കുട്ടികളിലെ കാന്‍സര്‍ ചികിത്സിക്കുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്.
- കീമോതെറാപ്പി (Chemotherapy) – മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ.
- റേഡിയോ തെറാപ്പി (Radio Therapy) – എക്സ് റേ എടുക്കുന്നതുപോലെ ശക്തിയേറിയ രശ്മികള്‍ ശരീരത്തില്‍ കടത്തി കാന്‍സറിനെ ചികിത്സിക്കുന്ന രീതി.
- സര്‍ജറി (Surgery) – ഓപ്പറേഷനിലൂടെയുള്ള ചികിത്സ.
എന്താണ് കീമോതെറാപ്പി (Chemotherapy) ?
മരുന്ന് ഉപയോഗിച്ച് ശരീരത്തിലെ കാന്‍സര്‍ ചികിത്സിക്കുന്ന രീതിയാണ് കീമോതെറാപ്പി. അമ്പത് കൊല്ലത്തിലധികമായി കീമോതെറാപ്പി ഉപയോഗിച്ച് കാന്‍സറിനെ ചികിത്സിച്ചുവരുന്നു. പലതരത്തിലുള്ള കീമോതെറാപ്പി മരുന്നുകള്‍ ലഭ്യമാണ്. ഓരോ കീമോതെറാപ്പിയും നിങ്ങളുടെ കുട്ടിക്ക് നല്‍കുന്ന രീതി വ്യത്യസ്തമാണ്. വായിലൂടെ നല്‍കുന്ന ഗുളിക രൂപത്തിലും, മരുന്നിന്‍റെ രൂപത്തിലും കീമോതെറാപ്പി മരുന്നുകളുണ്ട്. രക്തക്കുഴലിലൂടെ ഇഞ്ചക്ഷന്‍ ആയി നല്‍കുന്ന കീമോതെറാപ്പി മരുന്നും ഉണ്ട്. ആശുപത്രികളില്‍ നിന്നാണ് ഭൂരിപക്ഷം മരുന്നുകളും നൽകേണ്ടതെങ്കിലും ചില കീമോതെറാപ്പി മരുന്നുകള്‍ വീട്ടില്‍ നിന്നും നല്‍കാവുന്നതാണ്.
ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏത് കീമോതെറാപ്പിയാണ് ഓരോ ക്യാന്‍സറിനും അനുയോജ്യമാകുന്നത് എന്ന് കണ്ടുപിടിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ കുട്ടിയുടെ കാന്‍സര്‍ ഏത് തരത്തിലുള്ളതാണ് എന്ന് മനസ്സിലാക്കി അതിനനുസരിച്ചാണ് ഏതുതരത്തിലുള്ള കീമോതെറാപ്പി വേണം എന്ന് തീരുമാനിക്കുന്നത്. നിങ്ങളുടെ കുട്ടിയുടെ കാന്‍സറിനനുസരിച്ച്, അതിന്‍റെ ശക്തിക്കനുസരിച്ച് വ്യത്യസ്തമായ കീമോതെറാപ്പി വ്യത്യസ്തമായ ഡോസുകളില്‍ നല്‍കുന്നു. കീമോതെറാപ്പി നിങ്ങളുടെ കുട്ടിയിലെ കാന്‍സറിനെ ഇല്ലായ്മ ചെയ്യുമ്പോള്‍തന്നെ ശരീരത്തിലെ നോര്‍മലായ കോശങ്ങള്‍ക്കും ക്ഷതം ഉണ്ടാക്കുന്നു. അതുകൊണ്ടാണ് കീമോതെറാപ്പി നിങ്ങളുടെ കുട്ടികളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളുടെ കുട്ടിയുടെ ശരീരത്തിലെ കാന്‍സറിനെ നശിപ്പിക്കാന്‍ ഈ ചികിത്സ ചെയ്തേ പറ്റൂ. ആയതിനാല്‍ കീമോതെറാപ്പി നല്‍കേണ്ട കാന്‍സറിന് അത് നല്‍കുകതന്നെ വേണം.
എന്താണ് റേഡിയോ തെറാപ്പി (Radio Therapy) ?
ശരീരത്തിലെ കാന്‍സര്‍ ബാധിച്ച ഭാഗത്തില്‍ ശക്തിയേറിയ രശ്മികള്‍ (radiation) കടത്തിവിട്ട് കാന്‍സറിനെ ചികിത്സിക്കുന്നതിനെയാണ് റേഡിയോ തെറാപ്പി എന്നുപറയുന്നത്. റേഡിയോ തെറാപ്പി നല്‍കുമ്പോള്‍ വേദനയുണ്ടാവില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ എക്സ് റേ എടുക്കുന്നതുപോലെയാണത്. ശരീരത്തില്‍ കയറുന്ന രശ്മികളെ കാണാന്‍ കഴിയില്ല. കീമോ തെറാപ്പി പോലെ ഇതിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ചില കാന്‍സറുകള്‍ ചികിത്സിക്കാന്‍ റേഡിയോ തെറാപ്പി തന്നെ വേണ്ടിവരും. പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും ചില കാന്‍സര്‍ ചികിത്സയ്ക്ക് റേഡിയേഷന്‍ ഒഴിവാക്കാനാവില്ല.
ഓപ്പറേഷനിലൂടെയുള്ള ചികിത്സ (Surgery)
ചില കാന്‍സറുകള്‍ ചികിത്സിക്കാന്‍ ഓപ്പറേഷന്‍ തന്നെ വേണ്ടിവരും. കുട്ടിയെ മയക്കിയതിനു ശേഷമാണ് ഓപ്പറേഷന്‍ ചെയ്യുന്നത്. അപകട സാധ്യതകളും പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഓപ്പറേഷനില്ല. പക്ഷേ, ചില തരത്തിലുള്ള കാന്‍സറുകള്‍ ചികിത്സിക്കാന്‍ ഓപ്പറേഷന്‍ തന്നെ വേണ്ടിവരും.
എത്ര തരത്തിലുള്ള കാന്‍സര്‍ ചികിത്സയ്ക്കുന്ന ഡോക്ടര്‍മാരുണ്ട് ?
പ്രധാനമായും മൂന്ന് തരത്തിലുള്ള കാന്‍സര്‍ ഡോക്ടര്‍മാരാണുള്ളത്. മരുന്ന് ഉപയോഗിച്ച് കുട്ടികളുടെ കാന്‍സര്‍ ചികിത്സിക്കുന്ന ഡോക്ടറെ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് (Peadiatric Oncologist) എന്നും റേഡിയോ തെറാപ്പി ഉപയോഗിച്ച് കാന്‍സര്‍ ചികിത്സിക്കുന്ന ഡോക്ടറെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് (Radiation Oncologist) എന്നും ഓപ്പറേഷനിലൂടെ ചികിത്സിക്കുന്ന ഡോക്ടറെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് (Surgical Oncologist) എന്നും പറയുന്നു.
കാന്‍സര്‍ ചികിത്സയുടെ രീതി തീരുമാനിക്കുന്നത് ആരാണ്? എന്തിന്‍റെ അടിസ്ഥാനത്തില്‍ ? – ഇവിടെ രക്ഷിതാക്കള്‍ എന്തു ചെയ്യണം?
നിങ്ങളുടെ കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ നിങ്ങള്‍ ശ്രമിക്കണം. ചില കാൻസറുകൾ ചികിത്സിക്കാന്‍ മുകളില്‍ പറഞ്ഞ ചികിത്സാ രീതികളില്‍ ഏതെങ്കിലും ഒന്നു മാത്രം മതിയാകും. ചില കാന്‍സറുകള്‍ക്ക് രണ്ടുതരത്തിലുമുള്ള ചികിത്സാരീതി ഒരുമിച്ച് ഉപയോഗിക്കേണ്ടിവരും. മൂന്ന് ചികിത്സാരീതികളും പ്രയോഗിക്കേണ്ടതായി വരുന്ന കാന്‍സറുകളും ഉണ്ട്.
പക്ഷേ റേഡിയോ തെറാപ്പി നല്‍കേണ്ട ഡോക്ടറും, കീമോ തെറാപ്പി നല്‍കേണ്ട ഡോക്ടറും ഓപ്പറേഷന്‍ ചെയ്യേണ്ട ഡോക്ടറും ഒരാള്‍ തന്നെയായിരിക്കില്ല. അതുകൊണ്ടുതന്നെ ഓരോ കാന്‍സറിനും എത്രമാത്രം കീമോതെറാപ്പി വേണം എത്രമാത്രം റേഡിയോ തെറാപ്പി വേണം ഓപ്പറേഷന്‍ എങ്ങനെ വേണം എന്ന കാര്യങ്ങളില്‍ മൂന്നുതരത്തിലുള്ള വിദഗ്ധന്മാരും ഒരുമിച്ച് ചര്‍ച്ചചെയ്‌ത് തീരുമാനിക്കേണ്ടതാണ്.
അന്താരാഷ്ട്രതലത്തില്‍ സ്വതന്ത്രമായ പഠനത്തിലൂടെയാണ് ഓരോ കാന്‍സറിനും എത്രമാത്രം കീമോതെറാപ്പി വേണം, എത്രമാത്രം റേഡിയോ തെറാപ്പി വേണം, ഏതുതരത്തിലുള്ള ഓപ്പറേഷനുകള്‍ വേണം എന്നെല്ലാം മനസ്സിലാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കാന്‍സര്‍ ആശുപത്രികളില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ കുട്ടിക്ക് ഏത് തരത്തിലുള്ള ചികിത്സകളാണ് വേണ്ടതെന്ന് നിങ്ങള്‍ സമീപിക്കുന്ന കാന്‍സര്‍ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കണം. ഇതിലൂടെ നിങ്ങളുടെ കുട്ടിക്ക് ഒരുതരത്തിലുള്ള ചികിത്സ മതിയോ, യോജിച്ചുള്ള ചികിത്സ ആവശ്യമുണ്ടോ എന്ന് നിങ്ങള്‍ അറിയണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ കുട്ടിക്ക് ഏറ്റവും പുതിയ ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ചികിത്സ ലഭിക്കുന്നു എന്ന് ഡോക്ടറോട് ചര്‍ച്ച ചെയ്ത് ഉറപ്പുവരുത്തുക.