കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന മറ്റ് അസുഖങ്ങളെ പോലെ തന്നെയാണ് കാന്‍സറും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ വളരെ നേരത്തേ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടാണ്. സാധാരണ രോഗങ്ങളുടെ അടയാളങ്ങൾ കൂടുതൽ ദിവസങ്ങൾ കുട്ടികളിൽ വിട്ടുമാറാതെ നിലനില്കുകയാണെങ്കിൽ ഡോക്ടറെ കാണിച്ച് അടിസ്ഥാനപരമായ ടെസ്റ്റുകൾ നടത്തി എല്ലാം നോർമൽ ആണെന്ന് ഉറപ്പുവരുത്തണം. കുട്ടികളിൽ കാൻസർ പ്രത്യക്ഷപെടുന്നത് വിവിധ രീതികളിലാണ്.
താഴെ പറയുന്ന ലക്ഷണങ്ങള്‍ കുട്ടികളില്‍ കൂടുതല്‍ ദിവസങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് കാന്‍സര്‍ മൂലമല്ല എന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. കുട്ടികളില്‍ കാന്‍സര്‍ വളരെ അസാധാരണമാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ കാന്‍സര്‍ ആകാനുള്ള സാധ്യത വളരെ കുറവുമാണ്.എങ്കിലും ഉറപ്പുവരുത്തുന്നത് നല്ലതാണ്.
- അസാധാരണമായ മുഴ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയും അത് വേഗത്തില്‍ വളരുന്നതായും കാണപ്പെടുക.
- കുട്ടികളില്‍ പെട്ടെന്ന് വിളര്‍ച്ചയുണ്ടാവുക.
- തൊലിപ്പുറത്ത് രക്തം കട്ടപിടിക്കുക, മൂക്കിലൂടെയോ വായിലൂടെയോ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുക.
- അസ്ഥികളിലോ സന്ധികളിലോ അസാധാരണമായ വേദനയോ, അതുമൂലം നടക്കാന്‍ പറ്റാത്ത അവസ്ഥയോ സംജാതമാവുക.
- സാധാരണ വൈറല്‍ പനിക്കപ്പുറം മറ്റു കാരണങ്ങളൊന്നും ഇല്ലാതെ കൂടുതല്‍ ദിവസം കുട്ടിക്ക് പനി അനുഭവപ്പെടുക.
- ചുരുങ്ങിയ കാലയളവില്‍ പ്രത്യേക കാരണമില്ലാതെ ശരീരഭാരം കുറയുക.
- വിട്ടുമാറാത്ത ഛര്‍ദ്ദിയുണ്ടാവുക – പ്രത്യേകിച്ചും പ്രഭാതസമയങ്ങളില്‍.
- വിട്ടുമാറാത്ത തലവേദനയുണ്ടാവുക.
- പ്രത്യേകിച്ച് കാരണങ്ങളില്ലാതെ പെട്ടെന്ന് കാഴ്ചശക്തി കുറയുന്നതായി അനുഭവപ്പെടുക.
- നടക്കുമ്പോള്‍ പേശിയെ നിയന്ത്രിക്കാന്‍ പറ്റാതെ കാലിടറിപ്പോവുക.
- സ്വഭാവത്തില്‍ പെട്ടെന്ന് പ്രത്യേക മാറ്റം കാണപ്പെടുക.
- ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ പേശികള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുക.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതൊക്കെ സാധാരണ അസുഖങ്ങള്‍ക്കും ഉണ്ടാവാറുള്ള അടയാളങ്ങളാണ് എന്നതാണ്. നിങ്ങളുടെ കുട്ടിക്ക് ഇതൊക്കെ ഉണ്ടാവുമ്പോള്‍ അത് കാന്‍സറാണെന്നു കരുതി അസ്വസ്ഥമാകരുത്. എങ്കിലും ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഒരു ഡോക്ടറെ കാണിച്ച് പരിശോധന നടത്തുന്നത് നന്നായിരിക്കും.
കാന്‍സര്‍ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകള്‍ എന്തൊക്കെ?
വിവിധതരം കാന്‍സറുകള്‍ കണ്ടുപിടിക്കാന്‍ പലതരം ടെസ്റ്റുകള്‍ ആവശ്യമായി വരും. കാൻസർ ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള ടെസ്റ്റിനെ ബയോപ്‌സി (Biopsy) എന്നാണ് പറയുന്നത്.
അനിയന്ത്രിതമായി വളര്‍ന്ന ശരീരത്തിന്‍റെ ഭാഗങ്ങള്‍; അത് പുറമെ കാണുന്ന മുഴയായിരിക്കാം അല്ലെങ്കില്‍ ചിലപ്പോള്‍ ശരീരത്തിനകത്ത് രൂപപ്പെട്ട മുഴയുമാവാം. ചെറിയ ഓപ്പറേഷനിലൂടെ മുഴകളുടെ ചെറിയ ഭാഗം കുത്തിയെടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കി കാന്‍സറാണോ ആണെങ്കില്‍ അത് ഏത് തരത്തിലുള്ള കാന്‍സറാണ് എന്ന് കണ്ടുപിടിക്കുവാന്‍ സാധിക്കും. ഇതിനെയാണ് Tissue Biopsy എന്നു പറയുന്നത്. രക്താര്‍ബുദം ആണെന്ന് നിര്‍ണയിക്കുന്നതിന് എല്ലിന് (bone) അകത്തുള്ള മജ്ജയുടെ വളരെ ചെറിയ ഭാഗം എടുത്ത് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്നു.ഇതിനെ Bone marrow biopsy എന്നു പറയുന്നു. നിങ്ങളുടെ കുട്ടിയുടെ ഡോക്ടര്‍ കുട്ടിക്ക് ബ്ലഡ് കാന്‍സര്‍ ഉണ്ടോ എന്ന് സംശയിക്കുന്നുണ്ടെങ്കിൽ FBC (Full Blood Count) ചെയ്താല്‍ ബ്ലഡ് കാന്‍സര്‍ ഉണ്ടോ എന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ ഡോക്ടര്‍ക്ക് പറയാന്‍ സാധിക്കും.
നിങ്ങളുടെ കുട്ടിക്ക് ബ്രെയിന്‍ കാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തലച്ചോറിന്‍റെ സ്കാന്‍ ചെയ്താല്‍ അതിന്‍റെ സാധ്യതകള്‍ കൂടുതല്‍ മനസ്സിലാക്കാവുന്നതാണ്. വയറിനകത്തോ, നെഞ്ചിനകത്തോ കാന്‍സര്‍ മുഴകള്‍ ഉണ്ട് എന്ന് സംശയിക്കുന്നുണ്ടെങ്കിലും, അസ്ഥികൂടത്തില്‍ കാന്‍സര്‍ ഉണ്ട് എന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്കാനിംഗ് വളരെയധികം ഉപകരിക്കും.