എന്താണ് കാന്‍സര്‍ ?

നമ്മുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്നത് അനേകലക്ഷം  കോശങ്ങള്‍ കൊണ്ടാണ്.  ശരീരത്തിലെ പഴയ കോശങ്ങള്‍ ഇല്ലാതാവുന്നതിനനുസരിച്ച് സ്വാഭാവികമായിത്തന്നെ പുതിയ കോശങ്ങള്‍ ഉണ്ടാകുന്നു.  പുതിയ കോശങ്ങളുടെ വികാസവും പഴയ കോശങ്ങളുടെ നാശവും (Destruction) അതിസങ്കീര്‍ണ്ണമായ രീതിയിലാണ് സംഭവിക്കുന്നത്. കൃത്യമായി നിര്‍വചിക്കാന്‍ പറ്റാത്ത പല കാരണങ്ങള്‍ കൊണ്ട് ശരീരത്തിന് ഈ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍, കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നു. വളരെ ലളിതമായി പറഞ്ഞാല്‍ ഇങ്ങിനെയാണ് കാന്‍സര്‍ ഉണ്ടാകുന്നത്.  ഇത്തരത്തിലുള്ള കാന്‍സര്‍ ശരീരത്തിന്‍റെ ഏത് ഭാഗത്തും ഏതു അവയവത്തിലും പ്രത്യക്ഷപ്പെടാം.

ശരീരത്തിന്‍റെ ഒരു ഭാഗത്ത് തുടങ്ങുന്ന കാന്‍സര്‍, അനിയന്ത്രിതമായി വളര്‍ന്ന് ശരീരത്തിന്‍റെ മറ്റ് അവയവങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നു. തലച്ചോറ്, കരള്‍, ശ്വാസകോശം, അസ്ഥി എന്നിവയാണ് കാന്‍സറിന്‍റെ വ്യാപനത്തിന് വിധേയമാകുന്ന പ്രധാന അവയവങ്ങള്‍. അവസാനം ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അത് മരണത്തിലേക്ക് നയിക്കുന്നു.

എന്താണ് ട്യൂമര്‍ (Tumour)?

അനിയന്ത്രിതമായി വളരുന്ന കോശങ്ങള്‍ ഒരു മുഴപോലെ ശരീരത്തിന്‍റെ ഏതുഭാഗത്തും രൂപപ്പെടാം. ഇതിനെ ട്യൂമര്‍ എന്നു പറയുന്നു.  എല്ലാ ട്യൂമറും കാന്‍സര്‍ അല്ല. ട്യൂമറുകള്‍ രണ്ടുവിധമുണ്ട്. ചില ട്യൂമര്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ നിലകൊള്ളുന്നു. ഇതിനെ Benign Tumour എന്നു പറയുന്നു. ഇത്തരം മുഴകളെ കാന്‍സര്‍ എന്നു പറയില്ല.

ചില ട്യൂമര്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്ന് പന്തലിച്ച്, മറ്റ് അവയവങ്ങളെ ബാധിച്ച് മരണത്തിലേക്ക് നയിക്കുന്നു.  ഇത്തരം മാരകമായ മുഴകള്‍ (malignant tumour) കാന്‍സര്‍ ആണ്.

ശരീരത്തിന്‍റെ ഒരു ഭാഗത്ത് തുടങ്ങുന്ന കാന്‍സര്‍ മറ്റു ഭാഗങ്ങളില്‍ വ്യാപനം ചെയ്യുന്നതിനെ  (metastasis)  മെറ്റാസ്റ്റാസിസ്   എന്ന്    പറയുന്നു .   ചില കാന്‍സര്‍ രോഗങ്ങള്‍  തുടക്കത്തില്‍  രോഗലക്ഷണം പ്രത്യക്ഷപ്പെടുത്താതെ, നിശബ്ദമായി മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.  വൈകി കണ്ടുപിടിക്കപ്പെടുന്ന ഇത്തരം കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാനും ബുദ്ധിമുട്ടാണ്.

കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാകുന്നതെങ്ങനെ?

കുട്ടികളിലെ  കാന്‍സര്‍  എങ്ങിനെയാണ്  ഉണ്ടാകുന്നത്  എന്നതിനെക്കുറിച്ചു  വ്യക്തമായ  തെളിവുകള്‍  ലഭിച്ചിട്ടില്ല.  പലതരത്തിലുള്ള അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ രോഗം പിടിപെടുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ഇപ്പോഴും ചര്‍ച്ചകളും പരീക്ഷണ നിരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.

ചില കാര്യങ്ങളില്‍ കുട്ടികളില്‍ ഉണ്ടാവുന്ന കാന്‍സര്‍ മുതിര്‍ന്നവരില്‍ ഉണ്ടാവുന്ന കാന്‍സറുമായി വ്യത്യസ്തപ്പെട്ടിരിക്കുന്നു.

  1.      മുതിര്‍ന്നവരില്‍ പലപ്പോഴും പുകവലി, മദ്യപാനം,ചില അണുബാധ തുടങ്ങിയവ കാന്‍സര്‍ ഉണ്ടാവാന്‍ കാരണമായേക്കും. പക്ഷേ കുട്ടികളില്‍ മറിച്ചാണ്.  വളരെ  ചെറുപ്പത്തില്‍ ചിലപ്പോള്‍  ജനിക്കുന്നതിനു മുമ്പ് തന്നെ കോശങ്ങളുടെ  വളര്‍ച്ചയുടെ  നിയന്ത്രണം തകരാറിലാക്കുന്ന അവസ്ഥ ഉടലെടുക്കുന്നു.   ഇതിന്‍റെ യഥാര്‍ഥ കാരണം കൃത്യമായി ശാസ്ത്രത്തിന് അറിയില്ല. ഇത് പിന്നീട് കാന്‍സറായി രൂപപ്പെടുന്നു.
  2.      കുട്ടികളിലെ കാന്‍സര്‍ ചികിത്സിച്ചാല്‍ ഭേദമാകാനുള്ള  സാധ്യത  വളരെ  കൂടുതലാണ്.  മാത്രമല്ല, കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍  തരണം  ചെയ്യാനുള്ള കഴിവ് കുട്ടികളുടെ ശരീരത്തിന് മുതിര്‍ന്നവരേക്കാള്‍ കൂടുതലാണ്.
  3.  കുടുംബത്തില്‍ ഒരു കുട്ടി കാന്‍സര്‍ ബാധിതനാണെന്ന് നിര്‍ണ്ണയിക്കപ്പെട്ടാല്‍  അത് ചില  പ്രത്യേക  കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ടോ ചിലത് ചെയാത്തതു കൊണ്ടോ ആണ് എന്ന് ധരിക്കേണ്ടതില്ല.   ഭക്ഷണരീതിയിലുള്ള മാറ്റം കൊണ്ടും രോഗം ഉണ്ടാവില്ല.  ഇവയെല്ലാമാവാം രോഗകാരണങ്ങളെന്ന് തെറ്റിദ്ധരിച്ച് ചില രക്ഷിതാക്കളെങ്കിലും ആകുലപ്പെടുന്നത് കാണാം. ഇതില്‍ വാസ്തവമില്ല എന്നതിനാല്‍തന്നെ സ്വയം കുറ്റം ആരോപിച്ച് പരിതപിക്കേണ്ട കാര്യവുമില്ല.
  4. കാന്‍സര്‍ ഒരു പകര്‍ച്ച വ്യാധിയല്ലാത്തതിനാല്‍ മറ്റുള്ളവരിലേക്ക് പകരുമെന്ന് ഭയക്കേണ്ടതില്ല. കുട്ടികളില്‍ കാണുന്ന ഭൂരിപക്ഷം കാന്‍സറും പാരമ്പര്യമായി ഉണ്ടാകുന്നതല്ല. അതുകൊണ്ടുതന്നെ കുട്ടിക്ക് കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടതുകൊണ്ട് അടുത്ത കുട്ടിക്കോ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കോ കാന്‍സര്‍ പിടിപെടണമെന്നില്ല.

കുട്ടികളില്‍ കാണപ്പെടുന്ന വിവിധ തരത്തിലുള്ള കാന്‍സറുകള്‍

കുട്ടികളില്‍ പ്രധാനമായും 10 തരത്തിലുള്ള കാന്‍സറുകള്‍ ഉണ്ടാകാറുണ്ട്.  ഇവയില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ബ്ലഡ് കാന്‍സറാണ് (31%).  ബ്രെയിന്‍ ട്യൂമറാണ് രണ്ടാംസ്ഥാനത്ത്. അതുകഴിഞ്ഞാല്‍ ലിംഫോമ (Lymphoma)

  1. Blood Cancer 31%
  2. Brain Cancer 26%
  3. Lymphoma 10%
  4. Soft Tissue Sarcoma 7%
  5. Neuroblastoma 6%
  6. Kidney Cancer 5%
  7. Bone Cancer 4%
  8. Gem Cell Cancer 3%
  9. Retinoblstoma 3%
  10. Liver Cancer 2%

വിവിധ തരത്തിലുള്ള കാൻസറുകൾ കുട്ടികളില്‍ പ്രത്യക്ഷപ്പെടുന്നത് വ്യത്യസ്ത രൂപത്തിലാണ്.  കാന്‍സറുകള്‍ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളും വ്യത്യസ്തമാണ്.  ഓരോ കാന്‍സറിനും വ്യത്യസ്തമായ ചികിത്സാ രീതികളാണുള്ളത്.  അതുപോലെതന്നെ ചികിത്സാ ഫലങ്ങളും വ്യത്യസ്തമായിരിക്കും.

നിങ്ങളുടെ നിർദ്ദേശങ്ങൾ

    കൂടുതൽ വിവരങ്ങൾക്ക്

    ഡോ.സൈനുൽ ആബിദിനെ ബന്ധപ്പെടുകPhone: +97156 826 7564Mail: childhoodcancerkerala@gmail.com

    Copyright © 2020 : Made with & by Webcoffee Online Solutions