണം അനുഭവപ്പെടുക എന്നത് കാന്‍സര്‍ മരുന്നിന്‍റെ വളരെ സാധാരണമായ പാര്‍ശ്വഫലമാണ്. ചിലപ്പോള്‍ വിശ്രമിച്ചാലും, ഉറങ്ങിയാല്‍ പോലും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാം. ഇതുകൊണ്ടൊന്നും ചികിത്സയില്‍ നിന്നും മാറരുത്. രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടതും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതും ഇത്തരം വളരെ അസ്വസ്ഥമാക്കുന്ന ക്ഷീണം കാന്‍സര്‍ ചികിത്സ കഴിഞ്ഞാല്‍ ഇല്ലാതാകും എന്നതാണ്.
ക്ഷീണം കുറയ്ക്കാന്‍ ചെയ്യേണ്ടത്:
- കഴിയാവുന്ന രീതിയില്‍ വ്യായാമം ചെയ്യുക.
- കുട്ടികള്‍ക്ക് സന്തോഷം പകരുന്ന കളികളില്‍ ഏര്‍പ്പെടുക.
- കുട്ടികള്‍ക്കിഷ്ടമുള്ള നല്ല ഭക്ഷണം നല്‍കുക.
- കുട്ടി ധാരാളം നല്ല പാനീയങ്ങള്‍ കുടിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
3.വിളർച്ച (Pallor)
കാന്‍സര്‍ ചികിത്സ വിളർച്ച ഉണ്ടാക്കുന്നു. കാരണം കാന്‍സര്‍ മരുന്ന് ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നു. ചുവന്ന രക്താണുക്കളുടെ അളവ് കൃത്യമായി നിലനില്‍ക്കുന്നുണ്ടോ എന്ന് രക്തപരിശോധനയിലൂടെ ഉറപ്പുവരുത്തുക. ഒരു പരിധിയില്‍ കുറയുമ്പോള്‍ രക്തം നല്‍കേണ്ടി വരും. ഡോക്ടറുടെ നിര്‍ദേശിക്കുന്നതിനുസരിച്ച് വൈകിക്കാതെ നല്‍കാന്‍ ശ്രമിക്കണം.
നിങ്ങളുടെ കുട്ടിയുടെ രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ കുറയുമ്പോള്‍ ഉണ്ടാകുന്ന അടയാളങ്ങള്‍ അറിയുന്നത് നന്നായിരിക്കും.
1) വളരെയധികം ക്ഷീണം അനുഭവപ്പെടുക
2) തൊലിപ്പുറം വിളറി നിറ വ്യത്യാസം കാണുക.
3) ശ്വാസതടസ്സം അനുഭവപ്പെടുക.
4) ഹൃദയമിടിപ്പ് വര്‍ധിക്കുക.
4. ഛർദ്ദി (Vomitting)
കാന്‍സര്‍ മരുന്നിന്‍റെ ബുദ്ധിമുട്ടേറിയതും, വളരെ ക്ഷീണവും അസ്വസ്ഥതയും ഉണ്ടാക്കുന്നതുമായ ഒരു പാര്‍ശ്വഫലമാണ് ഛര്‍ദ്ദിയും ഛര്‍ദ്ദിക്കാനുള്ള തോന്നലും (ഓക്കാനം). ചിലപ്പോള്‍ കുട്ടികള്‍ക്ക് കാന്‍സര്‍ മരുന്നിനോടും കാന്‍സര്‍ ചികിത്സയോടും വെറുപ്പ് ഉണ്ടാകാന്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ കാരണമായേക്കാം. ഇത്തരം അവസ്ഥയില്‍ അവരുടെ അസ്വസ്ഥതകളെ അവഗണിക്കരുത്. ശ്രദ്ധയോടെ കാര്യങ്ങള്‍ മനസ്സിലാക്കുകയും പ്രതിവിധികള്‍ സൂക്ഷ്മതയോടെ ചെയ്യുകയും ചെയ്താല്‍ ഒരുപരിധിവരെ നിങ്ങളുടെ കുട്ടികളെ ഇത്തരം പാര്‍ശ്വഫലത്തില്‍ നിന്നു രക്ഷപ്പെടുത്താം.
നിങ്ങള്‍ ചെയ്യേണ്ടത്
- കൂടുതല്‍ ഭക്ഷണം ഒന്നിച്ച് കഴിക്കുന്നതിനു പകരം കുറച്ച് ഭക്ഷണം കൂടുതല്‍ പ്രാവശ്യം നല്‍കുക.
- ഭക്ഷണത്തോടൊപ്പം കൂടുതല്‍ വെള്ളം കുടിക്കാതിരിക്കുക.
- പതുക്കെ തിന്നാനും കുടിക്കാനും കുട്ടിയെ പ്രേരിപ്പിക്കുക.
- ചിലതരം ഭക്ഷണങ്ങളും, ചില ഭക്ഷണത്തിന്‍റെ മണവും നിങ്ങളുടെ കുട്ടിയില്‍ ഛര്‍ദ്ദിയുണ്ടാക്കാന്‍ പ്രേരിപ്പിക്കും. അവ ഒഴിവാക്കുക.
- ഓരോ തരത്തിലുള്ള കാന്‍സര്‍ മരുന്നും ഛര്‍ദ്ദി ഉണ്ടാക്കുന്ന രീതിയും ശക്തിയും വ്യത്യസ്തമാണ്. ഇതിനെ പ്രതിരോധിക്കാന്‍ വിവിധ തരത്തിലുള്ള ഛര്‍ദ്ദി പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. ഛര്‍ദ്ദി പ്രതിരോധ മരുന്നുകള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ ഛര്‍ദ്ദി ഇല്ലാതാക്കാന്‍ രണ്ടോ അതിലധികമോ മരുന്നുകള്‍ ഒരുമിച്ച് ഉപയോഗിക്കേണ്ടതായിവരും. കാന്‍സര്‍ ചികിത്സാ സമയത്ത് ഛര്‍ദ്ദി ഇല്ലാതാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ചെയ്തു എന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം.
5. വിശപ്പില്ലായ്‌മ (Loss of Appetite)
കാന്‍സറും കാന്‍സര്‍ മരുന്നും നിങ്ങളുടെ കുട്ടിയില്‍ വിശപ്പില്ലായ്മ ഉണ്ടാക്കുന്നു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളെയും കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഈ അവസ്ഥയെ തരണം ചെയ്യാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരാന്‍ ബുദ്ധിമുട്ടുണ്ട്. അവരെ പഴിക്കാതെ, അവരോട് കൂടുതല്‍ സ്നേഹം പ്രകടിപ്പിച്ച് പ്രോത്സാഹനത്തിന്‍റെ പല വഴിയും ഉപയോഗിച്ച് അവര്‍ നല്ലവണ്ണം ഭക്ഷണം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
6.മലബന്ധം (Constipation)
ചില കുട്ടികള്‍ മലം കൃത്യമായി പോകാന്‍ കഴിയാതെ ബുദ്ധിമുട്ടും. ഇതും കാന്‍സര്‍ മരുന്നിന്‍റെ ഒരു പാര്‍ശ്വഫലമാണ്. ഇതും കുട്ടികളെ അസ്വസ്ഥരാക്കും. ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ മരുന്നുകള്‍ ലഭ്യമാണ്. അത് ഉപയോഗിക്കാന്‍ മറക്കരുത്.
7.വായ്പ്പുണ്ണ് (Muscositis)
കാന്‍സര്‍ മരുന്ന് അന്നനാളത്തെ (ഊദ് പിപെ) പ്രതികൂലമായി ബാധിക്കുന്നു. അവ വായിലും, മോണയിലും വ്രണം ഉണ്ടാക്കുന്നു. നെഞ്ചിനകത്ത് എരിച്ചില്‍ ഉണ്ടാക്കുന്നു, വയറിനകത്ത് വേദനയുണ്ടാക്കുന്നു. മാത്രമല്ല, വയറിളക്കം ഉണ്ടാക്കുന്നു. ഇത് കുട്ടികളില്‍ വേദനയുണ്ടാക്കുന്നു. അതിനപ്പുറം അസ്വസ്ഥത, ഭക്ഷണം കഴിക്കാനുള്ള താല്‍പര്യക്കുറവ്, രുചിയില്ലായ്മ, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. ഈ പാര്‍ശ്വഫലങ്ങള്‍ എല്ലാം താല്‍ക്കാലികമാണ്. കാന്‍സര്‍ ചികിത്സിക്കപ്പെടുമ്പോള്‍ നിങ്ങളുടെ കുട്ടിക്ക് ഒരിക്കലും വേദന അനുഭവിക്കാന്‍ അനുവദിക്കരുത്. വേദന ഇല്ലാതാക്കാന്‍ ആവശ്യമായ എല്ലാ മരുന്നുകളും ഉപയോഗിക്കണം. ഈ സമയത്ത് വായിലൂടെ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് അണുബാധ ഇല്ലാതാക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങളും കൃത്യമായി ഉപയോഗിച്ച് വായിലെ അണുബാധ തടഞ്ഞുനിര്‍ത്താനും ശ്രമിക്കണം.
8. വേദന (Pain)
ചില കാന്‍സര്‍ മരുന്ന് പേശിയിലും, ശരീരത്തില്‍ പൊതുവെയും വേദനയുണ്ടാക്കുന്നു. ഒരുതരത്തിലും കുട്ടിക്ക് വേദന അനുഭവിക്കാനുള്ള അവസ്ഥ ഉണ്ടാക്കരുത്. വേദന വരും എന്ന് മുന്നില്‍ക്കണ്ട് വേദനാസംഹാരികള്‍ ഉപയോഗിക്കുക.
9. രക്തസ്രാവം (Bleeding)
കൂടുതലായി രക്തം നഷ്ടപ്പെടാനുള്ള (bleeding) സാധ്യത വളരെ കൂടുതലാണ്. കാന്‍സറിന്‍റെ മരുന്ന് ബ്ലീഡിംഗ് ഒഴിവാക്കാന്‍ സഹായിക്കുന്ന പ്ലേറ്റ് ലെറ്റ് (Platelet) എന്ന ഘടകത്തിന്‍റെ ഉല്‍പ്പാദനം താല്‍ക്കാലികമായി തടസ്സപ്പെടുത്തുന്നതാണ് ഇതിനു കാരണം.
ബ്ലഡ് ടെസ്റ്റിലൂടെ ഇത് മനസ്സിലാക്കാം. ഇതിന്‍റെ അളവനുസരിച്ച് പ്ലേറ്റ് ലെറ്റ് (Platelet) കുട്ടികള്‍ക്ക് കൊടുക്കേണ്ടി വരും.
നിങ്ങളുടെ കുട്ടിയുടെ രക്തത്തില്‍ പ്ലേറ്റ്ലറ്റിന്‍റെ അളവ് കുറയുമ്പോള്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
- പ്രതേകിച്ച് ഒരു കാരണവും കൂടാതെ തൊലിപ്പുറത്തും മൂക്കില്‍ നിന്നും വായില്‍നിന്നും രക്തസ്രാവം ഉണ്ടാവുക.
- മൂത്രത്തില്‍ രക്തം കലര്‍ന്നതായി കാണുക.
- മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക.
ചില കാന്‍സര്‍ മരുന്നുകള്‍ നല്‍കുന്നതിനു മുമ്പ് പ്ലേറ്റ്ലറ്റ് പ്രത്യേക അളവിലുണ്ടെന്ന് ഉറപ്പുവരുത്തണം.
10. മുടി കൊഴിച്ചില്‍ (Hair fall)
കാന്‍സര്‍ മരുന്നിന്‍റെ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പാര്‍ശ്വഫലമാണ് മുടികൊഴിച്ചില്‍. ഇത് ജീവന് ഗൗരവമായി ബാധിക്കില്ലെങ്കിലും മാനസികമായി കുട്ടികളെ ബാധിക്കാം . അവരെ മനസ്സിലാക്കിക്കൊടുക്കേണ്ടത് കാന്‍സര്‍ ചികിത്സ കഴിഞ്ഞ് മൂന്നു മാസത്തിനകം മുടി തിരികെ വരും എന്നുള്ളതാണ്.
ഈ മുടികൊഴിച്ചില്‍ ലളിതമാക്കാനും, അത് കാഴ്ചയില്‍ നിന്ന് മറച്ചുവെക്കാനും ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാം.
- ചികിത്സയുടെ തുടക്കത്തില്‍ തന്നെ നീളം കൂടിയ മുടി കട്ട് ചെയ്ത് ചെറുതാക്കുക.
- തൊപ്പി, തലപ്പാവ്, വിഗ്ഗുകള്‍ മുതലയാവ ഉപയോഗിച്ച് മുടികൊഴിച്ചില്‍ മൂലം ഉണ്ടാകുന്ന രൂപമാറ്റവും അതുമൂലമുണ്ടാകുന്ന മാനസികാസ്വാസ്ഥ്യവും ഒഴിവാക്കാന്‍ ശ്രമിക്കുക.
കാന്‍സര്‍ മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ അറിയുമ്പോള്‍ കാന്‍സര്‍ മരുന്ന് കുട്ടിക്ക് കൊടുക്കേണ്ട എന്ന് തോന്നിയേക്കാം. അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനും അവയുടെ കാഠിന്യം കുറച്ചും നിങ്ങളുടെ കുട്ടിയെ മരണത്തിലേക്കു നയിക്കുന്ന കാന്‍സറിനെ മരുന്ന് ഉപയോഗിച്ച് നേരിടാൻ ശ്രമിക്കുകയാണ് വേണ്ടത്.