താന്‍ രോഗബാധിതനാണ് എന്നറിയുന്ന ഓരോ കുട്ടിയിലും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്. അവരുടെ മാനസിക പക്വതയ്ക്കും വ്യക്തിത്വത്തിനും വയസ്സിനും വളര്‍ച്ചയ്ക്കുമനുസരിച്ച് വ്യത്യസ്തമായിരിക്കും അവരുടെ പ്രതികരണങ്ങളും. തങ്ങളുടെ കുട്ടി ഒരു രോഗിയാണെന്നറിയുമ്പോഴുണ്ടാകുന്ന രക്ഷിതാക്കളുടെ പ്രതികരണവും കുട്ടികളില്‍ സ്വാധീനം ചെലുത്തും.
ചെറിയ കുട്ടികള്‍ക്ക് ഭയം വളരെ കൂടുതലായിരിക്കും. ആശുപത്രിയിലേക്ക് കൂടെക്കൂടെ പോകേണ്ടിവരുന്നത്, രക്തപരിശോധനയ്ക്കും മറ്റു ടെസ്റ്റുകള്‍ക്കുമിടയില്‍ സൂചിയും മറ്റ് ആശുപത്രി ഉപകരണങ്ങളും കാണേണ്ടിവരുന്നത്, പരിചയമില്ലാത്തവരെ കാണുന്നത് ഇവയെല്ലാം കുട്ടികളില്‍ ഭയവും അസ്വസ്ഥതയും ഉണ്ടാക്കുന്നു.
കാന്‍സര്‍ ബാധിച്ച കുട്ടികളുടെ സഹോദരങ്ങളിലും ഇതുപോലുള്ള ദുഃഖവും മാനസിക പിരിമുറുക്കങ്ങളും ദേഷ്യവുമെല്ലാം കാണാറുണ്ട്. രക്ഷിതാക്കളുടെ ശ്രദ്ധ സ്വാഭാവികമായും എപ്പോഴും കാന്‍സര്‍ ബാധിച്ച കുട്ടിയിലായിരിക്കും. സഹോദരങ്ങളുടെ മനസ്സില്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോയി എന്ന തോന്നലുണ്ടാക്കാനിത് കാരണമാകാറുണ്ട്. ചില കുട്ടികള്‍ ഈ തോന്നലുകളും വിഷമങ്ങളുമെല്ലാം മനസ്സിലൊതുക്കി ജീവിക്കാന്‍ ശ്രമിക്കും. ഇത് അവരുടെ പഠനത്തില്‍ ശ്രദ്ധിക്കാനുള്ള കഴിവിനെയും ബാധിക്കാം.
ഒരു കുട്ടിക്ക് കാൻസർ ആണ് എന്ന സത്യം അറിയുമ്പോൾ രക്ഷിതാക്കളെപ്പോലെ തന്നെ രോഗിയായ കുട്ടിയും സഹോദരങ്ങളുമെല്ലാം മാനസികമായി തളരും. സത്യം രക്ഷിതാക്കള്‍ മറച്ചുവെച്ചാലും മുതിര്‍ന്ന കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും മുഖത്ത് കാണുന്ന മാറ്റങ്ങളില്‍ നിന്നും മറ്റ് പെരുമാറ്റങ്ങളില്‍ നിന്നുമെല്ലാം കുട്ടിയുടെ രോഗം എന്തോ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കും. കാര്യം കൃത്യമായി അറിയാത്തതിന്‍റെ അനിശ്ചിതത്വത്തില്‍ കൂടുതല്‍ പിരിമുറുക്കവും അവര്‍ക്ക് അനുഭവപ്പെടും.
രോഗബാധിതനായ കുട്ടിക്ക്, തന്നെ മറ്റു കുട്ടികള്‍ ഇനി എങ്ങനെ നോക്കിക്കാണും, മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ തന്‍റെ ശരീര രൂപത്തെ എങ്ങനെ ബാധിക്കും എന്ന ചിന്തകള്‍ അലട്ടുന്നതായി കാണാറുണ്ട്. സഹോദരങ്ങള്‍ക്കും ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായേക്കാം. തങ്ങള്‍ക്കും കാന്‍സര്‍ പിടിപെടുമോ എന്ന ഭയം അവരിലും കാണാം. പലപ്പോഴും രോഗം എന്താണെന്ന് സഹോദരങ്ങള്‍ക്ക് അറിയില്ലെങ്കിലും രക്ഷിതാക്കളുടെയും മറ്റും പെരുമാറ്റത്തില്‍ നിന്ന് തങ്ങളുടെ കുടുംബത്തില്‍ എന്തോ വലിയൊരപകടം വന്നുപെട്ടിട്ടുണ്ടെന്ന് അവര്‍ ഊഹിച്ചെടുക്കുകയും അഗാധമായി ദുഃഖിക്കുകയും ചെയ്യും.
ദേഷ്യവും കുറ്റബോധവും കാന്‍സര്‍ രോഗിയായ കുട്ടിയിലും അവരുടെ സഹോദരങ്ങളിലും ഈ അവസ്ഥയില്‍ ഉണ്ടായേക്കാം. എന്തുകൊണ്ട് തങ്ങള്‍ക്കുമാത്രം കാന്‍സര്‍ വിധിക്കപ്പെട്ടു എന്നൊരു ചിന്തയും അവരില്‍ കാണും. മുതിര്‍ന്ന കുട്ടികളില്‍ ചിലതരം കുറ്റബോധങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. അനുസരണയോടെ ജീവിക്കാതിരുന്നതുകൊണ്ടാണ് കാന്‍സര്‍ പിടിപെട്ടത് എന്ന കുറ്റബോധം ചിലരെ ബാധിക്കുന്നു. ഇതേ വികാരങ്ങള്‍ രോഗിയുടെ സഹോദരങ്ങളിലും കാണാറുണ്ട്.
ചില കുട്ടികള്‍ക്ക് തങ്ങളുടെ കളിക്കോപ്പുകളും കളികളും പെട്ടെന്ന് ഇല്ലാതാവുന്നത് വലിയ അസ്വസ്ഥതകളും വിഷമങ്ങളും ഉണ്ടാക്കുന്നു. അവര്‍ അസാധാരണമായി കരഞ്ഞേക്കാം. സ്കൂളില്‍ പോയിക്കൊണ്ടിരുന്ന കുട്ടികള്‍ക്ക് പെട്ടെന്ന് സ്കൂളില്‍ പോകാന്‍ സാധിക്കാതെ വരുന്നതും സുഹൃത്തുക്കളെ കാണാന്‍ കഴിയാത്തതും അതീവ ദുഃഖത്തിനും ദേഷ്യത്തിനും കാരണമാകാറുണ്ട്. വളരെ മുതിര്‍ന്ന കുട്ടികളാണെങ്കില്‍ കുറച്ചുകൂടി വ്യത്യസ്തമായി പ്രതികരിക്കുന്നു. അവരിലും ദുഃഖം, മാനസിക പിരിമുറുക്കം, കുറ്റബോധം, ദേഷ്യം, സത്യം അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ സാധാരണമാണ്.
മുതിര്‍ന്ന കുട്ടികളെപ്പോലെ ചെറിയ കുട്ടികള്‍ക്കും ഇതൊക്കെ അനുഭവപ്പെടും. അവരുടെ ദുഃഖവും വിഷാദവും അസ്വസ്ഥതയും കുറ്റബോധവും ഭയവും ചിലപ്പോള്‍ അവര്‍ക്ക് രക്ഷിതാക്കളോട് പറയാന്‍ കഴിഞ്ഞില്ലെന്ന് വരാം. പക്ഷെ അവരുടെ സ്വഭാവ മാറ്റത്തിലൂടെ അവർ അത് പ്രകടിപ്പിക്കും. പലപ്പോഴും കാന്‍സര്‍ ബാധിച്ച കുട്ടിക്കും അവരുടെ സഹോദരങ്ങള്‍ക്കും ഇതൊക്കെ തരണം ചെയ്യാന്‍ കഴിയുമെങ്കിലും ചിലപ്പോള്‍ മാനസികമായ പിന്തുണയും ആവശ്യമായിവരും. അതിനു കഴിവുള്ള മുതിര്‍ന്നവരില്‍ നിന്നോ കുട്ടികളുടെ മനഃശാസ്ത്രം അറിവുള്ളവരില്‍ (Child Psychologist) നിന്നോ സഹായം തേടേണ്ടിവരും.
കാന്‍സര്‍ ബാധിച്ച നിങ്ങളുടെ കുട്ടിക്കും അവരുടെ സഹോദരങ്ങള്‍ക്കും താഴെ പറയുന്ന സ്വഭാവമാറ്റം കാണുമ്പോള്‍ രക്ഷിതാക്കള്‍ കൂടുതലായി ശ്രദ്ധപതിപ്പിക്കുകയും ചിലപ്പോള്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടേണ്ടതായും വരും.
1) എല്ലാ സമയത്തും ദുഃഖിതനായി കഴിയുക.
2) ഒരിക്കലും ആശ്വസിപ്പിക്കാന്‍ കഴിയാതെ വരിക.
3) മരിക്കുന്നതാണ് നല്ലതെന്ന് എപ്പോഴും പറയുക.
4) വളരെ പെട്ടെന്ന് ചെറിയ കാര്യങ്ങള്‍ക്കുപോലും കൂടുതലായി ദേഷ്യം ഉണ്ടാവുക.
5) എല്ലാത്തില്‍ നിന്നും വിട്ടുനിന്ന് ഒറ്റയ്ക്കിരിക്കുന്ന ശീലം കാണുക.
6) കൂടുതലായി കരയുക.
7) തീരെ ഭക്ഷണം കഴിക്കാതിരിക്കുക.
8) വളരെ കൂടുതലായി ഉറങ്ങുക, ചിലപ്പോള്‍ തീരെ ഉറക്കമില്ലാതിരിക്കുക.
രോഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ കുട്ടിക്കും സഹോദരങ്ങള്‍ക്കും ഉണ്ടാവുന്ന മാനസിക അവസ്ഥ മെച്ചപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്ക് എന്തെല്ലാം ചെയ്യാം?
കഴിയുന്നതും രക്ഷിതാക്കള്‍ തന്നെ കുട്ടിയുടെ കൂടെ ഉണ്ടാവാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് ഹോസ്പിറ്റലില്‍ താമസിക്കുമ്പോള്‍. അവര്‍ക്ക് ഇഷ്ടമുള്ള സുഹൃത്തുക്കളും സഹോദരങ്ങളും സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാക്കണം. അവര്‍ക്ക് ഇഷ്ടപ്പെട്ട കളിക്കോപ്പ്, കംപ്യൂട്ടര്‍ എന്നിവ ഹോസ്പിറ്റലില്‍ ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. അവര്‍ താമസിക്കുന്ന റൂമില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട കളറും, ചിത്രങ്ങളും പതിക്കാന്‍ ശ്രമിക്കുക. കുട്ടിക്ക് അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്മാര്‍ട് ഫോണ്‍, വീഡിയോ ഗെയിം തുടങ്ങിയവ ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുക. മുമ്പ് കാന്‍സര്‍ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് അവര്‍ എങ്ങനെയാണ് ഇത്തരം അവസ്ഥകള്‍ തരണം ചെയ്തതെന്നു മനസ്സിലാക്കി നടപ്പിലാക്കാന്‍ ശ്രമിക്കുക.
അവര്‍ ദുഃഖിതരായി കാണുമ്പോള്‍ അവരോട് സംസാരിക്കാനും കളിക്കാനും ശ്രമിക്കുക. അവര്‍ എന്തൊക്കെ മനസ്സിലാക്കുന്നു എന്നറിയാന്‍ ശ്രമിക്കുക. അതനുസരിച്ച് അവര്‍ക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ഭാഷ ഉപയോഗിച്ച് രോഗത്തെക്കുറിച്ച് പറയുന്നത് നന്നായിരിക്കും. നിങ്ങള്‍ പലതും മറച്ചുവയ്ക്കുന്നു എന്ന തോന്നല്‍ അവരെ കൂടുതല്‍ അസ്വസ്ഥരാക്കും.
രോഗിയായ കുട്ടിക്ക് ദുഃഖവും ദേഷ്യവും കുറ്റബോധവും ഈ അവസ്ഥയില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പ്രകടിപ്പിക്കാന്‍ അവരെ അനുവദിക്കണം. അത് അവരുടെ ശരീരത്തിന് അപകടം വരുത്താതെ, ന്യായമായ രീതിയില്‍ പ്രതികരിക്കാന്‍ പഠിപ്പിക്കുകയും അനുവദിക്കുകയും ചെയ്യുക. ഉദാഹരണമായി ചിലപ്പോള്‍ കുട്ടികള്‍ ദേഷ്യം വന്നാല്‍ അവരുടെ തലതന്നെ ചുമരില്‍ തട്ടുന്നു. ചിലപ്പോള്‍ തലയണ വലിച്ചെറിയും. ഇതില്‍ തലയിണ വലിച്ചെറിഞ്ഞു ദേഷ്യം തീര്‍ക്കുന്ന രീതി അനുവദിക്കുകയും തലയ്ക്ക് ക്ഷതം പറ്റുന്ന രീതി ഒഴിവാക്കാനും പരിശ്രമിക്കുക. കുട്ടിയുടെ സ്വഭാവരീതിയും ഇഷ്ടങ്ങളും ഇഷ്ടമില്ലായ്മയും അവരെ ചികിത്സിക്കുന്ന ഡോക്ടറോടും നഴ്സുമാരോടും പറയുക.
രോഗമുള്ള കുട്ടിയെ കൂടുതൽ ശ്രദ്ധിച്ച് മറ്റുള്ള കുട്ടികളെ അവഗണിക്കാതിരിക്കുക. അവരോട് അവർക്ക് ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ പറയുക. എല്ലാം രഹസ്യമായി വയ്ക്കാന്‍ കഴിയും എന്ന് തെറ്റിദ്ധരിക്കാതിരിക്കുക. നിങ്ങള്‍ എന്തൊക്കെയോ ഒളിച്ചു വയ്ക്കുന്നു എന്ന തോന്നല്‍ രോഗിയായ കുട്ടികള്‍ക്കോ അവരുടെ സഹോദരങ്ങള്‍ക്കോ ഉണ്ടായാല്‍ നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടും. നിങ്ങള്‍ ചിലപ്പോള്‍ അവരുടെ മുമ്പില്‍ നിന്നുതന്നെ നിയന്ത്രിക്കാന്‍ പറ്റാത്തവിധം കരഞ്ഞുപോയേക്കാം. കരയാനുണ്ടായ സാഹചര്യം വളരെ ലളിതമായ രീതിയില്‍ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.
മുതിര്‍ന്ന കുട്ടികളില്‍നിന്ന് കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കും. അവരുടെ വിവിധ തരത്തിലുള്ള മനോവികാരങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുക. അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും കൊടുക്കുക. അവരുടെ അടുത്ത സുഹൃത്തുക്കളെയും അധ്യാപകരെയും ഇതിനായി ഉപയോഗപ്പെടുത്തുക.
അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍, ന്യായമായത് യഥേഷ്ടം ചെയ്യാന്‍ അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് മ്യൂസിക് പ്ലെയര്‍, കംപ്യൂട്ടര്‍ മുതലായവ നല്‍കി സന്തോഷമുണ്ടാക്കുന്ന പല കാര്യങ്ങളും ചെയ്യാനനുവദിക്കുക. അവരുടെ ചിന്തകള്‍ മനസ്സിലാക്കാനും, അവരുടെ ചിന്തകളും ആവശ്യങ്ങളും ന്യായമാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നു എന്ന് അവരെ മനസ്സിലാക്കിക്കൊടുക്കാനും നിങ്ങള്‍ക്ക് കഴിയണം.
ചുരുക്കത്തില്‍ നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ വികാരവും രോഗിയായ കുട്ടികളിലും അവരുടെ സഹോദരങ്ങളിലും ഉണ്ടാവും എന്ന യാഥാര്‍ഥ്യം മനസ്സിലാക്കുക. അവര്‍ അത് പ്രകടിപ്പിക്കുന്നതും അതിനോട് പ്രതികരിക്കുന്നതും അവരുടെ വയസ്സിനും വളര്‍ച്ചയ്ക്കും പക്വതയ്ക്കും അനുസരിച്ചായിരിക്കും. സത്യസന്ധമായി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുക. അപ്രതീക്ഷിതമായ കാന്‍സര്‍ നിര്‍ണ്ണയം കുട്ടികളിലും അവരുടെ സഹോദരങ്ങളിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന വ്യത്യസ്ത വികാരങ്ങള്‍, മാനസികാവസ്ഥ എന്നിവ ക്ഷമയോടെ, മറ്റുള്ളവരുടെ സഹായത്തോടെ തരണം ചെയ്യാന്‍ ശ്രമിക്കുക.